ഇടതുപക്ഷം നയിക്കും ബേഡകപ്പെരുമ

.
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2025, 02:00 AM | 1 min read

ബേഡകം

കർഷക–കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ ഭൂമികയാണ്‌ ബേഡഡുക്ക. ബന്തടുക്ക, കുറ്റിക്കോൽ, ബേഡകം, കൊളത്തൂർ വില്ലേജ് പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടിരുന്ന മലയോര പ്രദേശം 1961 ലാണ് ബേഡഡുക്ക പഞ്ചായത്തായി മാറുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായിരുന്നു അന്ന്. പണ്ടാരംപള്ളം സി കൃഷ്ണൻ നായരായിരുന്നു ആദ്യ പ്രസിഡന്റ്‌. 2000 ൽ ബേഡഡുക്ക പഞ്ചായത്ത്‌ വിഭജിച്ച്‌ ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകൾ നിലവിൽ വന്നു. രൂപീകൃതമായ കാലം മുതൽ ഇടതുപക്ഷത്തിന്റെ ഇളകാത്ത കോട്ടയാണ്‌ ബേഡഡുക്ക. സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ പഞ്ചായത്ത്‌ നേടി. മാലിന്യ സംസ്കരണം, കാർഷികം, കായിക രംഗം എന്നിങ്ങനെ സമസ്ത മേഖലയിലും പഞ്ചായത്ത്‌ വേറിട്ട മാതൃക സൃഷ്ടിച്ചു. തുടർന്നും ബേഡകപ്പെരുമ ലോകശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പ്. ​85.49 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ 14025 സ്ത്രീകളും 13678 പുരുഷൻമാരും ഉൾപ്പെടെ 27,703 ആണ്‌ ജനസംഖ്യ. ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസർസ് കമ്പനി, ആട് ഗ്രാമം പദ്ധതി, കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾ എന്നിവ നിലവിലെ ഭരണസമിതിയുടെ വലിയ നേട്ടങ്ങളാണ്. നിലവിലുണ്ടായിരുന്ന 17 വാർഡുകൾ ഇപ്പോൾ 19 ആയി വർധിച്ചു. ​നിലവിൽ 17 അംഗ ഭരണസമിതിയിൽ മുഴുവൻ പേരും എൽഡിഎഫ്‌ പ്രതിനിധികളാണ്‌. 16 പേർ സിപിഐ എമ്മിലും ഒരാൾ സിപിഐയിലും. ഇതിനകം എൽഡിഎഫ്‌ 19 വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. 10984 പുരുഷന്മാരും 12521 സ്‌ത്രീകളും ഉൾപ്പെടെ 23,505 വോട്ടർമാരുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home