റോഡ് അപകടങ്ങളിൽ മരിച്ചവരുടെ അന്താരാഷ്‌ട്ര ഓർമദിനം ഇന്ന്
5 വർഷം; 1630 മരണം

സി പ്രജോഷ് കുമാർ
Published on Nov 16, 2025, 12:23 AM | 1 min read
മലപ്പുറം
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ മരിച്ചത് 1630 പേർ. 2020 ജനുവരിമുതൽ കഴിഞ്ഞ ഒക്‌ടോബർവരെയുള്ള കണക്കാണിത്. മൊത്തം 15,866 അപകടങ്ങൾ നടന്നു. മാസം ശരാശരി 28–30 പേർ ജില്ലയിൽ റോഡപകടങ്ങളിൽ മരിക്കുന്നതായാണ് കണക്ക്.
നിയമങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ വാഹനാപകടങ്ങൾ കുറയുന്നില്ലെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. ഈവർഷം ഒക്‌ടോബർവരെ ജില്ലയിൽ 3011 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 263 പേർ മരിച്ചു. 2,221 ഗുരുതര അപകടങ്ങൾ നടന്നു. 2,516 പേർക്ക് ഗുരുതര പരിക്കേറ്റു. 323 ചെറിയ അപകടങ്ങളുണ്ടായി. 940 പേർക്ക് നിസ്സാര പരിക്കേറ്റു. 218 വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
കാൽനട യാത്രയിൽ *56 ജീവൻ
വാഹനാപകടങ്ങളിൽ മരിച്ചവരിൽ കാൽനട യാത്രക്കാരും കുറവല്ല. ഇൗവർഷം ഇതുവരെ 688 അപകടങ്ങളിലായി 56 പേർക്കാണ് ജില്ലയിൽ ജീവൻ നഷ്ടമായത്. 563 കാൽനട യാത്രക്കാർക്ക് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. 103 പേർക്ക് നിസ്സാര പരിക്കുണ്ട്.
കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതിൽ ദേശീയപാത അതോറിറ്റിക്കും വലിയ പങ്കുണ്ട്. അപകടമേഖലകളിൽപോലും പലയിടത്തും സീബ്രാ ലൈനില്ല. അശാസ്ത്രീയ റോഡ് നിർമാണം, കാൽനട യാത്രക്ക് സൗകര്യം ഇല്ലാത്തത്, മുന്നറിയിപ്പ് ബോർഡുകളും സിഗ്നലും ഇല്ലാത്തത്, ഡിവൈഡറുകൾ ഇല്ലാത്തത് എന്നിവയും അപകട കാരണമാകുന്നു. റോഡ് നിയമങ്ങൾ പാലിക്കാത്തതും അശ്രദ്ധമായി റോഡ് മറികടക്കുന്നതും ജീനനെടുക്കുന്നുണ്ട്. കാൽനട യാത്രക്കാരിൽ അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും 60ന് മുകളിലുള്ളവരാണ്.
അപകട കാരണം
അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്, സിഗ്നൽ അവഗണിക്കൽ, തെറ്റായ ദിശയിൽ വാഹനമോടിക്കൽ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണം. ഇരുചക്രവാഹനം കഴിഞ്ഞാൽ ലോറികളും ബസുകളുമാണ് അപകടത്തിൽപ്പെടുന്നവയിൽ കൂടുതലും.
ദിനാചരണം നാളെ
മലപ്പുറം
റോഡപകടങ്ങളിൽ മരിച്ചവരുടെ അന്താരാഷ്‌ട്ര ദിനം ജില്ലാ മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആചരിക്കും. തിങ്കൾ വൈകിട്ട് 4.30ന് മലപ്പുറം ടൗൺ ഹാളിലാണ് ചടങ്ങ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും പങ്കെടുക്കും. അപകടത്തിൽ ചലനശേഷി നഷ്ടമായ 10 പേർക്ക് സൗജന്യ വീൽചെയർ നൽകും.








0 comments