വീണ്ടും ജ്വലിക്കുന്ന കനലുകൾ

modi and gujarat riot
avatar
എം അഖിൽ

Published on Apr 04, 2025, 03:26 AM | 2 min read

ഭാഗം 1 / ഭാഗം 2 / ഭാഗം 3


empuran



ഗുജറാത്ത്‌ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും എതിരായ കുറ്റകൃത്യമാണെന്നാണ് ജസ്‌റ്റിസ്‌ വി ആർ കൃഷ്ണയ്യർ അധ്യക്ഷനായ സ്വതന്ത്ര അന്വേഷണകമീഷന്റെ നിഗമനം. ആറ് തലങ്ങളിലുള്ള കടന്നാക്രമണങ്ങളാണ് 2002ൽ ഗുജറാത്തിൽ മുസ്ലിം സമൂഹത്തിനുനേരെ നടന്നതെന്നും ‘കൺസേൺഡ്‌ സിറ്റിസൺസ്‌ ട്രൈബ്യൂണൽ’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജീവനും സ്വത്തിനും നേരെയുള്ള ആക്രമണം, സാമ്പത്തികമായ ആക്രമണം, സംസ്‍കാരത്തിനും മതവിശ്വാസത്തിനും എതിരായ ആക്രമണം, സ്‌ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഇരകളുടെ പുനരധിവാസം തടയൽ, മുസ്ലിം വിഭാഗത്തെ പൊതുശത്രുവായി ചിത്രീകരിക്കാനുള്ള ഉപജാപം തുടങ്ങിയ കാര്യങ്ങളാണ് അന്ന് നടന്നതെന്നും റിപ്പോർട്ട് അക്കമിട്ടുനിരത്തി. വിഭജനത്തിന്‌ മുമ്പും ശേഷവും രാജ്യത്ത്‌ നിരവധി വർഗീയകലാപങ്ങളും സംഘർഷങ്ങളും നടന്നിട്ടുണ്ട്‌. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഭരണഘടനാപരമായ കടമകൾ കൈയ്യൊഴിയുകയും ന്യൂനപക്ഷവേട്ടയ്‌ക്ക്‌ കുടപിടിക്കുകയും ചെയ്‌ത സന്ദർഭങ്ങൾ മുമ്പുണ്ടായിട്ടില്ല.


വംശഹത്യയുടെ ​
ഗുണഭോക്താവ് ആര്

ഗുജറാത്ത്‌ വംശഹത്യയിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ അന്ന്‌ സംസ്ഥാനത്ത്‌ നിലവിലുണ്ടായിരുന്ന രാഷ്ട്രീയപശ്‌ചാത്തലംകൂടി പരിശോധിക്കണം. 1998ൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത്‌ അധികാരത്തിലെത്തിയ ബിജെപിക്ക്‌ 2000 ഡിസംബറിൽ മുൻസിപ്പൽ കോർപറേഷൻ, ജില്ലാപഞ്ചായത്ത്‌, താലൂക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം നേരിട്ടിരുന്നു. ഉറച്ചകോട്ടകളെന്ന്‌ അഭിമാനിച്ചിരുന്ന അഹമദാബാദ്‌, സൂറത്ത്‌ മുൻസിപ്പാലിറ്റികളിൽപോലും ബിജെപി പരാജയപ്പെട്ടത്‌ സംഘപരിവാറിനെ ഞെട്ടിച്ചു. 2001ൽ രണ്ട്‌ നിയമസഭാസീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി തോറ്റു. ഈ തകർച്ചയോടെ മുഖ്യമന്ത്രിയായിരുന്ന കേശുഭായ്‌ പട്ടേലിനെ നീക്കി നരേന്ദ്രമോദി മുഖ്യമന്ത്രിയായി. വെന്റിലേറ്ററിലായ പാർടിക്കും സർക്കാരിനും മോദി പുതിയ ഉണർവുണ്ടാക്കുമെന്നായിരുന്നു സംഘപരിവാറിന്റെ കണക്കുകൂട്ടൽ. 2002 ഫെബ്രുവരി 24ന്‌ മൂന്ന്‌ നിയമസഭാസീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ഫലംകൂടി വന്നതോടെ ഈ കണക്കുകൂട്ടലും തെറ്റി. കൈവശമുണ്ടായിരുന്ന രണ്ട്‌ സീറ്റുകളില്‍ കനത്ത തോല്‍വി. രാജ്‌കോട്ടിൽനിന്നും മോദി ജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി.


ബിജെപിയും സർക്കാരും വിഷമസന്ധിയിൽപെട്ട ഘട്ടത്തിലാണ്‌ ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന്റെ ‘എസ്‌ 6’ കംപാർട്ട്‌മെന്റിന്‌ തീ പിടിച്ചത്‌. ഗോധ്ര സംഭവവും ഗുജറാത്ത്‌ വംശഹത്യയും നിലവിലുള്ള എല്ലാ രാഷ്ട്രീയസാഹചര്യങ്ങളെയും ചാമ്പലാക്കി. കാലാവധി തീരുംമുമ്പ് സഭ പിരിച്ചുവിട്ട്‌ 2002 ഡിസംബറിൽ തെരഞ്ഞെടുപ്പിനെ നേരിട്ട മോദി 127 സീറ്റോടെ വീണ്ടും അധികാരത്തിലെത്തി. ‘ഗുജറാത്തിലെ പരീക്ഷണം’ മോദിയെ 2014ൽ ഡൽഹിയിൽ എത്തിച്ചു. ഗോധ്ര സംഭവവും ഗുജറാത്ത്‌ വംശഹത്യയും ഇല്ലായിരുന്നെങ്കിൽ ചരിത്രം തികച്ചും വ്യത്യസ്‌തമായേനെ.


‘എമ്പുരാൻ’ സാധാരണ പ്രേക്ഷകരെ ലക്ഷ്യമിട്ട്‌ നിർമിച്ച ആക്ഷൻത്രില്ലർ മാത്രമാണ്. അതിലെ ഒരു കഥാപാത്രത്തിന്റെ ഭൂതകാലം പറയുന്നിടത്താണ് ഗുജറാത്ത്‌ വംശഹത്യ കടന്നുവരുന്നത്‌. ഈ ദൃശ്യങ്ങളുടെ ചരിത്രവും അതിന്റെ പേരിലുള്ള ചർച്ചകളെയുമാണ് സംഘപരിവാരം ഭയക്കുന്നത്. എന്തെല്ലാം കുറവുണ്ടെങ്കിലും ‘എമ്പുരാൻ’ അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റി. ചാരം ചികഞ്ഞ്‌ കനലുകളെ വീണ്ടും ജ്വലിപ്പിച്ചു.


(അവസാനിച്ചു)



deshabhimani section

Related News

View More
0 comments
Sort by

Home