എമ്പുരാൻ തുറന്നുവിട്ട ഭൂതം
ബജ്‌റംഗിയെ മറക്കരുത് ; ഗുജറാത്ത് വംശഹത്യയുടെ ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


എം അഖിൽ
Published on Apr 01, 2025, 03:45 AM | 2 min read
എമ്പുരാനിലൂടെ വെള്ളിത്തിരയിൽ പടർന്ന ചോരയും തീയും കണ്ണീരും വെളിച്ചം വീശുന്നത് 23 വർഷം മുമ്പുള്ള ഇരുണ്ട ചരിത്രത്തിലേക്ക്. സിനിമ കണ്ട പ്രേക്ഷകർ ഗുജറാത്ത് കലാപത്തെക്കുറിച്ചും നരോദപാട്യയെക്കുറിച്ചും ബാബു ബജ്‌റംഗിയെക്കുറിച്ചും സംസാരിച്ചുതുടങ്ങി. പതിവുപോലെ സിനിമയുടെ സംവിധായകനും അഭിനേതാക്കളും അണിയറപ്രവർത്തകരും ‘രാജ്യദ്രോഹി’കളായി. സമൂഹമാധ്യമങ്ങളിൽ സംഘപരിവാറിന്റെ വെട്ടുകിളിക്കൂട്ടം മോഹൻലാലിനെയും പൃഥ്വിരാജിനെയും മല്ലിക സുകുമാരനെയുമെല്ലാം വളഞ്ഞിട്ടാക്രമിക്കുന്നു. അധികാരത്തിലുള്ള തമ്പ്രാന് അലോസരമുണ്ടാക്കിയതിന് ഖേദമറിയിക്കാനും ചിത്രത്തിൽ സ്വയം കത്രികവയ്‌ക്കാനും സിനിമയുടെ അണിയറക്കാരെ നിര്‍ബന്ധിതരാക്കും വിധം ഭീഷണമായിരിക്കുന്നു നവഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പ്. എന്നാല്‍, എത്രത്തോളം ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കിയാലും പാഠപുസ്‌തകങ്ങളിൽനിന്നും മുഖ്യധാരാമാധ്യമങ്ങളിൽനിന്നും ഗുജറാത്തിലെ വംശഹത്യയെ തുടച്ചുമാറ്റിയാലും അത് പല രൂപത്തിൽ മടങ്ങിവരുമെന്ന് ഓര്‍മപ്പെടുത്തുകയാണ് എമ്പുരാന്‍ എന്ന കലാസൃഷ്ടി. ഗുജറാത്ത് വംശഹത്യയുടെ ഇന്നലെകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
‘‘സ്‌ത്രീകളോ കുഞ്ഞുങ്ങളോ ആരുമാകട്ടെ...അവരെ കൊന്നൊടുക്കണം.. അത് തന്നെയാണ് അന്നും ഇന്നും എന്റെ നിലപാട്. അവരെ കൊല്ലണം. വെട്ടിനുറുക്കണം. കത്തിക്കണം..!. ഇക്കൂട്ടരെ കൊന്നൊടുക്കുന്നതുതന്നെ നല്ല ഹരമാണ്. എല്ലാത്തിനെയും കൊന്നുതള്ളി വീട്ടിലെത്തി ശാന്തമായി കിടന്നുറങ്ങി’’–-2007ൽ ബജ്‌റംഗ് ദൾ നേതാവായ ബാബു ബജ്‌റംഗി പറഞ്ഞു.
തെഹൽക്ക സീനിയർ കറസ്‌പോണ്ടന്റ് ആയിരുന്ന ആശിഷ് ഖേതൻ ഷർട്ടിന്റെ ബട്ടൻഹോളിൽ ഘടിപ്പിച്ച ഒളിക്യാമറ ബാബു ബജ്‌റംഗിയുടെ ആക്രോശങ്ങൾ ഒപ്പിയെടുത്തു. വിഭജനശേഷം രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയായ 2002ലെ ഗുജറാത്ത് വംശഹത്യയിൽ താനും കൂട്ടരും ചെയ്‌തുകൂട്ടിയ ‘ധീരകൃത്യങ്ങളാണ്’ ബാബുബജ്‌റംഗി വിസ്‌തരിച്ചത്. നരോദ്യപാട്യയിൽ അന്ന് ബാബുബജ്‌റംഗിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഹിംസാതാണ്ഡവത്തിൽ 97 പേരാണ് കൊല്ലപ്പെട്ടത്.
2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന് തീപിടിച്ച് 59 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഗുജറാത്തിലുണ്ടായ ആക്രമണപരമ്പരകളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികകണക്ക്. 2000 ത്തിലധികം പേർ കൊല്ലപ്പെട്ടെന്നാണ് സന്നദ്ധസംഘടനകളുടെ റിപ്പോര്‍ട്ട്. സംഘർഷങ്ങൾ തടയുന്നതിൽ ഗുജറാത്ത് പൊലീസ് പൂർണപരാജയമായിരുന്നെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ‘നിരാലംബരായ സ്‌ത്രീകളും കുട്ടികളും കത്തിയെരിയുമ്പോൾ ആധുനിക നീറോ ചക്രവർത്തി മറ്റെവിടേയോ നോക്കി ഇരിപ്പായിരുന്നു’–എന്നാണ് ജസ്‌റ്റിസ് ദൊരൈ സ്വാമി രാജു, ജസ്‌റ്റിസ് അരിജിത് പസായത്ത് എന്നിവർ അംഗങ്ങളായ ബെഞ്ച് തുറന്നടിച്ചത്. സുപ്രീംകോടതിയുടെ ഈ വിമർശത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ കരൺ ഥാപ്പർ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് അഭിമുഖത്തിൽ ചോദിച്ചു. കോടതി ഉത്തരവിൽ തനിക്കെതിരെ പരാമർശം ഇല്ലെന്നായിരുന്നു മറുപടി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ചോദ്യം ആവർത്തിച്ചപ്പോൾ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച് അഭിമുഖം അവസാനിച്ചതായി അറിയിച്ച് മോദി ഇറങ്ങിപ്പോവുകയായിരുന്നു.
(നാളെ: രക്തം മരവിപ്പിക്കുന്ന ഓർമകൾ)








0 comments