കേരള ക്യാമ്പ് ഡിസംബറിൽ ; കളി അസമിലെ 
രണ്ട്‌ പട്ടണങ്ങളിൽ , ധകുഖാനയും ദെമാജിയും വേദിയാകും

print edition സന്തോഷ്‌ ട്രോഫി അസമിലേക്ക്‌ ; കേരളം ഇത്തവണ വേദിയാകില്ല

Santhosh Trophy assam
avatar
അജിൻ ജി രാജ്‌

Published on Nov 26, 2025, 03:56 AM | 1 min read


കോഴിക്കോട്‌

കേരളം പ്രതീക്ഷിച്ച സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ആതിഥേയത്വം അസം സ്വന്തമാക്കി. ജനുവരി രണ്ടാം വാരത്തിൽ നടക്കുന്ന ഫൈനൽ റ‍ൗണ്ടിന്‌ അസമിലെ പട്ടണങ്ങളായ ധകുഖാനയും ദെമാജിയും വേദിയാകും. തലസ്ഥാനമായ ഗുവാഹത്തിയിൽനിന്ന്‌ എട്ട്‌ മണിക്കൂർ യാത്രയുണ്ട്‌. ഇത്‌ മൂന്നാം തവണയാണ്‌ അസം സന്തോഷ്‌ ട്രോഫിക്ക്‌ സംഘാടകരാകുന്നത്‌.


ഡിസംബറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി യോഗ്യതാ റ‍ൗണ്ടുകൾ നടക്കും. ഒമ്പത്‌ ഗ്രൂപ്പുകളിലായി 35 ടീമുകളാണ്‌ പോരാടുന്നത്‌. ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ഫൈനൽ റ‍ൗണ്ടിനെത്തും. നിലവിലെ ചാമ്പ്യൻമാരായ ബംഗാളും റണ്ണറപ്പായ കേരളവും ആതിഥേയരായ അസമും നേരിട്ട്‌ യോഗ്യത നേടി. ആകെ 12 ടീമുകളാണ്‌ അന്തിമഘട്ടത്തിൽ.


രാജ്യത്തെ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ്‌ ട്രോഫിക്ക്‌ ആതിഥേയരാകാൻ താൽപ്പര്യമുണ്ടെന്ന്‌ കേരളം അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്‌എഫ്‌) അറിയിച്ചിരുന്നു. ഒ‍ൗദ്യോഗികമായി കത്തും നൽകി. സൂപ്പർ ലീഗ്‌ കേരള നടക്കുന്നതിനാൽ സ്‌റ്റേഡിയങ്ങളും അടിസ്ഥാന സ‍ൗകര്യങ്ങളുമെല്ലാം സജ്ജമാണെന്നതായിരുന്നു ടൂർണമെന്റ്‌ നടത്തിപ്പ്‌ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്‌. എന്നാൽ കേരളത്തെ കൂടാതെ ബംഗാളും അസമും സന്നദ്ധത അറിയിച്ചെത്തി. അവസാനഘട്ടത്തിലാണ്‌ വടക്കു കിഴക്കൻ സംസ്ഥാനമായ അസമിനെ പരിഗണിച്ചത്‌.


കഴിഞ്ഞ ഫൈനലിസ്റ്റുകളായ കേരളത്തിനും ബംഗാളിനും നേരിട്ട്‌ ഫൈനൽ റ‍ൗണ്ട്‌ യോഗ്യതയുണ്ട്‌. ആതിഥേയരാകുന്നവർക്കും ഇ‍ൗ അവസരമുണ്ട്‌. വേദി കേരളത്തിനോ ബംഗാളിനോ നൽകിയാൽ പുതിയ ടീമിനുള്ള അവസരം നഷ്ടമാകും. അസമിൽ കളി കൂടുതൽ ജനകീയമാകാൻ സന്തോഷ്‌ ട്രോഫി സഹായിക്കുമെന്നതും എഐഎഫ്‌എഫ്‌ തീരുമാനത്തെ സ്വാധീനിച്ചു.


കേരള ക്യാമ്പ് ഡിസംബറിൽ

സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനൽ റൗണ്ടിനുള്ള കേരളത്തിന്റെ പരിശീലന ക്യാമ്പ് ഡിസംബർ ആദ്യവാരം തുടങ്ങും. സ്ഥലം തീരുമാനിച്ചിട്ടില്ല. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ താരങ്ങളാകും ആദ്യഘട്ട ക്യാമ്പിൽ. ഡിസംബർ 14ന് സൂപ്പർ ലീഗ് കഴിഞ്ഞാൽ ലീഗ് കളിക്കാരും ചേരും. എം ഷഫീഖ് ഹസനാണ് കേരളത്തിന്റെ പരിശീലകൻ. എബിൻ റോസ് സഹപരിശീലകനും. ഏഴുതവണ ചാമ്പ്യൻമാരാണ് കേരളം.



deshabhimani section

Related News

View More
0 comments
Sort by

Home