കള്ളനോട്ടും പ്രിന്ററുമായി വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

മനാഫ് താഴത്ത്
Published on Nov 16, 2025, 02:37 AM | 2 min read
ഫറോക്ക്
കള്ളനോട്ട് അച്ചടിച്ച് വിതരണംചെയ്ത രണ്ട് ബിരുദ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര വൈദ്യരങ്ങാടി ഹൈസ്കൂൾ റോഡിന് സമീപം കണ്ണന്തറ മേത്തൽ തൊടി കെ ദിജിൻ (19), മലപ്പുറം കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര ഭരണിക്കുന്ന് ഹൗസ് സി അതുൽ കൃഷ്ണ (19), അരീക്കോട് പേരാട്ടമ്മൽ തിരുത്തിപ്പറമ്പിൽ വീട്ടിൽ അംജത് ഷാ(19), പേരാട്ടമ്മൽ തയ്യിൽ വീട്ടിൽ അഫ്നാൻ, കോഴിക്കോട് മുക്കം മണാശേരി നെല്ലിക്കാപ്പറമ്പ് കയ്യൂന്നുമ്മൽ വീട്ടിൽ കെ സാരംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 500 രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളും കണ്ടെടുത്തു.
രാമനാട്ടുകര, മുക്കം, കൊണ്ടോട്ടി, അരീക്കോട് എന്നിവിടങ്ങളില്‍ വെള്ളി രാത്രി മുതൽ ശനി ഉച്ചവരെ നടത്തിയ റെയ്ഡുകളിലാണ് അഞ്ചുപേരും പിടിയിലായത്. ഇവരിൽനിന്ന് 500 രൂപയുടെ 55 കള്ളനോട്ടുകൾ, 30 എ 4 ഷീറ്റുകൾ, പ്രിന്റർ എന്നിവയും പിടിച്ചെടുത്തു. ആദ്യം പിടിയിലായ ദിജിൻ ബിജെപി ബേപ്പൂർ മണ്ഡലം നേതാവ് ഷൈമ കണ്ണന്തറയുടെ മകനും മലപ്പുറം ജില്ലയിലെ മുതിർന്ന ബിജെപി നേതാവ് ചമ്മിണി ബാലകൃഷ്ണന്റെ പേരക്കുട്ടിയുമാണ്. ഷൈമ രാമനാട്ടുകര നഗരസഭയിലെ ബിജെപി സ്ഥാനാർഥി പട്ടികയിലുൾപ്പെട്ടതായുള്ള സമൂഹമാധ്യമ പോസ്റ്റുകളും വന്നിരുന്നു.
രാമനാട്ടുകര ഭാഗത്ത് ഒരാൾ കള്ളനോട്ട് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഫറോക്ക് അസി. കമീഷണർ എ എം സിദ്ദീക്കിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത്, എസ്ഐമാരായ സജിനി, മിഥുൻ എന്നിവരുൾപ്പെട്ട ഫറോക്ക് പൊലീസ് സംഘവും റെയ്‌ഡ് നടത്തുകയായിരുന്നു. ആദ്യം രാമനാട്ടുകര വൈദ്യരങ്ങാടിയിൽനിന്ന് 500ന്റെ 35 കള്ളനോട്ടുകളുമായി ദിജിനാണ് പിടിയിലായത്. തുടർന്ന് ഇയാൾക്ക് കള്ളനോട്ട് നൽകിയ അതുൽ കൃഷ്ണയും അതുലിന് നോട്ടുകൾ കൈമാറിയ അരീക്കോട് സ്വദേശികളായ അംജത്ഷാ, അഫ്നാൻ എന്നിവരും പിടിക്കപ്പെട്ടു. അംജതിന്റെ വീട്ടിൽനിന്നാണ് 500 രൂപയുടെ നോട്ടുകൾ പ്രിന്റ് ചെയ്ത 30 എ 4 ഷീറ്റുകൾ കണ്ടെടുത്തത്. ഇവർക്ക് കള്ളനോട്ടുകൾ പ്രിന്റ് ചെയ്ത് വിതരണംചെയ്യുന്ന സാരംഗിനെ മുക്കം മണാശേരിയിലെ വാടക വീട്ടിൽനിന്നാണ് കസ്‌റ്റഡിയിലെടുത്തത്. ഇവിടെ നിന്നാണ് നോട്ടടിക്കുന്ന പ്രിന്റർ പിടിച്ചെടുത്തത്.
ദിജിൻ പെയിന്റിങ്ങും അതുൽ സോളാർ ഫിറ്റിങ് ജോലിയുമാണ് ചെയ്യുന്നത്. അംജദ് ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയും അഫ്നാൻ ബിഎ ചരിത്ര വിദ്യാർഥിയുമാണ്. ഫറോക്ക് എസിപി സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, എസ്‌സിപിഒമാരായ അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഐ ടി വിനോദ്, സിപിഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും റെയ്ഡിലുണ്ടായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.








0 comments