ജമാഅത്തെ മുസ്ലിം ബ്രദർഹുഡ്‌ തന്നെ: സമസ്‌ത

print edition ജമാഅത്തെ കൂട്ടുകെട്ട്‌ ; യുഡിഎഫിനെതിരെ 
സമുദായ സംഘടനകൾ

Welfare Party udf alliance
avatar
പി വി ജീജോ

Published on Nov 26, 2025, 01:48 AM | 2 min read


കോഴിക്കോട്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കിയതിൽ സമുദായത്തിനകത്ത്‌ പ്രതിഷേധം ശക്തം. ജമാഅത്തെ ബന്ധം നാടിന്‌ നാശമെന്ന വിമർശവുമായി സമുദായ സംഘടനകളും നേതാക്കളും രംഗത്തെത്തി. സമസ്തയിൽ ഭിന്നത വിതയ്ക്കാനും പിളർത്താനും ശ്രമിക്കുന്നവരാണ്‌ ജമാഅത്തെ ഇസ്ലാമിയെന്ന ഗുരുതര ആരോപണവുമുയർത്തിയാണ്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എതിർപ്പ്‌. കോൺഗ്രസിലെയും മുസ്ലിംലീഗിലെയും മതനിരപേക്ഷ വാദികളായ ഒരുവിഭാഗത്തിനും വർഗീയ – തീവ്രവാദബന്ധത്തിൽ അതൃപ്‌തിയുണ്ട്‌.


ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഏക അജൻഡയിൽ ജമാഅത്തെയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയറിനൊപ്പം കടുത്ത മതതീവ്രവാദ സംഘടനയായ എസ്‌ഡിപിഐയുമായും യുഡിഎഫിന്‌ തെരഞ്ഞെടുപ്പ്‌ ധാരണയുണ്ട്‌. ജമാഅത്തെയുമായി ആറ്‌ ജില്ലകളിൽ മുന്നണിയായാണ്‌ മത്സരിക്കുന്നത്‌. മറ്റിടങ്ങളിൽ രഹസ്യധാരണയും. 110 പഞ്ചായത്തിലും 10 നഗരസഭയിലും യുഡിഎഫ്‌–ജമാഅത്തെ സഖ്യം നിലവിൽ വന്നു. എല്ലാതലത്തിലും യോജിച്ചാണ്‌ മത്സരിക്കുന്നത്‌. കോൺഗ്രസിലെയും ലീഗിലെയും ഉന്നത നേതൃത്വത്തിന്റെ മുൻകൈയിലാണ്‌ സഖ്യം യാഥാർഥ്യമാക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ നൽകാമെന്നാണ്‌ ജമാഅത്തെക്കും വെൽഫെയർ നേതാക്കൾക്കും കോൺഗ്രസ്‌–ലീഗ്‌ നേതൃത്വം നൽകിയ വാഗ്‌ദാനം.


അതേസമയം, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതിനെ സുന്നി പ്രസ്ഥാനങ്ങളടക്കം പ്രമുഖ സമുദായ സംഘടനകളും നേതാക്കളും നിശിതമായി അപലപിച്ചു. ലീഗ്‌ അനുകൂല സുന്നി വിഭാഗമായ സമസ്‌ത കേരള ജംയ്യത്തുൽ ഉലമ(ഇകെ വിഭാഗം)യും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്തയും ജമാഅത്തെയുമായി ബന്ധം പാടില്ലെന്ന്‌ വ്യക്തമാക്കി.


ആർഎസ്‌എസിന്‌ തുല്യം: 
കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമിയുമായിട്ടല്ല സഖ്യം വെല്‍ഫെയര്‍ പാർടിയുമായാണ് എന്ന യുഡിഎഫ്‌ വാദം ‘ഞങ്ങള്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല, ബിജെപിയുമായാണ് സഖ്യമുള്ളത്' എന്ന്‌ പറയുന്നതിന്‌ തുല്യമാണെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കാന്തപുരം വിഭാഗം വ്യക്തമാക്കി. മുഖപത്രമായ സിറാജിൽ ജമാഅത്തെ ഇസ്ലാമിയുടെ ‘ധൃതരാഷ്ട്രാലിംഗനം' എന്ന ലേഖനത്തിലാണ്‌ വിമർശം.


ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചു എന്ന്‌ പറയുന്നതും മ‍ൗദൂദിയെ തള്ളിപ്പറഞ്ഞുവെന്നതും വസ്‌തുതയല്ല. ജമാഅത്തെയുടെ കൈവശമുള്ള മാധ്യമങ്ങളുടെ ശക്തിയില്‍ അമിതമായി വിശ്വസിച്ച് ചിലര്‍ പ്രതീക്ഷിക്കുന്ന ലാഭം മതേതര മുഖം പോലും അവര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമാകും. പണ്ഡിത നേതൃത്വങ്ങളുടെയും സുന്നി സംഘടനകളുടെയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ചെവിക്കൊള്ളാന്‍ സമുദായ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തതിന്റെ ദുരന്തം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയ – പരാജയങ്ങളില്‍ ഒതുങ്ങുന്നതായിരിക്കില്ലെന്നും കാന്തപുരം വിഭാഗം ഓർമിപ്പിച്ചു. എസ്‌വൈഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ളാഹ്‌ സഖാഫി എളമരമാണ്‌ ‘ജമാഅത്തെ ഇസ്ലാമിയുടെ ധൃതരാഷ്ട്രാലിംഗനം' എന്ന ലേഖനത്തിൽ നിലപാട്‌ വ്യക്തമാക്കിയത്‌.


ജമാഅത്തെ മുസ്ലിം ബ്രദർഹുഡ്‌ തന്നെ: സമസ്‌ത

ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ബ്രദർഹുഡും ഒരുനാണയത്തിന്റെ രണ്ടുപുറങ്ങളാണെന്ന്‌ സമസ്‌ത കേരള സുന്നി യുവജന സംഘടന സംസ്ഥാന സെക്രട്ടറി അബ്ദുൾഹമീദ്‌ ഫൈസി അന്പലക്കടവ്‌ പറഞ്ഞു. ജമാഅത്തെ ബന്ധം ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലിങ്ങളിൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കലാകും. ജമാഅത്തെ യുവജന സംഘടനയായ സോളിഡാരിറ്റി ഏപ്രിലിൽ നടത്തിയ എയർപോർട്ട് മാർച്ച് വിവാദമായത് മറക്കാനാവില്ല. തെരഞ്ഞെടുപ്പിൽ അവരുമായി മുന്നണിയായി മത്സരിക്കുന്നത് ഗുരുതരമായി കാണണം. സമസ്തയിലെ പ്രശ്നങ്ങൾ പരിശോധിച്ചാൽ തെളിയുന്ന ചിത്രം ഒരു വിഭാഗത്തിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമാണെന്ന് കണ്ടെത്താനാകും.


ജമാഅത്തെ കേഡർ പാർടിയാണ്. ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഏതുവഴിയും സ്വീകരിക്കും. സുന്നികൾ ഭൂരിപക്ഷമുള്ള മഹല്ലിൽ അവർ തെരഞ്ഞെടുക്കപ്പെട്ടാൽ സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാർഡും അവര് സ്വന്തമാക്കും. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ നിലപാടിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും അന്പലക്കടവ്‌ വ്യക്തമാക്കി. ജമാഅത്തെയുമായി അകലം പാലിക്കണമെന്ന്‌ സമസ്‌ത ജോയിന്റ്‌ സെക്രട്ടറി ഉമർഫൈസി മുക്കവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങളുള്ള വേദിയിൽ ഉമർഫൈസി നടത്തിയ വിമർശം സമുദായത്തിലാകെ ചർച്ചയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home