എമ്പുരാൻ തുറന്നുവിട്ട ഭൂതം 2
സെന്‍സര്‍ചെയ്യാന്‍ പറ്റാത്ത ഓർമകൾ


എം അഖിൽ
Published on Apr 02, 2025, 02:31 AM | 2 min read
ഗുജറാത്തില്‍ ബന്ധുക്കളുടെ മുന്നില്‍വച്ച് ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങള്‍ ‘എമ്പുരാനിൽ’ നിന്ന് വെട്ടിമാറ്റാന്‍ പറ്റിയേക്കും. എന്നാൽ ബിൽക്കിസ് ബാനുവിന്റെ ഓര്‍മകളില്‍ നിന്ന് അത് വെട്ടിമാറ്റാന്‍ സംഘപരിവാരത്തിനാകില്ല. രാജ്യത്തിന്റെ മതനിരപേക്ഷ മനസില്‍ ഇന്നും നീറിപടരുന്നുണ്ട് ആ നിഷ്ഠൂരത. അഞ്ചുമാസം ഗർഭിണിയായ ബിൽക്കിസിനെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ‘വേട്ടപ്പട്ടികൾ’ അവരുടെ പിഞ്ചുകുഞ്ഞിനെ ഉൾപ്പെടെ ആ കുടുംബത്തിലെ 14 പേരെയാണ് കൊന്നുതള്ളിയത്.
കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കൊടുംകുറ്റവാളികൾക്ക് ഗുജറാത്തിലെ ബിജെപി സർക്കാർ 2022 ആഗസ്‌തിൽ ശിക്ഷായിളവ് നൽകി. ഗോധ്രാ സബ്‌ജയിലിൽ നിന്ന് നരാധമൻമാർ പുറത്തിറങ്ങിയപ്പോൾ വിശ്വഹിന്ദുപരിഷത്ത് പൂമാലയിട്ട് സ്വീകരിച്ചു. ബിൽക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സർക്കാരും കുറ്റവാളികളും ഒറ്റക്കെട്ടാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, ശിക്ഷായിളവ് റദ്ദാക്കി കുറ്റവാളികളോട് കീഴടങ്ങാൻ ഉത്തരവിട്ടു.
സാക്കിയ ഇവിടെ ഉണ്ടായിരുന്നു
അതേസമയം, കോടതിയുടെ നേരിയ അനുഭാവം പോലും സാക്കിയ ജഫ്രി എന്ന വിധവയ്ക്ക് ലഭിച്ചില്ല. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ അക്രമികൾ ജീവനോടെ തീകൊളുത്തി കൊന്ന 69 പേരിൽ ഒരാളായ കോൺഗ്രസ് മുന്‍ എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യയായിരുന്നു സാക്കിയ. അന്ന് സ്‌ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ നിരവധി പേർ ഇഹ്‌സാൻ ജഫ്രിയുടെ വീട്ടിൽ അഭയം തേടി.
വാതിൽക്കലെത്തിയ അക്രമികളിൽനിന്ന് രക്ഷയ്‌ക്കായി അറിയാവുന്ന എല്ലാ പ്രമുഖരെയും ഇഹ്‌സാൻ ജഫ്രി ഫോണിൽ ബന്ധപ്പെട്ടു. ‘അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പോലും സഹായത്തിനായി അദ്ദേഹം വിളിച്ചു. എന്നാൽ, ശകാരങ്ങൾ മാത്രമാണ് മറുതലയ്‌ക്കൽ നിന്ന് ലഭിച്ചത് ’ കേസിലെ ദൃക്‌സാക്ഷി ഇംതിയാസ് സെയ്‌ദ്‌ഖാൻ പ്രത്യേക കോടതിയിൽ മൊഴി നൽകി. ഇതേ വസ്‌തുത സാക്കിയാജഫ്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അഭയം തേടിയവരെ രക്ഷിക്കാൻ അവസാനം വരെ പൊരുതിയ ഇഹ്‌സാൻ ജഫ്രിയെ അക്രമികൾ പുറത്തേക്ക് വലിച്ചിഴച്ച് വെട്ടിനുറുക്കി തീകൊളുത്തി. മൃതദേഹാവശിഷ്ടങ്ങൾ പോലും കുടുംബത്തിന് ലഭിച്ചില്ല. വംശഹത്യയുടെ ഇരകൾക്ക് നീതി ഉറപ്പാക്കാന്‍ 86 –ാം വയസിൽ അന്ത്യശ്വാസം വരെയും സാക്കിയ പോരാടി. വംശഹത്യക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അന്നത്തെ സർക്കാർ സംവിധാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ചൂണ്ടിക്കാണിച്ച് അവർ സുപ്രീംകോടതിയെ സമീപിച്ചു.
വാദം നടക്കുമ്പോൾ സാക്കിയയുടെ അഭിഭാഷകൻ കപിൽ സിബൽ ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തി. നരേന്ദ്രമോദിയടക്കമുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്‌ഐടി തലവൻ ആർ കെ രാഘവനെ 2017ൽ സൈപ്രസ് ഹൈകമീഷണറാക്കിയത് ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്‌മരണ’യാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. സാക്കിയയുടെ ഹർജി ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തള്ളി. ‘ഉന്നതരെ അനാവശ്യമായി കേസിൽ കുടുക്കാൻ ശ്രമിച്ച’ പൗരാവകാശപ്രവര്‍ത്തക ടീസ്‌ത സെതൽവാദ് ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കാനും ഉത്തരവിട്ടു. വിരമിച്ച ഉടന്‍ ജസ്‌റ്റിസ് എ എം ഖാൻവിൽക്കർ 2024 മാർച്ചിൽ ലോക്‌പാലായി അധികാരമേറ്റു.
(തുടരും)
എമ്പുരാൻ വിഷയം ചർച്ച ചെയ്യണമെന്ന് പാര്‍ലമെന്റിൽ ഇടതുപക്ഷ അംഗങ്ങൾ
എമ്പുരാൻ സിനിമയ്‌ക്ക് എതിരായ ഭീഷണികളിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കൽ കത്തിവയ്ക്കാനുള്ള നീക്കങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, പി സന്തോഷ്‌കുമാർ, ജോസ് കെ മാണി എന്നിവരാണ് നോട്ടീസ് നൽകിയത്.
എമ്പുരാന് എതിരായ ഭീഷണികൾ കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർടിയുടെ പിന്തുണയോടെ രാജ്യത്തുടനീളം ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സെൻസർ ചെയ്‌ത് തിയറ്ററുകളിൽ പ്രദർശനം നടത്തുന്ന സിനിമ വീണ്ടും സെൻസർ ചെയ്‌ത് പുതിയ പതിപ്പ് ഇറക്കേണ്ടി വരുന്നത് അസാധാരണമായ സംഭവമാണ്. സിനിമാപ്രവർത്തകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭരണഘടന വാഗ്‌ദാനം ചെയ്‌തിട്ടുള്ള അവകാശങ്ങളെ ഹനിക്കാനുള്ള കുടില നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇടതുപക്ഷ അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. എമ്പുരാൻ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ചില കോൺഗ്രസ് അംഗങ്ങൾ ലോക്‍സഭയിൽ നോട്ടീസ് നൽകിയിരുന്നു. രാജ്യസഭയിൽ ആർജെഡി എംപി മനോജ് ത്സായും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരായ കടന്നാക്രമങ്ങളെ രൂക്ഷമായി വിമർശിച്ചു.









0 comments