print edition കഠിനം, റൺമല ; അവസാനദിനം ഇന്ത്യക്ക് ജയിക്കാൻ 522 റൺ, ദക്ഷിണാഫ്രിക്കക്ക് എട്ട് വിക്കറ്റ്

ദക്ഷിണാഫ്രിക്കൻ സ്--പിന്നർ സിമോൺ ഹാർമറുടെ പന്തിൽ ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ ക്ലീൻ ബൗൾഡാകുന്നു
ഗുവാഹത്തി
കൂറ്റൻ റൺമല കയറാനാകാതെ ഇന്ത്യ കുഴങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ബാറ്റിലും പന്തിലും അമ്പേ പരാജയപ്പെട്ട ഇന്ത്യയെ തുറിച്ചുനോക്കുന്നത് ദയനീയ പരാജയം. സ്‌പിൻ ബൗളർമാർക്ക് അനുകൂലമായി തിരിഞ്ഞുതുടങ്ങിയ പിച്ചിൽ സമനില ആഗ്രഹിക്കാൻപോലും ഇന്ത്യക്ക് അർഹതയില്ല. അവസാന ദിവസമായ ഇന്ന് എട്ട് വിക്കറ്റെടുത്താൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കളി ജയിക്കാം. ഇന്ത്യക്ക് വേണ്ടത് പരമാവധി 90 ഓവറിൽ 522 റൺ. മത്സരം സമനിലയായാലും ദക്ഷിണാഫ്രിക്ക പരമ്പര നേടും. കാരണം ആദ്യ ടെസ്‌റ്റ് 30 റണ്ണിന് ജയിച്ചിരുന്നു.
സ്‌കോർ: ദക്ഷിണാഫ്രിക്ക 489, 260/5 ഡിക്ല. ഇന്ത്യ 201, 27/2
ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയത് 549 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യമാണ്. ഏഷ്യൻ പിച്ചുകളിൽ ഒരു ടീമും 400 റണ്ണിന് മുകളിൽ റൺ പിന്തുടർന്ന് ജയിച്ച ചരിത്രമില്ല. നാട്ടിലെ പിച്ചിൽ രണ്ടാംതവണ മാത്രമാണ് ഇന്ത്യക്കെതിരെ ഒരു ടീം 500 റണ്ണിന് മുകളിൽ വിജയലക്ഷ്യം നൽകുന്നത്. 2004ൽ 543 റൺ ഉയർത്തിയ ഓസ്‌ട്രേലിയ 342 റണ്ണിന് ജയിച്ചു. റണ്ണടിസ്ഥാനത്തിൽ ഇന്ത്യയുടെ വലിയ തോൽവിയായിരുന്നു ഇത്. ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനിന്നില്ലെങ്കിൽ ഇന്നും സമാന തോൽവിയായിരിക്കും ഫലം. സായ്‌സുദർശനും(2) കുൽദീപ് യാദവുമാണ് ക്രീസിലുള്ളത്.
ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും(13) കെ എൽ രാഹുലും(6) പുറത്തായി. ഓരോ ഫോറും സിക്‌സറുമടിച്ച ജയ്‌സ്വാളിനെ മാർകോ യാൻസെന്റെ പന്തിൽ വിക്കറ്റ്‌കീപ്പർ കൈൽ വെരെനി പിടിച്ചു. സ്‌പിന്നർ സിമോൺ ഹാർമറുടെ പന്തിൽ രാഹുൽ ബൗൾഡായി.
ദക്ഷിണാഫ്രിക്ക നന്നായി പന്തെറിഞ്ഞ, ബാറ്റ് ചെയ്‌ത പിച്ചിൽ ഇത് രണ്ടും ഇന്ത്യക്ക് സാധ്യമായില്ലെന്നതാണ് തിരിച്ചടിക്ക് കാരണം. രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ റണ്ണടിച്ച് ഇന്ത്യയെ ബാറ്റിങിന് ഇറക്കുകയായിരുന്നു നാലാം ദിവസം ദക്ഷിണാഫ്രിക്കൻ തന്ത്രം. വിക്കറ്റ് നഷ്‌ടപ്പെടാതെ 26 റണ്ണുമായി ബാറ്റിങ് തുടങ്ങിയ അതിഥികൾ ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് 94 റണ്ണിന് പുറത്തായപ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. ദക്ഷിണാഫ്രിക്കക്ക് 288 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 260 റൺകൂടി കിട്ടിയതോടെ ലീഡ് 500 കടന്നു.
റ്യാൻ റിക്കിൾടൺ(35), എയ്‌ദൻ മാർക്രം(29), ടോണി ഡി സോർസി(49) എന്നിവർ ലീഡുയർത്താൻ സഹായിച്ചു. ക്യാപ്‌റ്റൻ ടെംബ ബവുമ(3) തിളങ്ങിയില്ല. 35 റണ്ണുമായി വിയാൻ മുൾഡർ പുറത്താകാതെനിന്നു. ഇന്ത്യക്കായി സ്‌പിന്നർ രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റുണ്ട്.







0 comments