print edition അയോധ്യയിൽ കാവിക്കൊടി ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി
അയോധ്യയിൽ ബാബ്‌റി മസ്‌ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്‌എസ് സർസംഘ്‌ചാലക് മോഹൻ ഭാഗവതും ചേർന്ന് കാവിക്കൊടി ഉയർത്തി. 191 അടി ഉയരമുള്ള കൊടിമരത്തിലാണ് 20 അടി നീളവും 10 അടി വീതിയുമുള്ള കാവിക്കൊടി സ്ഥാപിച്ചത്. ക്ഷേത്രനിർമാണ നടപടികൾ പൂർത്തീകരിച്ചാണ് കൊടി ഉയർത്തിയത്. അമ്പലത്തിന്റെ തറക്കല്ല് സ്ഥാപിച്ചതും വിഗ്രഹപ്രതിഷ്‌ഠ നടത്തിയതും പ്രധാനമന്ത്രിയായിരുന്നു.
വികസിത ഇന്ത്യ യാഥാർഥ്യമാക്കണമെങ്കിൽ ഉള്ളിലെ രാമനെ ഉണർത്തണമെന്ന് മോദി പറഞ്ഞു. നൂറ്റാണ്ടുകൾ നീണ്ട മുറിവുണങ്ങിയെന്നും മോദി പറഞ്ഞു. അയോധ്യയിൽ ധർമധ്വജമാണ് ഉയർത്തിയതെന്നും ഇൗ കൊടിക്കീഴിലാകും ഇനി ലോകമാകെ നീങ്ങുകയെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ദളിതനായതിനാൽ മാറ്റിനിർത്തി
കൊടി ഉയർത്തൽ ചടങ്ങിലേക്ക് ദളിതനായതുകൊണ്ട് തന്നെ ക്ഷണിച്ചില്ലെന്ന് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള എംപി അവധേഷ് പ്രസാദ് പറഞ്ഞു. ദളിത് ജനവിഭാഗങ്ങളോട് സംഘപരിവാറിനുള്ള തൊട്ടുകൂടായ്‌മയാണ് പ്രകടമാകുന്നത്. ക്ഷേത്രം എല്ലാവരുടേതുമാണ്– അവധേഷ് പ്രസാദ് പറഞ്ഞു. അതേസമയം, ആരും ക്ഷണിക്കാതെതന്നെ എംപി പരിപാടിയിൽ പങ്കെടുക്കണമായിരുന്നു എന്നാണ് ബിജെപിയുടെ വിചിത്ര നിലപാട്. ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്ന് ബിജെപി നേതാവ് ഹരീഷ്‌ചന്ദ്ര ശ്രീവാസ്‌തവ പറഞ്ഞു.








0 comments