print edition അടിത്തറ ഉലയാതെ മഹാസഖ്യം; ഇടതുപക്ഷ പാർടികൾക്ക് വോട്ട് കൂടി


സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:11 AM | 2 min read
ന്യൂഡൽഹി: ബിഹാറിൽ 35 സീറ്റിലേക്ക് ഒതുങ്ങിയെങ്കിലും മഹാസഖ്യത്തിന്റെ വോട്ടുനിലയിലും വോട്ടുശതമാനത്തിലും വർധന. 2020 തെരഞ്ഞെടുപ്പിൽ 37.23 ശതമാനം വോട്ടാണ് മഹാസഖ്യത്തിന് ലഭിച്ചത്. ആകെ ലഭിച്ച വോട്ട് 1.57 കോടി. ഇൗ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ വോട്ടുശതമാനം 37.94 ശതമാനമായി. ലഭിച്ച വോട്ടുകളുടെ എണ്ണമാകട്ടെ 1.86 കോടിയായി. 0.73 ശതമാനം വോട്ട് കൂടി. 29 ലക്ഷം വോട്ടുകൾ കൂടുതലായി കിട്ടി.
പ്രധാന കക്ഷിയായ ആർജെഡിയുടെ വോട്ടുശതമാനത്തിൽ നേരിയ കുറവ് മാത്രം. 2020 തെരഞ്ഞെടുപ്പിൽ ലഭിച്ച 23.11 ശതമാനമെന്നത് 23ലേക്ക് കുറഞ്ഞു. അതേസമയം വോട്ടുകളുടെ എണ്ണം വർധിച്ചു. 2020ൽ 97.38 ലക്ഷം വോട്ടാണ് ലഭിച്ചത്. ഇക്കുറി 1.16 കോടിയിലേക്ക് വർധിച്ചു. 2020 ൽ 9.48 ആയിരുന്ന കോൺഗ്രസിന്റെ വോട്ടുശതമാനം 8.71 ശതമാനമായി കുറഞ്ഞു.
ചിരാഗ് പസ്വാന്റെ എൽജെപിയും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌മോർച്ചയും പുതിയ കക്ഷികളായി എത്തിയതാണ് എൻഡിഎയുടെ കുതിപ്പിന് വഴിയൊരുക്കിയത്. 2020ൽ തനിച്ച് മത്സരിച്ച പസ്വാന്റെ എൽജെപി 4.5 ശതമാനം വോട്ടും കുശ്‌വാഹ 1.77 ശതമാനം വോട്ടും പിടിച്ചിരുന്നു. ഇക്കുറി പസ്വാൻ 4.97 ശതമാനം വോട്ടും കുശ്‌വാഹ 1.06 ശതമാനം വോട്ടും പിടിച്ചു. ബിജെപിയുടെ വോട്ടുശതമാനം 0.62 ഉം ജെഡിയുവിന്റെ വോട്ടുശതമാനം 3.86 ഉം വർധിച്ചു.
ഇടതുപക്ഷ പാർടികൾക്ക് വോട്ട് കൂടി
ബിഹാറിൽ സീറ്റുകൾ കുറഞ്ഞെങ്കിലും ഇടതുപക്ഷ പാർടികൾക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം ഒന്നര ലക്ഷത്തോളം വർധിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടികൾക്ക് 19.57 ലക്ഷം വോട്ടായിരുന്നു ലഭിച്ചത്, ഇത്തവണ 21 ലക്ഷമായി. വോട്ടിങ് ശതമാനത്തിലും വലിയ കുറവുണ്ടായില്ല. 2020ൽ 4.64 ശതമാനം വോട്ടാണ് ലഭിച്ചത്, ഇത്തവണ 4.18 ശതമാനം.
20 സീറ്റിൽ മത്സരിച്ച സിപിഐ എംഎല്ലിന് 2.84 ശതമാനം വോട്ടുകിട്ടി. നാല് സീറ്റിൽ മത്സരിച്ച സിപിഐ എമ്മിന് 3.01 ലക്ഷം വോട്ട് കിട്ടി (0.60 ശതമാനം). ഒമ്പത് സീറ്റിൽ മത്സരിച്ച സിപിഐയ്‌ക്ക് 3.73 ലക്ഷം വോട്ട് കിട്ടി (0.74 ശതമാനം). മൂന്ന് സിറ്റീലാണ് ഇടതുപക്ഷ പാർടികൾക്ക് ജയിക്കാനായത്. സിപിഐ എം ഒരു സീറ്റിൽ ജയിക്കുകയും മൂന്നിടത്ത് രണ്ടാമതെത്തുകയും ചെയ്‌തു. സിപിഐ എംഎൽ രണ്ട് സീറ്റിൽ ജയിച്ചപ്പോൾ 16 സീറ്റിൽ രണ്ടാമതെത്തി. സിപിഐ അഞ്ച് സീറ്റിൽ രണ്ടാമത് വന്നു. അജിയോൺ മണ്ഡലം 95 വോട്ടിനാണ് സിപിഐ എംഎല്ലിന് നഷ്‌ടമായത്. മറ്റ് നാലിടങ്ങളിൽ സിപിഐ എംഎൽ തോറ്റത് മൂവായിരത്തിൽ താഴെ വോട്ടിന്.









0 comments