print edition തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും തീയതി നീട്ടണം: സിപിഐ എം


സ്വന്തം ലേഖകൻ
Published on Nov 16, 2025, 10:51 PM | 1 min read
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും എസ്‌ഐആർ മാറ്റിവയ്ക്കണമെന്ന് സിപിഐ എം. ഇതിനായില്ലെങ്കിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനുള്ള തീയതി നീട്ടണമെന്നും വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശനിയാഴ്ച വിളിച്ചുചേർത്ത നാലാമത്തെ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ എസ്‌ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന പിടിവാശിയിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിൻവാങ്ങണം. പാർടികളുടെ അഭിപ്രായം പരിഗണിക്കാതെ നടപടിയുമായി മുന്നോട്ടുപോയാൽ എസ്‌ഐആർ ഫലപ്രദമായി പൂർത്തിയാക്കാനാകില്ല. ഉദ്യോഗസ്ഥരുമായി വോട്ടർമാർ സംഘർഷത്തിലേക്കുപോകുന്ന സ്ഥിതിയുണ്ടാകും. അതൊഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ചട്ടുകമായി മാറി. പൗരത്വ ഭേദഗതി നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണിത്. സംസ്ഥാനത്ത് 68 നിയോജകമണ്ഡലങ്ങളിൽ ഭൂരിഭാഗം വോട്ടർമാർക്കും ഫോം ലഭിച്ചിട്ടില്ല. ഡിസംബർ നാലിനകം പൂരിപ്പിച്ച് തിരികെ നൽകുക അസാധ്യമാണ്. ഫോമിലെ ചോദ്യങ്ങളിൽ ആശയക്കുഴപ്പമുണ്ട്. ബിഎൽഒമാർക്ക് സംശയങ്ങൾ ദുരീകരിക്കാനാകുന്നില്ല. വോട്ടറുടെ ബന്ധുവിന്റെ വിശദാംശങ്ങൾ നൽകണമെന്ന് പറയുന്ന ഭാഗത്ത് ‘ബന്ധു’ എന്നതുകൊണ്ട് എന്താണ് നിർവചിക്കുന്നതെന്ന് വ്യക്തമല്ല. ഉദ്യോഗസ്ഥർ വലിയ സമ്മർദത്തിലാണ്. എസ്‌ഐആറിനുവേണ്ടി നിയോഗിച്ച പകുതിപേർക്കും തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകളുണ്ട്. ഫോം വിതരണത്തിൽ കൃത്രിമം കാണിച്ച് വ്യാജ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ചെന്ന് പരാതികളുമുണ്ട്. യോഗത്തിനുവേണ്ടി കള്ളക്കണക്ക് ഉണ്ടാക്കിയതാണോയെന്ന് സംശയമുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
സമയം നീട്ടിയാലും കുഴപ്പമില്ലെന്ന് ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ എസ്‌ഐആർ നീട്ടിയാലും കുഴപ്പമില്ലെന്ന് ബിജെപി പ്രതിനിധി. എന്തു പ്രശ്നമുണ്ടായാലും എസ്‌ഐആറുമായി മുന്നോട്ടുപോകണമെന്നാണ് കഴിഞ്ഞ മൂന്ന് യോഗത്തിലും ആവശ്യപ്പെട്ടത്. ജെ ആർ പത്മകുമാറാണ് നാലാമത്തെ യോഗത്തിൽ പുതിയ നിലപാട് അറിയിച്ചത്. എന്യൂമറേഷൻ ഫോം വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ബിഎൽഒമാർക്ക് പല കാര്യത്തിലും ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.








0 comments