വിമത ബാഹുല്യത്തിൽ വലഞ്ഞ് കോൺഗ്രസ്, 3012 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല
print edition ചിത്രം തെളിഞ്ഞു ; ഉറപ്പോടെ എൽഡിഎഫ് , 15 വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് വിജയിച്ചു

തിരുവനന്തപുരം
പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ച്, തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വന്നതോടെ മത്സര ചിത്രം തെളിഞ്ഞു. 23,576 വാർഡുകളിൽ ലക്ഷത്തോളം സ്ഥാനാർഥികളാണ് മത്സരരംഗത്തുളളത്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതികൾ പൂർത്തിയാക്കിയതും ഒരു കുടുംബത്തെപ്പോലും വിട്ടുപോകാത്തവിധം നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളുമാണ് പ്രചാരണ വിഷയം. 15 വാർഡുകളിലാണ് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചത്. എൽഡിഎഫിന് വ്യക്തമായ മേൽക്കൈ ലഭിച്ചെന്നാണ് പൊതുചിത്രം.
സംസ്ഥാന സർക്കാരിന്റെ ‘അതിദാരിദ്ര്യ മുക്തം’ പ്രഖ്യാപനം തട്ടിപ്പാണെന്നും ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്നുമുള്ള പ്രചാരണം യുഡിഎഫ് ശക്തമാക്കുന്പോൾ അതെല്ലാം തിരിച്ചടിക്കുകയാണ്. ഇരകളെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന പുതിയ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മറുപടിയില്ലാതെ നേതാക്കളും പ്രതിരോധത്തിലായി.
സംസ്ഥാനത്താകെ എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വ്യാജപ്രചാരണങ്ങൾ താഴെത്തട്ടിലെത്തുന്നില്ല. ക്ഷേമവും വികസനവും ചർച്ചയാക്കാൻ വിസമ്മതിക്കുന്ന യുഡിഎഫ് വിവാദങ്ങളുടെ പിന്നാലെയാണ്. വിമതബാഹുല്യം കോൺഗ്രസിനെ വെട്ടിലാക്കിയതോടെ യുഡിഎഫ് കലഹമുന്നണിയായി. തിരുവനന്തപുരം ജില്ലയിലുൾപ്പെടെ ലീഗ്, ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികൾ പലയിടത്തും വിമതരായുണ്ട്.
യുഡിഎഫ് പരാജയം സമ്മതിച്ചതിന് തെളിവാണ് ബിജെപി, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയുമായി പലയിടത്തുമുള്ള സഖ്യം. സംസ്ഥാനത്ത് എല്ലായിടത്തും മത്സരിക്കുമെന്ന് പറഞ്ഞ ബിജെപി 3008 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. യുഡിഎഫുമായി വോട്ടുകച്ചവടമാണ് ലക്ഷ്യം. പകരം ബിജെപി വോട്ടുനൽകാൻ ധാരണയുണ്ട്.
രമേശ് ചെന്നിത്തല കോഴിക്കോട് ബിജെപി നേതാക്കളുമായി നടത്തിയ ചർച്ചയും കവിയൂർ പഞ്ചായത്തിലെ പ്രത്യക്ഷ സഖ്യവും പുറത്തുവന്നിരുന്നു. നേതാക്കളുടെയും പ്രവർത്തകരുടെയും തുടർച്ചയായ ആത്മഹത്യക്ക് മറുപടി പറയാനാകാതെ അണികളിൽനിന്നുപോലും ഒളിച്ചോടേണ്ട ഗതികേടിലാണ് ബിജെപി നേതാക്കൾ.
വോട്ടെടുപ്പിനുമുമ്പേ 15 വാർഡിൽ എൽഡിഎഫ് ജയം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയം തിങ്കളാഴ്‌ച കഴിഞ്ഞതോടെ സംസ്ഥാനത്ത് 15 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾകൂടി എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലും രണ്ടുവീതം സിപിഐ എം സ്ഥാനാർഥികൾക്കാണ് എതിരില്ലാത്തത്. ഇതടക്കം കണ്ണൂരിൽ പതിനാലുപേരും കാസർകോട്ട് ഒരാളും എതിരില്ലാതെ ജയിച്ചു.
ആന്തൂർ നഗരസഭയിൽ 13ാം ഡിവിഷനായ കോടല്ലൂരിൽ ഇ രജിതയും 18–ാം വാർഡായ തളിയിൽ കെ വി പ്രേമരാജനുമാണ് വിജയിച്ചത്. നാമനിർദേശകന്റെ വ്യാജ ഒപ്പിട്ട് യുഡിഎഫ് നൽകിയ പത്രിക വരണാധികാരി തള്ളിയതോടെയാണ് ഇരുവർക്കും എതിരില്ലാതായത്. കഴിഞ്ഞ ദിവസത്തെ മൂന്നുപേരടക്കം ആന്തൂരിൽ എതിരില്ലാതെ ജയിച്ചവർ അഞ്ചായി.
നാമനിർദേശകന്റെ വ്യാജ ഒപ്പിട്ട് പത്രിക നൽകിയതിനാൽ കണ്ണപുരം ഒന്നാം വാർഡിൽ കോൺഗ്രസ്, വാർഡ് എട്ടിൽ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി. വാർഡ് ഒന്നിൽ ഉഷാ മോഹനും എട്ടിൽ ടി ഇ മോഹനനുമാണ് ജയിച്ചത്. ഇതോടെ കണ്ണപുരത്ത് നേരത്തെ ജയിച്ച നാലുപേരടക്കം എൽഡിഎഫിന്റെ ആറുപേർക്ക് എതിരില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്നുപേർ കഴിഞ്ഞദിവസം എതിരില്ലാതെ ജയിച്ചിരുന്നു. നേരത്തെ, കാസർകോട് മടിക്കൈ പഞ്ചായത്തിലെ 10ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ ജയിച്ചിരുന്നു.
72005 സ്ഥാനാർഥികൾ
മത്സരചിത്രം തെളിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ 72,005 സ്ഥാനാർഥികൾ. 37,786 വനിതകളും 34,218പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കിൽ ചെറിയ വ്യത്യാസം വന്നേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ ആവേശം ഉച്ചസ്ഥായിയിൽ എത്തി. തിങ്കൾ പകൽ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു യുഡിഎഫും ബിജെപിയും. എന്നാൽ, അനുനയ നീക്കം മിക്കയിടത്തും ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് അന്തിമ പട്ടിക. അതേസമയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയാക്കി എൽഡിഎഫ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്.സ്ഥാനാർഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.









0 comments