print edition വിലക്കയറ്റം തിരിച്ചടിയായി: ഭക്ഷ്യോൽപ്പന്നങ്ങളുടെ തീരുവ കുറച്ച് ട്രംപ്

വാഷിങ്‌ടൺ: തലതിരിഞ്ഞ നയങ്ങൾ തിരിച്ചടിക്കുകയും വിപണിയിൽ വില കുതിക്കുകയും ചെയ്‌തതോടെ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ചുമത്തിയ ഇറക്കുമതിത്തീരുവ കുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാപ്പി, വാഴപ്പഴം, ബീഫ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങളെ തീരുവയിൽനിന്ന് ഒഴിവാക്കി. ഇന്ത്യയിൽനിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന മാങ്ങ, മാതള നാരങ്ങ, തേയില തുടങ്ങിയ ഉൽപ്പന്നങ്ങളും തീരുവ ഒഴിവാക്കിയ ഉൽപ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ന്യൂയോർക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ അടക്കം നേരിട്ട കനത്ത പരാജയവും തീരുവ പിൻവലിക്കാന്‍ വഴിവെച്ചു.
എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും ഇന്ത്യ, ബ്രസീൽ, ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അധിക തീരുവകളും ട്രംപ് സർക്കാർ ഏര്‍പ്പെടുത്തിയിരുന്നു. ഇറക്കുമതി ചെയ്യുന്ന വിദേശ ഉൽപ്പന്നങ്ങൾക്ക് തീരുവ കൂട്ടിയാലും രാജ്യത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്ന നിലപാടിലായിരുന്നു ട്രംപ്. എന്നാൽ തീരുവ കൂട്ടിയതോടെ ഭക്ഷ്യവസ്‌തുക്കൾക്ക് വില കുതിച്ചുകയറി. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്‌ത പല ഉൽപ്പന്നങ്ങൾക്കും യുഎസ് വിപണിയിൽ 30 ശതമാനംവരെ വില കൂടിയതായാണ് റിപ്പോർട്ട്. വിലക്കയറ്റത്തെത്തുടർന്നുള്ള ജനരോഷം തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചു.
കൊക്കോ, വാനില ബീന്‍സ്, ബീഫ് ഉല്‍പ്പന്നങ്ങള്‍, അവോക്കാഡോ, തേങ്ങ, പേരയ്ക്ക, ചെറുനാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍, വിവിധയിനം മുളകുകള്‍, തക്കാളി, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, കറി പൗഡര്‍, പെരുംജീരകം, ഇഞ്ചി, ജാതിപത്രി, ജാതിക്ക, കുങ്കുമപ്പൂവ്, മഞ്ഞള്‍, കശുവണ്ടി, മരച്ചീനി, ചേമ്പ് തുടങ്ങിയവയുടെ തീരുവയും ഒഴിവാക്കി.








0 comments