പൊട്ടിത്തെറി ഡൽഹി ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തു പരിശോധിക്കുന്നതിനിടെ
print edition ശ്രീനഗറിലെ പൊലീസ് സ്റ്റേഷനിൽ സ്ഫോടനം ; 27 പേർക്ക് പരിക്ക്

ശ്രീനഗര്‍
ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തു ജമ്മുകശ്മീര്‍ ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. 24 പൊലീസുകാരടക്കം 27 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വെള്ളി രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി. 10ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുമ്പ് ഹരിയാന ഫരീദാബാദിൽനിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് അടക്കമുള്ളവയുടെ സാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.
പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകൾ നൗഗാമിൽ ഒക്‌ടോബർ 19ന് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് ഫരീദാബാദിൽനിന്ന് സ്‌ഫോടകവസ്‌തു നിർമാണ സാമഗ്രികളും ആയുധവും പിടികൂടിയത്. നൗഗാം പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോസ്റ്റര്‍ ഒട്ടിച്ച ആദിൽ അഹമ്മദ് റാത്തറിനെ ഒക്ടോബര്‍ 27ന് ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി സ്ഫോടനം നടത്തിയ "വൈറ്റ്കോളര്‍ ഭീകരസംഘ'ത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് ഇയാളിൽനിന്നാണ്. തുടര്‍ന്ന് ഫരീദാബാദ് അൽഫലാ സര്‍വകലാശാലയിലെ ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. ഷഹീൻ സൈദ് എന്നിവരെ അറസ്റ്റ് ചെയ്തു. മുസമ്മില്‍ വാടകയ്ക്ക് എടുത്ത വീട്ടിൽനിന്നാണ് 360 കിലോ സ്-േഫാടക വസ്‌തു കണ്ടെടുത്തത്. ഇതിൽ എത്ര കിലോയാണ് നൗഗാം പൊലീസ് സ്-റ്റേഷനിൽ സൂക്ഷിച്ചത് എന്ന് വ്യക്തമല്ല. ഈ സംഘത്തിൽപ്പെട്ട പുൽവാമ സ്വദേശി ഡോ. ഉമര്‍ നബിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത്.








0 comments