ട്രെയിനിൽ വച്ച് ലഗേജ് മറന്നോ..? ടെൻഷൻ അടിക്കാതെ പരാതി നൽകാം...

ട്രെയിനിൽ എന്തെങ്കിലും നഷ്ടപ്പെട്ടാൽ പിന്നെ തിരികെ കിട്ടുക എന്നത് നടക്കാത്ത കാര്യമാണ്. എന്നാൽ അതങ്ങനെ പാടുള്ള കാര്യമല്ല. ട്രെയിൻ യാത്രയ്ക്കിടയിൽ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളോ ലഗ്ഗേജൊ വച്ച് മറന്നാൽ അത് തിരികെ ലഭിക്കാനുള്ള നടപടി റെയിൽവേ തന്നെ ചെയ്ത് തരും.
'റെയിൽ മദദ്' എന്ന വെബ്സൈറ്റിലോ ആപ്പിലോ നിങ്ങൾക്കിതിൽ പരാതി നൽകാം. ലഗേജ് നഷ്ടപ്പെട്ടതായി മനസ്സിലാക്കിയാൽ ഉടൻ തന്നെ റെയിൽവേയുടെ പരാതി പരിഹാര വെബ്‌സൈറ്റായ റെയിൽ മദദ് (https://railmadad.indianrailways.gov.in/) സന്ദർശിക്കുക. റെയിൽ മദദ് ആപ്പും ഇതിനായി ഉപയോഗിക്കാം.
ലഗേജ് നഷ്ടപ്പെട്ട സമയം, സ്ഥലം, ഏത് ബോഗിയിലാണ് വെച്ച് മറന്നത് തുടങ്ങിയ വിവരങ്ങൾ കൃത്യമായി പങ്കുവെക്കുക. നഷ്ടപ്പെട്ട വിവരങ്ങൾ ഉടൻ തന്നെ റെയിൽവേ പൊലീസിനെ അറിയിക്കുക. ഉടനടി ലഗേജ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ആർ.പി.എഫ്. സ്റ്റേഷനിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക.
ഇങ്ങനെ ചെയ്താൽ, ലഗേജ് കണ്ടെത്തിയാലുടൻ നിങ്ങൾ പരാതി നൽകിയ സ്റ്റേഷനിലേക്ക് അത് തിരിച്ചയയ്ക്കും. റെയിൽവേയുടെ ലോസ്റ്റ് ആൻഡ് ഫൈൻഡ് സെല്ലിലും നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്. ട്രെയിനിലോ സ്റ്റേഷനിലോ വെച്ച് കാണാതായ വസ്തുക്കൾ ഇവിടെ നിന്ന് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ലഗേജ് കണ്ടെത്തിയാൽ അത് നിങ്ങളുടേതാണെന്ന് തെളിയിക്കുന്നതിന് ഐഡികാർഡും മറ്റ് തെളിവുകളും ഹാജരാക്കേണ്ടതുണ്ട്.









0 comments