ലോകത്തെ 31 സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിൽ ഊരാളുങ്കലും

തിരുവനന്തപുരം: കേരളത്തിലെ നൂറുവർഷം ചരിത്രമുള്ള തൊഴിലാളിസഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ ആസ്ഥാനം ഇനി ‘ലോക സഹകരണസാംസ്കാരിക പൈതൃകകേന്ദ്രം’ (World Cooperative Cultural Heritage Site). ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാ(ICA)ണു പ്രഖ്യാപനം നടത്തിയത്.
ലോകസഹകരണപ്രസ്ഥാനത്തിന്റെ സാംസ്കാരികപൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയമാണ് യുഎൽസിസിഎസിനെ കൂടാതെ ഉള്ളത്. ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴു കേന്ദ്രങ്ങളാണുള്ളത്.
സഹകരണസാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, ‘കോപറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും’ (www.culturalheritage.coop) ഐസിഎ ഔദ്യോഗികമായി പ്രകാശനം ചെയ്തു. സഹകരണപ്രസ്ഥാനം തലമുറകളിലൂടെ എങ്ങനെ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തി എന്നതു പ്രതിപാദിക്കുന്നതാണു ഭൂപടം. സഹകരണപ്രസ്ഥാനത്തിന്റെ ജീവൻ പ്രസരിക്കുന്ന സാംസ്കാരികപൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യാനുള്ള ആഗോളോദ്യമത്തിന്റെ ഭാഗമാണു പ്ലാറ്റ്‌ഫോം. അതിൽ https://www.culturalheritage.coop/aboutTangiblePage/ulccs-india എന്ന താളിലാണ് ഊരാളുങ്കൽ സൊസൈറ്റിയുള്ളത്.
മലബാറിലെ ഒരു ഗ്രാമമൂലയിൽ ആരംഭിച്ച് നൂറു വർഷംകൊണ്ട് കേരളത്തിലെ അടിസ്ഥാനസൗകര്യവികസനമേഖലയിൽ അദ്വിതീയസ്ഥാനം കൈവരിച്ച ‘ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’, വ്യവസായ-ഉപഭോക്തൃസേവനവിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണസ്ഥാപനമെന്ന നിലയിലേക്കുയർന്നു. ലോകസഹകരണരംഗം വിലയിരുത്തുന്ന ‘വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്ററി’(WCM)ന്റെ റാങ്കിങ്ങിൽ മൂന്നു വർഷം തുടർച്ചയായി ഈ സ്ഥാനം സൊസൈറ്റി നിലനിർത്തി. ഇന്ന് 18,000-ത്തിലധികം പേർക്കു നേരിട്ടുള്ള തൊഴിൽ നൽകുന്ന ഈ സ്ഥാപനത്തിനു വാർഷികവരുമാനം 2334 കോടി രൂപയാണ്.
ഇന്ത്യയിൽനിന്ന് ഐസിഎയുടെ സ്ഥിരാംഗത്വം ലഭിച്ച ആദ്യ പ്രാഥമികസഹകരണസ്ഥാപനവും ഐഎസ്ഒ 9001, 14001, 45001 സർട്ടിഫിക്കേഷനുകൾക്ക് ഉടമയുമായ സൊസൈറ്റി സഹകരണരംഗത്തെ വൈവിദ്ധ്യവത്ക്കരണത്തിന്റെ മികച്ച മാതൃകയുമാണ്. തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തിലെ ഏക ഐടി പാർക്കായ യുഎൽ സൈബർപാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ്, ഫ്യൂച്ചറിസ്റ്റിച് നിർമ്മാണങ്ങൾക്കായി രൂപം നല്കിയ യുസ്ഫിയർ, കോഴിക്കോട്ടെ സർഗ്ഗാലയ, തിരുവനന്തപുരത്തെ കേരള എന്നീ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, മാറ്റർലാബ് എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ മെറ്റീരിയൽ ടെസ്റ്റിങ് ലാബ്, യുഎൽ ഹൗസിങ്, യുഎൽ റിസേർച്ച്, യുഎൽ ചാരിറ്റബിൾ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, നിർമ്മാണകൺസൾട്ടൻസി സഥാപനമായ യുഎൽ ഇൻസൈറ്റ് എന്നിവ സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങളാണ്.
കേരള സർക്കാരിന്റെ തൊഴിൽവകുപ്പിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) ഏറ്റെടുത്തു നടത്തുന്നതും യുഎൽസിസിഎസ് ആണ്. വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തും സജീവമായ പ്രവർത്തനങ്ങൾ നടത്തുന്ന സൊസൈറ്റിക്ക് ശക്തമായ ദുരന്തപരിപാലന, രക്ഷാദൗത്യവിഭാഗവും ഉണ്ട്.
