സൈബർ തട്ടിപ്പ് സംഘത്തിൽനിന്ന് യുവാവിനെ മോചിപ്പിച്ചു

വടകര
മ്യാൻമർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ കോൾ സെന്റർ തട്ടിപ്പുസംഘത്തിൽനിന്ന് വിദേശകാര്യ മന്ത്രാലയവും തായ്‌ലൻഡ് സർക്കാരും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരിൽ അത്തോളി സ്വദേശിയായ യുവാവും. കഴിഞ്ഞ ഒക്ടോബർ 13ന് രക്ഷപ്പെടുത്തിയ യുവാവ് നാട്ടിൽ തിരിച്ചെത്തി. ഫേസ്‌ബുക്കിലൂടെ തായ്‌ലൻഡിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യാനുള്ള ജോലിക്കായി അപേക്ഷിച്ച യുവാവാണ് സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിലായത്.
ബാങ്കോക്കിലേക്കുള്ള വിമാന ടിക്കറ്റ് സംഘം യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. ബാങ്കോക്കിലെത്തിയ യുവാവിനെ സൈബർ തട്ടിപ്പ് സംഘം അവിടെനിന്ന് മ്യാൻമറിലെ കെ കെ പാർക്കിലെ കോൾ സെന്ററിലെത്തിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പുനടത്താൻ നിർബന്ധിക്കുകയായിരുന്നു. യുവാവിന്റെ പാസ്പോർട്ട് തട്ടിപ്പ് സംഘം പിടിച്ചെടുത്തിരുന്നു. ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യക്കാരാണ് ഈ കോൾ സെന്ററിൽ ജോലിചെയ്ത് സൈബർ തട്ടിപ്പ് നടത്തിയിരുന്നത്. എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ ഡൽഹിയിലെത്തിച്ചത്. സൈബർ പൊലീസ് യുവാവിൽനിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ചു.
സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴിയും മറ്റും തായ്‌ലൻഡ്, കമ്പോഡിയ, മ്യാൻമർ തുടങ്ങിയ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.








0 comments