മഹാസഖ്യത്തിലെ അസ്വാരസ്യങ്ങള്‍ വിനയായി
print edition ബിഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വി ; ഒന്നാംപ്രതി കോൺഗ്രസ്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഡല്‍ഹിയിലെ ആളൊഴിഞ്ഞ കോണ്‍ഗ്രസ് ആസ്ഥാനം
എം പ്രശാന്ത്
Published on Nov 15, 2025, 04:31 AM | 2 min read
ന്യൂഡൽഹി
ബിഹാറിൽ 20 വർഷമായി തുടരുന്ന എൻഡിഎ ഭരണത്തെ വീഴ്‌ത്തി അധികാരത്തിൽ തിരിച്ചെത്താൻ എല്ലാ സാഹചര്യവും നിലനിന്നിട്ടും മഹാസഖ്യത്തിന്റെ വൻപതനത്തിന് കാരണമായത് ഇന്ത്യ കൂട്ടായ്‌മയിലെ പ്രധാനപാർടിയായ കോൺഗ്രസിന്റെ ആത്മാർഥതയില്ലായ്‌മ. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞിട്ടുപോലും യോജിപ്പോടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ കഴിയാതെ പോയത് കോൺഗ്രസിന്റെ പിടിവാശി കൊണ്ടുമാത്രം.
ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ ബിഹാറിൽ കോൺഗ്രസ് പ്രചാരണം നയിച്ച രാഹുൽ ഗാന്ധിയുടെയും സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ തന്ത്രങ്ങൾ മെനയേണ്ട കെ സി വേണുഗോപാലിന്റെയും പരാജയം കൂടിയാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വോട്ട് അധികാർ യാത്ര നടത്തിയ രാഹുൽ പിന്നീട്, ബിഹാറിലേക്ക് തിരിഞ്ഞുനോക്കിയില്ല. സീറ്റുചർച്ച പ്രതിസന്ധിലായപ്പോൾപോലും മറ്റ് തിരക്കുകളിലായിരുന്നു രാഹുൽ. ബിഹാറിൽ പ്രചാരണത്തിന് എത്തിയത് ചുരുക്കം ദിവസങ്ങളിൽ. ഒന്നാംഘട്ട വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ മഹാസഖ്യം ജയിക്കില്ലെന്ന പ്രഖ്യാപനവും രാഹുൽ നടത്തി.
2020ലെ തെരഞ്ഞെടുപ്പിലും സീറ്റുകൾക്കായുള്ള കോൺഗ്രസ് ആർത്തിയാണ് മഹാസഖ്യത്തെ തളർത്തിയത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ ജയം 19ൽ ഒതുങ്ങി. അതേസമയം, 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം 16 സീറ്റിൽ ജയിച്ചു. ഇക്കുറിയും സീറ്റിനായി കോൺഗ്രസ് പിടിവലി തുടർന്നു. 61 സീറ്റിൽ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പല മണ്ഡലങ്ങളിലും പണം വാങ്ങിയാണ് സ്ഥാനാർഥികളെ നിർത്തിയതെന്ന ആക്ഷേപവും നാണക്കേടായി.
മഹാസഖ്യത്തിലെ അസ്വാരസ്യങ്ങള്‍ വിനയായി
മഹാസഖ്യത്തിലെ അനൈക്യവും കിടമത്സരവും ബിഹാറിൽ എൻഡിഎയ്‌ക്ക് കാര്യങ്ങൾ എളുപ്പമാക്കി. സഖ്യത്തിലെ പ്രധാനകക്ഷികളായ ആർജെഡിയും കോൺഗ്രസും ഒരവസരത്തിലും ഒത്തൊരുമിച്ച് പ്രവർത്തിച്ചില്ല. സിപിഐ എമ്മും സിപിഐ എംഎല്ലും മാത്രമാണ് വിശാല രാഷ്‌ട്രീയലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് നിലയുറപ്പിച്ചത്.
സീറ്റ്‌ചർച്ച ഘട്ടത്തിൽ 70 സീറ്റ് വേണമെന്ന പിടിവാശിയിൽ കോൺഗ്രസ് ഉറച്ചുനിന്നു. പുതിയ കക്ഷികൾക്ക് സീറ്റ് നൽകാൻ വിട്ടുവീഴ്‌ച്ച കാണിക്കണമെന്ന് ആർജെഡിയും നിലപാടെടുത്തു. സീറ്റ്‌ധാരണ വൈകിയതോടെ ഒരോപാർടിയും പ്രത്യേകം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. പല മണ്ഡലങ്ങളിലും സഖ്യത്തിലെ പാർടികൾ തമ്മിൽ മത്സരിച്ചു.
‘വോട്ട് അധികാർ യാത്ര’യുടെ സമയത്ത് തേജസ്വി യാദവും രാഹുൽ ഗാന്ധിയും ഒരുമിച്ച് കേന്ദ്രസർക്കാരിന് എതിരെ പ്രചരണം നടത്തിയത് യുവതലമുറയ്‌ക്കിടയിൽ ചലനമുണ്ടാക്കിയിരുന്നു. എന്നാൽ, യാത്ര സമാപിച്ചശേഷം ആ കൂട്ടുകെട്ടിന് തുടർച്ചയുണ്ടായില്ല. പ്രചരണരംഗത്ത് അതിഥിതാരമായാണ് രാഹുൽ വന്നുപോയത്.
എല്ലായിടത്തും പ്രചരണത്തിനായി ഓടിനടന്ന തേജസ്വി ‘താങ്ങാവുന്നതിനേക്കാൾ കൂടുതൽ ഭാരം’ ചുമക്കേണ്ടിവന്നു. മുകേഷ് സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടി, ഐ പി ഗുപ്‌തയുടെ ഇന്ത്യാ ഇൻക്ലൂസീവ് പാർടി തുടങ്ങിയ പുതിയകക്ഷികളെ എത്തിച്ച നീക്കവും പാളി. ലാലുവിന്റെ ഭരണകാലത്തെ ‘ജംഗിൾരാജ്’ തിരിച്ചുവരുമെന്ന എൻഡിഎയുടെ പ്രചാരണം പ്രതിരോധിക്കാനുമായില്ല. ഒവൈസിയും പ്രശാന്ത് കിഷോറും മറ്റ് പാർടികളും വോട്ട് ഭിന്നിപ്പിക്കുന്നത് തടയാൻ കഴിയാത്തതും തിരിച്ചടിയായി.








0 comments