ജില്ലാപഞ്ചായത്ത്
യുഡിഎഫിന്റെ 10 വർഷം: പാഴാക്കിയത് 100 കോടി


സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:11 AM | 1 min read
കൊച്ചി
പത്തുവർഷമായി ജില്ലാപഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് പാഴാക്കിക്കളഞ്ഞത് 100 കോടിയിലധികം രൂപ. ഭരണസമിതിക്ക് നേതൃത്വം നൽകിയ കോൺഗ്രസ്, ജില്ലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാതെ സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതിവിഹിതം പാഴാക്കിക്കളയുകയായിരുന്നു. 201 6–17 മുതൽ 2024–25വരെ 559.31 കോടിരൂപയാണ് സംസ്ഥാന സർക്കാർ ജില്ലാപഞ്ചായത്തിന് നൽകിയത്. ഇതിൽ ചെലവഴിച്ചത് 440.74 കോടിമാത്രം. പാഴാക്കിക്കളഞ്ഞത് 118.57 കോടി രൂപ.
പട്ടികജാതി വികസന ഫണ്ടിലെ 33.73 കോടി രൂപ പാഴാക്കി. 145.72 കോടി ലഭിച്ചതിൽ 111.99 കോടിമാത്രമാണ് ചെലവഴിച്ചത്. പട്ടികവർഗ വികസന ഫണ്ടിലെ ഒരുകോടി രൂപയും പാഴാക്കി. പ്രാദേശിക വികസനഫണ്ടിലെ 100 കോടിയോളം രൂപയും പദ്ധതികളില്ലാത്തതിനാൽ നഷ്ടമായി. 10 വർഷത്തിനിടെ ഭാവനാപൂർണവും സമഗ്രവുമായ ഒരുപദ്ധതിയും നടപ്പാക്കാൻ ജില്ലാപഞ്ചായത്തിനായില്ലെന്ന് കണക്കുകൾ അടിവരയിടുന്നു.
തീരദേശത്തിന് അവഗണന
തീരദേശമേഖലയ്‌ക്കായി വിഭാവനംചെയ്‌ത പദ്ധതികൾ ഇപ്പോഴും കടലാസിലാണ്.
തീരദേശ റോഡുകളിൽ അടിയുന്ന മണ്ണ് നീക്കാനുള്ള പദ്ധതി നടപ്പാക്കിയില്ല. മത്സ്യവിഭവങ്ങൾ ലഭിക്കുന്ന ‘ഫുഡ്‌സ്‌ട്രീറ്റ്’ ആരംഭിക്കുമെന്നതും വാഗ്‌ദാനത്തിലൊതുങ്ങി. മത്സ്യത്തൊഴിലാളികൾക്കായി വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതും പാഴായി. തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികളും വിജയിച്ചില്ല. സ്‌ത്രീകളുടെ ഗ്രൂപ്പുകൾക്ക് മത്സ്യം ഉണക്കി വിൽക്കാനുള്ള ഡ്രയറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി.
കാർഷിക പ്രധാനമായ മലയോരമേഖലയും സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലകളും ഉൾപ്പെടുന്ന ജില്ലയിൽ സമഗ്ര വികസന കാഴ്‌ചപ്പാടോടെയുള്ള പദ്ധതികളൊന്നും നടപ്പായില്ല. ഉന്നതവിദ്യാഭ്യാസ മേഖലയും ടൂറിസംരംഗവും അവഗണിക്കപ്പെട്ടു.









0 comments