യുഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നു


സ്വന്തം ലേഖകൻ
Published on Nov 16, 2025, 02:00 AM | 2 min read
കാസർകോട്
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ആറുനാൾ പിന്നിടുന്പോഴും യുഡിഎഫിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനം നീളുന്നു. ഉഭയകക്ഷി ചർച്ചകൾ നേരത്തെ പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്പോഴും ശനിയാഴ്‌ചയും ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി പട്ടിക യുഡിഎഫിന് ഭാഗികമായി പോലും പുറത്തുവിടാനായില്ല. തിങ്കളാഴ്‌ച സ്ഥാനാർഥി പ്രഖ്യാപനം നടത്താനായേക്കുമെന്നാണ് യുഡിഎഫ് ക്യാന്പുകൾ പറയുന്നത്. എൽഡിഎഫിൽ സിപിഐ എം മത്സരിക്കുന്ന സ്ഥാനാർഥികളെ വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഘടകകക്ഷികളായ ആർജെഡി, കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. സിപിഐ, ഐഎൻഎൽ സ്ഥാനാർഥികൾ സംബന്ധിച്ചും തീരുമാനമായി. ഇത് പ്രഖ്യാപിക്കുന്നതോടെ സിപിഐ എം സ്വതന്ത്രൻ മത്സരിക്കുന്ന ചിറ്റാരിക്കാൽ ഡിവിഷനിലെ സ്ഥാനാർഥി ഒഴികെയുള്ളവയിൽ തീരുമാനമായി. എൻഡിഎ സ്ഥാനാർഥി പട്ടിക ശനിയാഴ്‌ച പുറത്തുവിട്ടിരുന്നു. സീറ്റുകൾ ധാരണയായെങ്കിലും സ്ഥാനാർഥികൾ ആരെന്ന തർക്കം മൂലമാണ് യുഡിഎഫിൽ പ്രഖ്യാപനം വൈകുന്നത്. ജയസാധ്യതയുള്ള സീറ്റിനായി നേതൃത്വത്തിലെ പലരും പിടിവലിയിലാണ്. കാഞ്ഞങ്ങാട് നഗരസഭയിലും സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനാവാതെ യുഡിഎഫ് കുഴങ്ങുകയാണ്. മൂന്ന് ടേം നിബന്ധനയിൽ ഇളവുവാങ്ങി മത്സരിക്കാനെത്തിയ മുതിർന്ന നേതാക്കൾക്കെതിരെ മുസ്ലിംലീഗിൽ കലാപമുണ്ട്. 29 സീറ്റുകളിൽ കോൺഗ്രസും 17 വാർഡുകളിൽ ലീഗും ഒന്നിൽ സിഎംപി എന്ന നിലയിലാണ് സീറ്റ് വിഭജനം. കാസർകോട് നഗരസഭയിൽ എൽഡിഎഫ് 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് 12 സ്ഥാനാർഥികളെ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. നീലേശ്വരം നഗരസഭയിലും തീരുമാനമായില്ല. ജില്ലയിൽ പലയിടത്തും വിമത ഭീഷണിയുമുണ്ട്.
കാഞ്ഞങ്ങാട്ട് ഭിന്നത രൂക്ഷം
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾതന്നെ കാഞ്ഞങ്ങാട്ടും യുഡിഎഫില്‍ പൊട്ടലും ചീറ്റലും രൂക്ഷമായി തുടരുന്നു. മധുരംകൈ വാർഡിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. നേരത്തെ പാർടിയിൽനിന്ന് രാജിവച്ചയാൾക്ക് ചുമതല നൽകിയതും ജനകീയരല്ലാത്തവരെ അടിച്ചേൽപ്പിക്കുന്നതുമാണ് അതൃപ്തിക്ക് കാരണം. പാർടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെ അധിക്ഷേപിക്കും വിധം പ്രചാരണം നടത്തുന്നയാളുടെ നേതൃത്വം അംഗീകരിക്കില്ലെന്നാണ് അണികൾ പറയുന്നത്. ഇൗ നേതാവിന്റെ രാജിക്കത്തും നേരത്തെ വൈറലായിരുന്നു. ബ്ലോക്ക് തലത്തിൽ ചുമതലയുള്ളയാളാകട്ടെ ജീവകാരുണ്യ ട്രസ്റ്റിന്റെ ആംബുലൻസ് വിറ്റ് പണം തിരിമറി നടത്തിയയാളാണെന്നും പ്രവർത്തകർ ആരോപിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ട്രെയിനിൽ ആക്രമിച്ച കാലത്ത് രാജിവച്ചവരൊക്കെ എന്നാണ് പാർട്ടിക്കകത്ത് തിരിച്ചുവന്നതെന്നും അണികൾ ചോദിക്കുന്നു. മരിച്ച നേതാവിനെതിരെ നവമാധ്യമത്തിൽ അധിക്ഷേപിച്ചയാൾക്കെതിരെ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പിൽ ഉയർത്തികൊണ്ടുവരുന്നതും അണികളെ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാർക്കുവേണ്ടി വെയിലു കൊള്ളാനാകില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ തീരദേശ വാർഡിൽ സ്വന്തം നിലക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് ജില്ലാ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കെ ബാബു ഭീഷണി മുഴക്കി. തങ്ങൾക്ക് സ്വാധീനമുള്ള തീരദേശത്തെ മൂന്നു വാർഡുകളിൽ ഒരു വാർഡ് വിട്ടുകൊടുക്കാൻ മുസ്ലിംലീഗ് തയ്യാറാകാത്തതും യുഡിഎഫിൽ ഭിന്നത രൂക്ഷമാക്കി.









0 comments