"പുഴയ്ക്കറിയില്ലല്ലോ ഞാൻ നായനാരെന്ന് '

വി ശ്രീധരൻ കവ്വായിക്കായലിൽ  തോണി തുഴയുന്നു
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 02:00 AM | 2 min read

തൃക്കരിപ്പൂർ

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും അരനൂറ്റാണ്ടുകാലം തീരദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമരക്കാരനായി നിന്ന വലിയപറമ്പ് ഇടയിലെക്കാട്ടിലെ വി ശ്രീധരന്റെ മനസ്സിൽ ഓർമകളുടെ തിരയിളക്കമാണ്. ഇ കെ നായനാർ, ഒ ഭരതൻ, ടി ഗോവിന്ദൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾക്കൊപ്പംമുതൽ പ്രാദേശിക നേതാക്കളോടൊപ്പം വരെ പ്രചാരണത്തിന്‌ ഊർജം പകർന്ന 82 കാരൻ ഈ തെരഞ്ഞെടുപ്പിലും സജീവമായുണ്ടാകും. ഇ കെ നായനാർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ തോണിയാത്രയിൽ കവ്വായിക്കായലിൽ അപകടത്തിൽപ്പെട്ട അനുഭവം പറയുന്പോൾ ശ്രീധരേട്ടൻ പറഞ്ഞു‘‘ചിലപ്പോൾ പേടിച്ചിരിക്കുന്പോഴും സങ്കടപ്പെടുന്പോഴും ചിരിയാണ്‌ മരുന്ന്‌ എന്ന്‌ ’’ തെളിയിക്കുകയായിരുന്നു നായനാർ. 1987 ൽ ഇ കെ നായനാർ തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനെത്തിയ തെരഞ്ഞെടുപ്പ്. അറബിക്കടലും കവ്വായിക്കായലും ചുറ്റിയൊഴുകുന്ന 24 കിലോമീറ്റർ നീണ്ട കടലോരത്തും അതിൽ ചിതറിക്കിടക്കുന്ന ദ്വീപുകളിലും വോട്ടർമാരെ കാണാനെത്താൻ തോണിയിലൂടെ മാത്രമെ പറ്റൂ. തോണിയിൽ ഉയരത്തിൽ കെട്ടിനിർത്തിയ കോളാമ്പി മൈക്കും ചുവന്ന കൊടിതോരണങ്ങളുമായി സ്ഥാനാർത്ഥി നാടുചുറ്റുകയാണ്. മാർച്ച് മാസത്തിലെ ആഞ്ഞുവീശുന്ന കാറ്റിൽ തോണി ആടി ഉലഞ്ഞു. ഒന്നുരണ്ടുതവണ തോണിയിലേക്ക് കായലിലെ വെള്ളം കയറി. അപകടം മുന്നിൽ കണ്ട അവസ്ഥ. എല്ലാ പ്രതിസന്ധികളുടെ കോളുകൾക്കിടയിലും നാട് കാത്ത ജീവനാണ് നായനാരുടേത്. ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്നതിനിടയിൽ നായനാർ തമാശ "പുഴയ്ക്കറിയില്ലല്ലോ ഞാൻ നായനാരെന്ന് '' . തമാശ പറച്ചിലിനിടയിൽ തോണി കരതൊട്ടു. 38 വർഷം മുമ്പത്തെ കഥ ഓർത്തെടുത്തു ശ്രീധരേട്ടൻ. 24 കിലോമീറ്റർ നീളമുള്ള കടലോരത്തും തുരുത്തുകളിലും പാർടിയെ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും ഇറങ്ങിയേ പറ്റൂ. കൂടെ സഖാക്കളും. ഏത് പാതിരാത്രിയിലും മറുകരയിലെത്തിക്കാൻ യുവാക്കളുണ്ടാകും. ഇല്ലെങ്കിൽ ഒന്ന് കൂവിയാൽ മറുകരയിലുള്ളവർ തോണിയുമായെത്തും. നായനാരുടെ വരവോടെ ഗതാഗതരംഗത്ത് വലിയപറമ്പിൽ വൻ കുതിച്ചുചാട്ടമാണ് സാധ്യമായത്. കോട്ടപ്പുറം തൊട്ട് പറശ്ശിനിക്കടവ് വരെ ബോട്ട് സർവീസ്. ഓരിക്കടവിലും വലിയപറമ്പിലും പിന്നെ രണ്ടു പാലങ്ങൾ. നായനാരുടെ പിൻമുറക്കാരായെത്തിയ നേതാക്കൾ വികസനത്തിന്റെ തുടർച്ചക്കാരായി നാടിനെ മാറ്റിയെടുത്തു. സിപിഐ എം അവിഭക്ത പയ്യന്നൂർ, തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയംഗം, 25 വർഷം വലിയപറമ്പ് ലോക്കൽ സെക്രട്ടറി , മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി, വലിയപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ശ്രീധരൻ അറിയപ്പെടുന്ന നാടക നടനും സംവിധായകനുമായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Home