print edition ഡൽഹി സ്‌ഫോടനം ; ഡോക്‌ടർമാർ ബന്ധപ്പെട്ടത് സ്വിസ് ആപ്പിലൂടെ

ന്യൂഡൽഹി
ഡൽഹിയിൽ സ്വയം പൊട്ടിത്തെറിച്ച ചാവേർ ഉമർ നബിയും സ്‌ഫോടനവുമായി ബന്ധമുള്ള ഫരീദാബാദ് സർവകലാശാലയിലെ ഡോക്‌ടർമാരായ മുസമിൽ, ഷഹീൻ എന്നിവരും ബന്ധപ്പെട്ടത് സ്വിസ് മെസേജിങ് ആപ്പിലൂടെ. ത്രീമ എന്ന മെസേജിങ് ആപ്പിലൂടെയാണ് മൂവരും തുടർച്ചയായി ബന്ധപ്പെട്ടതെന്നും പദ്ധതികളാവിഷ്‌കരിച്ചതെന്നും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവസുരക്ഷ വാഗ്‌ദാനം ചെയ്യുന്ന ആപ്പാണിത്.
അതേസമയം ഡൽഹി സ്‌ഫോടനത്തെ സംബന്ധിച്ചുള്ള അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
സ്‌ഫോടനത്തെ സമൂഹമാധ്യമത്തിൽ പ്രകോപനപരമായി പോസ്റ്റിട്ട 15 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ പറഞ്ഞു. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് പിന്തുണയോടെ നടക്കേണ്ടിയിരുന്ന ആക്രമണത്തെ തകർത്തെന്നും 10 പേരെ അറസ്റ്റ് ചെയ്‌തെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. ലുധിയാനയിലെ തിരക്കേറിയ ഭാഗത്ത് ഗ്രനേഡ് ആക്രമണം നടത്താൻ പാകിസ്ഥാനിലുള്ളവരുമായി ബന്ധമുള്ള ഈ സംഘം ബന്ധപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായവർ 26 ലക്ഷത്തിലധികം രൂപ സമാഹരിച്ചെന്നും ഇത് ഉമർ നബിക്ക് കൈമാറിയെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇൗ പണമുപയോഗിച്ച് സ്‌ഫോടക വസ്‌തുക്കൾ നിർമിക്കുന്നതിനാവശ്യമായ രാസവസ്തുക്കൾ വാങ്ങി.
ഡൽഹിയിലെ സ്‌ഫോടനത്തിൽ ചൈന വിദേശ കാര്യമന്ത്രി വാങ് യി അനുശോചനമറിയിച്ചു. എല്ലാത്തരം ഭീകരതയെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും വാങ് യി പറഞ്ഞു.








0 comments