സാമൂഹ്യവിരുദ്ധർ തഴച്ചു വളരുന്ന ബിജെപി, ജീവനൊടുക്കുന്ന നേതാക്കൾ


റഷീദ് ആനപ്പുറം
Published on Nov 15, 2025, 07:04 PM | 2 min read
തിരുവനന്തപുരം: മണ്ണ് മാഫിയ, നിക്ഷേപ തട്ടിപ്പ്, വട്ടിപ്പലിശ, കുഴൽപണം കടത്ത്, കവർച്ച....പൊതുപ്രവർത്തനമെന്ന മുഖംമൂടി അണിഞ്ഞ് ബിജെപി നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സീമയും ലംഘിക്കുകയാണ്. മാഫിയ അരങ്ങ് വാഴുന്ന പാർടിയിൽ പിടിച്ചുനിൽക്കാൻ ത്രാണിയില്ലാതെ സ്വയം ജീവനൊടുക്കി രക്ഷപെടുകയാണ് പലരും. അവരാരും ചില്ലറക്കാരല്ല, വർഷങ്ങളോളം കാവിക്കൊടി നെഞ്ചോട് ചേർത്ത കടുത്ത സംഘപരിവാറുകൾ തന്നെ. അതിന്റെ അവസാന ഇരയാണ് ഇന്ന് ആത്മഹത്യചെയ്‌ത ബിജെപി പ്രാദേശിക നേതാവ് ആനന്ദ്. ബിജെപിയുടെ ജില്ലാ നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായിരുന്ന തിരുമല അനിൽ ജീവനൊടുക്കിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനം നേരിട്ടതായി വെളിപ്പെടുത്തി ആത്മഹത്യ ചെയ്ത അനന്ദു അജി എന്ന ചെറുപ്പക്കാരനെയും ആരുംമറന്നിട്ടുണ്ടാകില്ല.
അനിലിന്റെയും ആനന്ദിന്റെയും ആത്മഹത്യാ കുറിപ്പിന് സമാന സ്വഭാവമാണ്. നേതാക്കളുടെ വഞ്ചന അക്കമിട്ട് നിരത്തുന്നു. ജില്ലാ ഫാംടൂർ സഹകരണ സംഘത്തിൽനിന്ന് ബിജെപി പ്രമുഖർ എടുത്ത വായ്‌പകൾ തിരിച്ചടക്കാതെ വന്നതാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് അനിൽ എഴുതിയത്. മണ്ണ് മാഫിയ ബന്ധമുള്ളയാളെ കോർപറേഷൻ സ്ഥാനാർഥിയാക്കി എന്ന് തുറന്ന് എഴുതിയാണ് ആനന്ദ് ജീവനൊടുക്കിയത്. തന്റെ ദേഹം ബിജെപി നേതാക്കളെ കാണിക്കരുതെന്നും കത്തിലുണ്ട്.
ബിജെപിയുടെ സംസ്ഥാന മുൻ നേതാവും വക്താവുമായിരുന്നു എംഎസ് കുമാർ ആത്മഹത്യാഭീഷണി മുഴക്കിയതും ഇൗ അടുത്താണ്. ആത്മഹത്യ ചെയ്‌ത അനിലിന്റെ അതേ അവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് എം എസ് കുമാർ ഫേസ്‌ബുക്കിൽ എഴുതി. താൻ ഉൾപ്പെട്ട സഹകരണ സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും ബിജെപിക്കാരാണെന്നും അതിൽ ഭൂരിപക്ഷം പേരും വായ്‌പ തിരിച്ചടയ്ക്കാത്തവരാണെന്നും കുമാർ പറഞ്ഞു. തിരിച്ചടയ്ക്കാത്തവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ പറഞ്ഞിരുന്നു. അതോടെ അങ്കലാപ്പിലായ നേതാക്കൾ ഇടപ്പെട്ട് പ്രശ്‌നം തണുപ്പിക്കുകകയായിരുന്നു.
ആർഎസ്‌എസ് ശാഖയിൽനിന്നുള്ള ‘ശിക്ഷണ’വും കേന്ദ്രത്തിലെ അധികാരത്തിന്റെ ഹുങ്കുമാണ് ബിജെപി, ആർഎസ്‌എസ് നേതാക്കളെയും പ്രവർത്തകരേയും കടുത്ത സമൂഹ വിരുദ്ധരാക്കി മാറ്റുന്നത്. ഏതാനും വർഷമ മുമ്പ് കൊടകരയിൽ നടന്ന കുഴൽപണം കവർച്ചക്ക് പിന്നിലെ ബിജെപി ഉന്നത ബന്ധം പുറത്ത് വന്നതാണ്. തെരഞ്ഞെടുപ്പ് ചിലവിലേക്കായി കർണാടകയിൽനിന്ന് റോഡ് മാർഗം കുഴൽപണം കടത്തിയതും ആ പണം കവർച്ച ചെയ്‌തതും ബിജെപി നേതാക്കൾതന്നെ. അങ്ങനെ എന്തും ചെയ്യാൻ മടിയില്ലാത്തവരായി മാറി ബിജെപി നേതാക്കളും പ്രവർത്തകരും. കോർപറേഷനിൽ മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കാൻ ഒരു മടിയും ബിജെപി കാണിക്കാത്തതും ഇൗ കൂട്ടുകെട്ടാണ്. അതിൽ പിടിച്ചു നിൽക്കാനാകത്തവർ ജീവനൊടുക്കുന്നു എന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.








0 comments