print edition അദാനി, ബിജെപി ബന്ധം ചോദ്യംചെയ്‌തു: മുൻ കേന്ദ്രമന്ത്രി ആര്‍ കെ സിങ്ങിനെ ബിജെപി സസ്‍പെൻഡ് ചെയ്‌തു

പട്ന: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മാണോദ്ഘാടനം നടത്തിയ ഗൗതംഅദാനിയുടെ സ്വകാര്യ താപനിലയ പദ്ധതിക്കെതിരെ രംഗത്തെത്തിയ മുൻ കേന്ദ്ര ഊര്‍ജമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍ കെ സിങ്ങിനെതിരെ നടപടിയുമായി ബിജെപി. അച്ചടക്കലംഘനം ആരോപിച്ച് സിങ്ങിനെ ബിജെപി സസ്‍പെൻഡ് ചെയ്‌തു. ബിജെപി ബന്ധം ഉപേക്ഷിച്ചതായി ആര്‍ കെ സിങ് പ്രഖ്യാപിച്ചു.
ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരിയടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് ആര്‍ കെ സിങ് നടത്തിയത്. അദാനി പവറിന്റെ പദ്ധതി അംഗീകരിച്ചതിലൂടെ സംസ്ഥാനത്തിന് 62,000 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. മോദിയുടെ ഉറ്റചങ്ങാതി അദാനിക്കെതിരെ പരസ്യവിമര്‍ശം നടത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. താപനിലയത്തിനായി ഏക്കറിന് ഒരു രൂപ നിരക്കിൽ 1,020 ഏക്കര്‍ ഭൂമി 25 വര്‍ഷത്തേക്കാണ് സംസ്ഥാനം അദാനിക്ക് കൈമാറിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍ കെ സിങ് 2014ലാണ് ബിജെപിയിലെത്തിയത്. മോദി സര്‍ക്കാരിൽ 2017 മുതൽ 2024 വരെ ഊര്‍ജ മന്ത്രിയായിരുന്നു.
എംഎൽസി അശോക് കുമാര്‍ അഗര്‍വാള്‍, ഭാര്യയും കടിഹാര്‍ മേയറുമായ ഉഷ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയും നടപടിയെടുത്തു. ബിജെപിയുടെ സിറ്റിങ് എംഎൽഎക്കെതിരെ കടിഹാര്‍ മണ്ഡലത്തിൽ ഇവരുടെ മകൻ സൗരഭ് മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്നു.









0 comments