ഇന്ത്യൻ കോ-ഓപ്പറേറ്റീവ് കോൺഗ്രസ് 2013, നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NCFI), നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ (NCDC) തുടങ്ങിയ ദേശീയസ്ഥാപനങ്ങൾ ഇന്ത്യയിലെ മികച്ച തൊഴിലാളിസഹകരണസംഘമായി യുഎൽസിസിഎസിനെ അംഗീകരിച്ചിട്ടുണ്ട്. നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ യുഎൽസിസിഎസ്, രാഷ്ട്രനിർമ്മാണത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ പങ്ക് പുതുക്കിനിർവചിക്കുകയും നിർമ്മാണരംഗം അഴിമതിമുക്തമാക്കാനും ഗുണമേന്മ ഉറപ്പാക്കാനും മികച്ച മാതൃക തീർക്കുകയും ചെയ്ത പ്രസ്ഥാനവുമാണ്.
സഹകരണസ്ഥാപനങ്ങൾ വ്യവസായങ്ങൾ മാത്രമല്ല; അവ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വ്യക്തിത്വത്തിന്റെയും വാഹകരാണെന്ന് ഭൂപടം പ്രകാശനം ചെയ്ത് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) പ്രസിഡന്റ് അറിയേൽ ഗ്വാർകോ പറഞ്ഞു. “ഐക്യദാർഢ്യവും സ്വയംസഹായവും വഴി ജനങ്ങളെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യരാശി പങ്കിട്ട പൈതൃകമായി സഹകരണത്തെ ഈ ആഗോളമാപ്പിലൂടെ നാം ആഘോഷിക്കുന്നു,” അദ്ദേഹം വിശദീകരിച്ചു.
2025-ലെ ആദ്യ പതിപ്പിൽ, ആധുനികസഹകരണപ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ യുകെയിലെ റോച്ച്‌ഡെയിലും ബ്രസീലിലെ നോവ പെട്രോപോളിസിലെ മോനുമെന്റോ അവോ കോ-ഓപ്പറേറ്റിവിസ്മോയും മുതൽ ഇന്ത്യയിലെ ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അമൂൽ ഡയറി കോ-ഓപ്പറേറ്റീവിന്റെ വർഗീസ് കുര്യൻ മ്യൂസിയം, യുഎസിലെ ഫെഡറേഷൻ ഓഫ് സതേൺ കോ-ഓപ്പറേറ്റീവ്സ്, ടാൻസാനിയയിലെ മോഷി കോ-ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റി, സ്വിറ്റ്സർലൻഡിലെ ഐഎൽഒയുടെ കോ-ഓപ്പറേറ്റീവ്, സോഷ്യൽ ആൻഡ് സോളിഡാരിറ്റി എക്കണോമി യൂണിറ്റ് എന്നിവവരെ ഉൾപ്പെടുന്നു. ഈ മാപ്പ് ഐസിഎയുടെ ഗ്ലോബൽ ഓഫീസിന്റെ സഹകരണത്തോടൊപ്പം ബ്രസീലിയൻ കോ-ഓപ്പറേറ്റീവുകളുടെ സംഘടന(OCB)യും ഇന്ത്യയുടെ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷ(NCDC)നും ചേർന്നാണു രൂപപ്പെടുത്തിയത്.
ഈ പൈതൃകകേന്ദ്രങ്ങൾ ഐക്യത്തിന്റെ ജീവൻ നിറഞ്ഞ പഠനശാലകളാണെന്ന് ഒസിബി പ്രസിഡന്റ് മാർസിയോ ലോപ്പസ് ഡി ഫ്രെയ്‌റ്റാസ് പറഞ്ഞു. “സഹകരണം ചരിത്രവുമാണ്, അതേ സമയം ഭാവിദിശയുമാണ് — കൂടുതൽ നീതിപൂർണ്ണമായ സമൂഹങ്ങൾ സൃഷ്ടിക്കാനായി പ്രവർത്തിക്കുന്ന സാംസ്‌കാരികശക്തി.” ലോകത്തിനുമുന്നിൽ സഹകരണത്തിന്റെ അനശ്വരപൈതൃകം രേഖപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഈ ആഗോളപ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിൽ സാങ്കേതികപങ്കാളിത്തം വഹിച്ചതിലുള്ള അതിയായ സന്തോഷം എൻസിഡിസി മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസൽ പ്രകടിപ്പിച്ചു.
പ്രകാശനച്ചടങ്ങിൽ കുടുംബകൃഷി, അഗ്രോഇക്കോളജി വകുപ്പ് സെക്രട്ടറി വാൻഡർലി ടൈഗർ, ബ്രസീലിന്റെ വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള അംബാസഡർ മരിയ ലൗറ ഡി റോച്ച, യുനെസ്കോ ഡയറക്ടറോഫീസിലെ പ്രത്യേക ഉപദേഷ്ടാവ് റോഡ്രിഗോ ലിമ തുടങ്ങി നിരവധി ഉന്നതർ പങ്കെടുത്തു.








0 comments