മോദിക്ക് ഓർമയുണ്ടോ വാജ്‌പേയിയുടെ ‘ധർമോപദേശം’

നരോദ്യപാട്യ കൂട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ട ബാബു ബജ്‌റംഗി എൽ കെ അദ്വാനി, നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ക്കൊപ്പം (ഫയൽ ചിത്രം)

എം അഖിൽ
Published on Apr 03, 2025, 03:15 AM | 2 min read
ഭാഗം 1 / ഭാഗം 2

‘ എനിക്ക് മുഖ്യമന്ത്രിക്ക് നൽകാനുള്ള ഏക ഉപദേശം ഇതാണ് –- താങ്കൾ രാജധർമം പാലിക്കണം. രാജധർമം...ആ വാക്കിന് വലിയ അർഥങ്ങളുണ്ട്. രാജാവായാലും ഭരണാധികാരിയാലും പ്രജകൾ തമ്മിൽ ഭേദം കാണിക്കരുത്. ജന്മത്തിന്റെയോ ജാതിയുടെയോ വർഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഭേദഭാവങ്ങൾ കാണിക്കരുത്’’–2002ൽ പ്രധാനമന്ത്രിയായിയായിരുന്ന എ ബി വാജ്‌പേയി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൈയകലത്ത് ഇരുത്തി നൽകിയ ‘ഉപദേശ’മായിരുന്നു ഇത്.
ഗുജറാത്ത് വംശഹത്യയെ തുടർന്നുള്ള സാഹചര്യം വിലയിരുത്തിയ ശേഷം അഹമ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ ഒടുവിലാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകാനുള്ള ഉപദേശം എന്താണെന്ന് ചോദിച്ചത്. ഒന്നാലോചിച്ച ശേഷം വാജ്പേയ് നൽകിയ ‘ഉപദേശം’ കേട്ടതോടെ മോദിയുടെ ഭാവം മാറി. വാജ്‌പേയിയോട് ചേർന്ന് ‘ഞാൻ അത് തന്നെയാണ് ചെയ്യുന്നത്’– അദ്ദേഹം മന്ത്രിച്ചു. ഗുജറാത്ത് വംശഹത്യക്ക് ശേഷം മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ വാജ്‌പേയി തീരുമാനിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എൽ കെ അദ്വാനി ഇടപെട്ടാണ് വാജ്‌പേയിയുടെ നീക്കം തടഞ്ഞതെന്ന് മുൻ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്‌സിൻഹ വെളിപ്പെടുത്തിയിട്ടുണ്ട്. മോദിയെ മാറ്റണമെന്ന നിർദേശം ബിജെപി പാർലമെന്ററി പാർടി യോഗം തള്ളിയപ്പോൾ തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് വാജ്‌പേയ് വാശി പിടിച്ചു. അന്ന് പാർടി അധ്യക്ഷനായ വെങ്കയ്യനായിഡു ഇടപെട്ടാണ് വാജ്‌പേയിയെ അനുനയിപ്പിച്ചത്.
‘പട്ടിക്കുഞ്ഞിന്റെ ഉപമ’
സംഘർഷങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടോ?, ഇത്രയും ജീവനുകൾ നഷ്ടപ്പെട്ടതിൽ ഖേദമുണ്ടോ?–- തുടങ്ങിയ ചോദ്യങ്ങൾ ചില മാധ്യമങ്ങൾ മോദിയോട് പലകാലങ്ങളിൽ ഉന്നയിച്ചിട്ടുണ്ട്. 2013ൽ റോയ്‌ട്ടേഴ്‌സ് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ ഈ ചോദ്യത്തിന് മോദിയുടെ മറുപടി വിവാദ കൊടുങ്കാറ്റ് ഉയർത്തി. ‘ഞാൻ യാത്ര ചെയ്യുന്ന കാർ ഒരു പട്ടിക്കുഞ്ഞിന്റെ മുകളിൽ കയറിയാൽ വിഷമമുണ്ടാകില്ലേ? കാറിന്റെ പിൻസീറ്റിലാണ് ഞാനെങ്കിലും വിഷമമുണ്ടാകും. മുഖ്യമന്ത്രി ആയാലും അല്ലെങ്കിലും ഞാനും മനുഷ്യനാണ്. വിഷമമുണ്ടാകും’– എന്നായിരുന്നു മറുപടി.
ഗുജറാത്ത് വംശഹത്യാവേളയിൽ മോദി ‘രാജധർമം’ പാലിച്ചിരുന്നോയെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസ് തീപിടിച്ച് വെന്തെരിഞ്ഞവരുടെ മൃതദേഹങ്ങൾ അന്ന് വൈകിട്ട് തന്നെ അഹമ്മദാബാദിൽ എത്തിക്കുകയും പൊതുദർശനത്തിന് വയ്‍ക്കുകയും ചെയ്‌ത സംഭവത്തിന് ഗുജറാത്ത് വംശഹത്യയുമായി വലിയ ബന്ധമുണ്ട്. സംഘർഷങ്ങൾ കത്തിപ്പടരാനുള്ള പ്രധാനകാരണമായി ഈ നടപടിയെ വിലയിരുത്തുന്നവരുണ്ട്. ആ തീരുമാനം എടുത്തത് ആരാണ്? അന്ന് അഹമ്മദാബാദ് പൊലീസ് കമീഷണറായിരുന്ന പി സി പാണ്ഡ്യയുടെ മൊഴി പ്രകാരം ‘ആ തീരുമാനം എടുത്തത് ഏറ്റവും മുകളിലുള്ളവർ ആയിരുന്നു’. ആ തീരുമാനമെടുത്തത് മുഖ്യമന്ത്രിയാകാമെന്നാണ് അന്ന് ആഭ്യന്തരസഹമന്ത്രിയായിരുന്ന ഗോർധൻ സദാഫിയ നാനാവതി കമീഷൻ മുമ്പാകെ നൽകിയ മൊഴി.
2002 ഫെബ്രുവരി 27ന് ശേഷമുള്ള മൂന്ന് ദിവസം കൊലയാളി സംഘങ്ങളെ സംബന്ധിച്ചിടത്തോളം എന്തിനും ഏതിനും ലൈസൻസ് കിട്ടിയ ദിവസങ്ങളായിരുന്നു. പൊലീസ് പലപ്പോഴും കാഴ്‌ച്ചക്കാരായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ട്. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ബജ്‌റംഗ് ദൾ നേതാവ് ബാബു ബജ്‌റംഗി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രി വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ‘പൊലീസിനോട് മയത്തിൽ പോയാൽ മതിയെന്ന്’–- നിർദേശമുണ്ടായതായി റവന്യുവകുപ്പ് സഹമന്ത്രിയായിരുന്ന ഹരേൺപാണ്ഡ്യ ‘ഔട്ട്‌ലുക്ക്’ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതേകാര്യം ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്‌ജീവ്‌ഭട്ടും ആവർത്തിച്ചിട്ടുണ്ട്. ഹരേൺപാണ്ഡ്യ 2003 മാർച്ചിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഞ്‌ജീവ്‌ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് രാജ്‌കോട്ട് ജയിലിലാണ്.
(തുടരും)









0 comments