കാഞ്ഞിരപ്പള്ളിയിലെ കുരുക്കിന് ബൈ ബൈ

നിർമാണം പുരോഗമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്
കാഞ്ഞിരപ്പള്ളി കാലങ്ങളായി കാഞ്ഞിരപ്പള്ളി നഗരത്തിൽ അനുഭവപ്പെടുന്ന നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമായ കാഞ്ഞിരപ്പള്ളി ബൈപാസ് പുതുവർഷത്തിൽ പൂർത്തിയാകും. നിർമാണം പകുതി പൂർത്തിയായി. ദേശീയപാത 183 ൽ നിന്നാരംഭിച്ച് കാഞ്ഞിരപ്പള്ളി - മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ മേൽപ്പാലം നിർമിച്ച് നിലവിലുള്ള ടൗൺഹാളിന്റെ പിറകുവശത്തുകൂടി കടന്ന് പൂതക്കുഴി ഫാബീസ് ജങ്‌ഷനിൽ അവസാനിക്കുംവിധമാണ് ബൈപാസ്. ബൈപാസിന്റെ തുടക്കത്തിലുള്ള ഫ്‌ളൈ ഓവർ നിർമാണവും പാതയുടെ ടാറിങ്ങുമാണ് ബാക്കിയുള്ളത്. തുടക്കത്തിലും അവസാന ഭാഗത്തുമുള്ള ദേശീയപാത 183 ലെ ട്രാഫിക്ക് ഐലൻഡുകളും നിർമിക്കേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളിക്കാർ കാലങ്ങളായി കാത്തിരിക്കുന്ന ബൈപാസ് റോഡിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകുന്നതോടെ കിഴക്കൻ കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായ കാഞ്ഞിരപ്പള്ളിയുടെ ഭാവമാകെ മാറും. കിഫ്ബി ധനസഹായത്തോടെ 80 കോടി രൂപ ചെലവഴിച്ചാണ് ബൈപാസ് നിർമിക്കുന്നത്. 1.65 കിലോമീറ്ററിൽ 15 മുതൽ 22 മീറ്റർ വരെ വീതിയിലുമാണ് നിർമാണം. വൈദ്യുതിവകുപ്പ്, ജലവിതരണ വകുപ്പ്, ബിഎസ്എൻഎൽ വകുപ്പുകളുടെ ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ച് വൈദ്യുതിതൂണുകൾ, ജലവിതരണ പൈപ്പ് ലൈനുകൾ, കേബിളുകൾ എന്നിവ മാറ്റിക്കഴിഞ്ഞു.









0 comments