മണ്ണ് മാഫിയക്കാരെ സ്ഥാനാർഥിയാക്കി; നേരിട്ട അവഗണനയിൽ ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് മണ്ണ് മാഫിയക്കാരെ സ്ഥാനാർഥിയാക്കിയതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വിമതനായി മത്സരിക്കുമെന്ന് ആനന്ദ് തന്നെ അറിയിച്ചിരുന്നു. മണ്ണ് മാഫിയയുമായി ബന്ധമുള്ളവരെയാണ് നിലവിൽ സ്ഥാനാർഥിയായി ബിജെപി നിശ്ചയിച്ചിട്ടുള്ളതെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ഏറെ കാലം ഒപ്പം നിന്ന തന്നെ ബിജെപി ചതിച്ചതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു.
തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ ), നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരമുള്ള ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർഥിയാക്കിയതെന്ന് ആനന്ദിന്റെ കുറിപ്പിൽ പറയുന്നു.
പതിനാറാമത്തെ വയസുമുതൽ ആർഎസ്എസിന്റെ പ്രവർത്തകനാണ് ആനന്ദ്. പിന്നീട് നിരവധി ചുമതലകളിൽ വ്യത്യസ്ത മേഖലകളിൽ ആഞഎസ്എസിനും ബിജെപിക്കും വേണ്ടി പ്രവർത്തിച്ചു. ബിജെപി സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന് താല്പര്യമുണ്ടെന്ന് ആർഎസ്എസിന്റെ ജില്ലാ ഭാരവാഹികളെ ആനന്ദ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മാഫിയ സംഘം ആർഎസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ലെന്നും കുറിപ്പിലുണ്ട്.








0 comments