print edition തമ്മിലടിച്ച് കർണാടക കോൺഗ്രസ് ; വിലപേശൽ കടുപ്പിച്ച് ശിവകുമാർ

ന്യൂഡൽഹി
മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള വിലപേശൽ ഡി കെ ശിവകുമാർ ശക്തമാക്കിയതോടെ കർണാടക കോൺഗ്രസിൽ പ്രതിസന്ധി കനത്തു. രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി മാറ്റമെന്നത് രഹസ്യധാരണയാണെന്നും പാർടിയിലെ ഏതാനും നേതാക്കൾക്ക് മാത്രമാണ് അതറിയാവുന്നതെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ മാറ്റുന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിമാറ്റത്തിന്റെ കാര്യത്തിൽ രഹസ്യധാരണയുണ്ടെന്ന ശിവകുമാറിന്റെ വെളിപ്പെടുത്തൽ പദവിക്കായുള്ള അദേഹത്തിന്റെ താൽപ്പര്യമാണ് വ്യക്തമാക്കുന്നത്. പരസ്യമായ അഭിപ്രായപ്രകടനത്തിന് താനില്ലെന്ന് പറഞ്ഞാണ് രഹസ്യധാരണ നിലവിലുണ്ടെന്ന് അദ്ദേഹം പരസ്യപ്പെടുത്തിയത്. ഇരുപതോളം എംഎൽഎമാർ നേതൃമാറ്റം ആവശ്യപ്പെട്ട് ഡൽഹിക്ക് പോയത് തന്റെ അറിവോടെയല്ലെന്നും ശിവകുമാർ അവകാശപ്പെട്ടു.
കർണാടക കോൺഗ്രസിൽ പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യവും ശക്തമാവുകയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം രാഹുൽ എവിടെയും സജീവമല്ല. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കർണാടകത്തോട് അകലം പാലിക്കുകയാണ്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മാത്രമാണ് വിഷയത്തിൽ ഇടപ്പെട്ടിട്ടുള്ളത്. എന്നാൽ തീരുമാനത്തിലെത്താൻ ഖാർഗെയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് കോൺഗ്രസ് പ്രസിഡന്റിന്റെയും നിലപാട്. ആരാണ് ഹൈക്കമാൻഡ് എന്നുമാത്രം ഖാർഗെ വെളിപ്പെടുത്തിയില്ല.








0 comments