ഡൽഹി സ്ഫോടനം

രണ്ട് ഡോക്ടർമാരുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; അൽ-ഫലാഹ് സർവകലാശാലയ്‌ക്കെതിരെ എഫ്‌ഐആർ

nia delhi blast
വെബ് ഡെസ്ക്

Published on Nov 15, 2025, 09:51 PM | 1 min read

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ ഡ്രൈവർ ഡോ. ഉമർ നബിയുമായി പരിചയമുള്ള അൽ-ഫലാ സർവകലാശാലയിലെ ഡോക്ടർമാരായ മുഹമ്മദ്, മുസ്തകീം എന്നിവരാണ് പിടിയിലായത്.


ദൗജ്, നൂഹ് പ്രദേശങ്ങളിൽ സ്‌പെഷ്യൽ സെല്ലും എൻ‌ഐ‌എയും നടത്തിയ റെയ്ഡിലാണ് ഇവർ കസ്റ്റഡിയിലാകുന്നത്. "വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ" സംബന്ധിച്ച അന്വേഷണത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി മുഹമ്മദും മുസ്തകീമും ബന്ധപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഇരുവരും ഉമറിന്റെ അടുത്ത കൂട്ടാളികളുമായിരുന്നു.


സ്ഫോടനം നടന്ന ദിവസം എയിംസിൽ അഭിമുഖത്തിനായി ഹാജരാകാൻ ഡോക്ടർമാരിൽ ഒരാൾ ഡൽഹിയിലായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. സ്ഫോടനത്തിലെ ​ഗൂഢാലോചനയിൽ ഇവരുടെ പങ്ക് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്. 13 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്‌ഫോടനവും സർവകലാശാലയുമായി ബന്ധപ്പെട്ട വ്യക്തികളുടെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള മൾട്ടി ഏജൻസി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.


ലൈസൻസില്ലാതെ വളം വിറ്റതിന് ദിനേശ് എന്നൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ വാങ്ങാൻ ഭീകര സംഘടനയിലെ അംഗങ്ങൾ ഏകദേശം 26 ലക്ഷം രൂപ സ്വരൂപിച്ചതായും അതിൽ നിന്ന് 3 ലക്ഷം രൂപ ബോംബുണ്ടാക്കാൻ ഉപയോഗിക്കുന്ന എൻ‌പി‌കെ വളം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് ദിനേശ് വളം വിറ്റോ എന്നത് അന്വേഷിച്ചുവരികയാണ്.


യുജിസിയും എൻഎഎസിയും ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ അൽ-ഫലാഹ് സർവകലാശാലയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സർവകലാശാലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സർവകലാശാലയുടെ പ്രവർത്തനത്തിലെ വലിയ ക്രമക്കേടുകൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.




deshabhimani section

Related News

View More
0 comments
Sort by

Home