കപ്പൽയാത്രയിൽ കപ്പടിക്കാൻ ആനവണ്ടി: 'നെഫർറ്റിറ്റി കടൽയാത്ര' നൂറിലേക്ക്


ഫെബിൻ ജോഷി
Published on Jan 24, 2025, 02:14 AM | 1 min read
ആലപ്പുഴ : കെഎസ്‌ആർടിസി ബജറ്റ് ടൂറിസം കപ്പൽ യാത്ര നൂറിലേക്ക്. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി (കെഎസ്‌ഐഎൻസി) സഹകരിച്ചാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ ‘നെഫർറ്റിറ്റി’ കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സെപ്‌തംബറിൽ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 93 യാത്രകൾ നടത്തി. ജനുവരി അവസാനത്തോടെ 100 എണ്ണം പൂർത്തിയാകും.
3,554 സഞ്ചാരികൾ അഞ്ചുമാസത്തിനിടെ ഈ സേവനം ഉപയോഗിച്ച് കടൽക്കാഴ്‌ചകൾ ആസ്വദിച്ചു. കെഎസ്‌ആർടിസിക്കും നെഫർറ്റിറ്റിക്കും വലിയ വരുമാനം ഈ യാത്രവഴി നേടാനായി. വിവിധ ഡിപ്പോകളിൽ നിന്ന് വ്യത്യസ്‌ത യാത്രാ നിരക്കാണ് കെഎസ്‌ആർടിസി ഈടാക്കുന്നത്. ഡിസംബറിൽ നെഫെർറ്റിറ്റി ആകെ നടത്തിയ 43 യാത്രകളിൽ 30-ഉം കെഎസ്ആർടിസിയിൽ എത്തിയവരായിരുന്നു. സെപ്‌തംബർ –-13, ഒക്‌ടോബർ–-15, നവംബർ–-20, ഡിസംബർ–-30, ജനുവരി (24വരെ)– 15 എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് മുഴുവൻ യാത്രക്കാരുമായി ആനവണ്ടിയെത്തിയത്.
കെഎസ്‌ആർടിസിയുമായുള്ള സഹകരണത്തിലൂടെ മാത്രം കെഎസ്‌ഐഎൻസി ഈ സീസണിൽ 96,37,348 രൂപ വരുമാനം നേടി. സംസ്ഥാനത്തെ കെഎസ്‌ആർടിസിയുടെ മുഴുവൻ ഡിപ്പോകളിൽനിന്നും നെഫർറ്റിറ്റി യാത്രയ്‌ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള കെഎസ്‌ഐഎൻസിയുടെ ആഢംബര കപ്പലാണ് നെഫർറ്റിറ്റി. സംഗീതം, നൃത്തം, കൂടാതെ സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (രണ്ട് നോൺവെജ്, രണ്ട് വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ, വിഷ്വൽ എഫക്ട്സ്, ലൈവ് മ്യൂസിക് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 200 യാത്രക്കാരെ ഉൾക്കൊള്ളാനാകും.
വ്യക്തിഗത ബുക്കിങിനും
സൗകര്യം
ഗ്രൂപ്പ് പാക്കേജുകളല്ലാതെ വ്യക്തിഗത ടിക്കറ്റ് ബുക്കിങിനും കെഎസ്‌ആർടിസി അവസരമൊരുക്കുന്നുണ്ട്. ഇതുപ്രകാരം മറ്റു വാഹനങ്ങളിൽ കൊച്ചിയിലെത്തി കെഎസ്‌ഐഎൻസിയുടെ നിരക്കിൽ യാത്രചെയ്യാം. നെഫർറ്റിറ്റിയിൽ മാത്രമല്ല, കെഎസ്‌ഐഎൻസിയുടെ മറ്റ് വിനോദസഞ്ചാര യാനങ്ങളായ സാഗരറാണി–-1, സാഗരറാണി–-2, മിഷേല, ക്ലിയോപാട്ര, സൂര്യാംശു എന്നിവയിലും കെഎസ്‌ആർടിസിയുടെ ഗ്രൂപ്പ്, വ്യക്തിഗത ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തി കായൽ, കടൽ കാഴ്‌ചകൾ കാണാം. വിവരങ്ങൾക്കും ബുക്കിങിനും: 9846475874









0 comments