കര്‍ണാടകത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡിൽ വെട്ടിക്കൊന്നു

ബെംഗളൂരു: കര്‍ണാടകത്തിലെ യാഡ്ഗിറില്‍ നടുറോഡിൽ ആക്രമിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂര്‍ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച നാലംഗ സംഘം അഞ്ജലിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൂന്നുവര്‍ഷം മുമ്പ് അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അഞ്ജലി ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം ഗ്രീന്‍സിറ്റിക്ക് സമീപത്തുവെച്ച് അഞ്ജലിയുടെ കാര്‍ തടഞ്ഞു. പിന്നാലെ അക്രമികൾ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. അഞ്ജലിയുടെ മുഖത്തും കൈകളിലും ഉള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡ്രൈവര്‍ ഉടന്‍തന്നെ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അഞ്ജലി ഷഹാബാദ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം രണ്ടുവര്‍ഷം മുന്‍പാണ് ഇവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നാല് പ്രതികളെ യാഡ്ഗിർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.








0 comments