print edition ഇൗ നിഘണ്ടുവിൽ അസാധ്യമെന്നൊരു വാക്കില്ല


മിൽജിത്ത് രവീന്ദ്രൻ
Published on Nov 26, 2025, 01:15 AM | 2 min read
തകർന്നടിഞ്ഞ സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരുന്നു കേരളത്തിന്റെ വ്യവസായ മേഖല. ശമ്പളംമുടങ്ങി ജീവിതം വഴിമുട്ടിയ ജീവനക്കാരും കടംകയറി ഗതിയില്ലാതായ സംരംഭകരും വാർത്തകളിൽ നിറഞ്ഞ യുഡിഎഫ് കാലം. വി എസ് സർക്കാരിന്റെ കാലത്ത് 292 കോടി ലാഭത്തിലെത്തിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഉമ്മൻചാണ്ടി 2016ൽ അധികാരമൊഴിയുമ്പോൾ 646 കോടി നഷ്ടത്തിലാക്കി. ആ പടുകുഴിയിൽനിന്നാണ് പിണറായി സർക്കാർ നഷ്ടം നികത്തി പൊതുമേഖലയെ ലാഭത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഉറപ്പിച്ചിറങ്ങിയാൽ സാധ്യമല്ലാത്തത് ഒന്നുമില്ലെന്ന് കേരളം തെളിയിച്ചു...
തിരുവനന്തപുരം
എൽഡിഎഫ് സർക്കാരുകളുടെ ക്രിയാത്മകമായ ഇടപെടലിലാണ് വ്യവസായസൗഹൃദ സംസ്ഥാനങ്ങളിൽ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് ഒന്നാംസ്ഥാനത്തേക്ക് കേരളമെത്തിയത്. ആധുനിക വ്യവസായ മേഖലകളിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, ചെറുകിട വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകുക എന്നിവയിൽ ഊന്നിയാണ് പുതുചരിത്രം രചിച്ചത്.
കിൻഫ്രയുടെ 34 വ്യവസായപാർക്കുകളിലായി 1400 യൂണിറ്റുണ്ട്. 6280 കോടിയുടെ നിക്ഷേപവും 72,500 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. 10 വ്യവസായപാർക്കുകൾ എൽഡിഎഫ് ഭരണകാലത്ത് പുതുതായി ആരംഭിച്ചു.

സംരംഭകവർഷം പദ്ധതിയിലൂടെ 3,53,210 എംഎസ്എംഇകളാണ് പ്രവർത്തനം ആരംഭിച്ചത്. ഇതുവഴി 7.49 ലക്ഷം തൊഴിലും 22,692 കോടിയുടെ നിക്ഷേപവുമുണ്ടായി. 1.12 ലക്ഷം സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു.
മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിലെത്തിച്ചു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്.
മറന്നിട്ടില്ല, വ്യവസായം വെന്റിലേറ്ററിലായ യുഡിഎഫ് കാലം
വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങൾ, നഷ്ടത്തിലായ വ്യവസായങ്ങൾ... 2011–16ലെ ആ വെന്റിലേറ്റർ കാലം ആരും മറക്കാനിടയില്ല. 2006–11 ലെ എൽഡിഎഫ് സർക്കാർ പടിയിറങ്ങിയപ്പോൾ 292.45 കോടി രൂപയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം. തുടർന്ന് 2016വരെ ഭരിച്ച യുഡിഎഫ് വ്യവസായ മേഖലയെ വെന്റിലേറ്ററിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെയാകെ അവഗണിച്ചു.

849 കോടി രൂപയാണ് പൊതുമേഖലയ്ക്കായി യുഡിഎഫ് ബജറ്റുകളിൽ മാറ്റിവച്ചത്. എന്നാൽ, പകുതിപോലും നൽകിയില്ല. ഒടുവിൽ 2016ൽ യുഡിഎഫ് പടിയിറങ്ങുമ്പോൾ 645.96 കോടി രൂപയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്‌ടം.
ഫാക്‌ട്, ടിസിസി, ഐഎസി, എച്ച്‌ഐഎൽ, എച്ച്‌ഒസി, ഐആർഇ, എച്ച്‌എംടി, കെഎംഎംഎൽ എന്നിവയെല്ലാം അടച്ചുപ്പൂട്ടലിന്റെ വക്കിലായി. എൽഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കിയ പിണറായിലെ വീവിങ് മില്ലും, ഉദുമയിലെ സ്‌പിന്നിങ്മില്ലും തുറക്കാൻപോലും യുഡിഎഫ് തയ്യാറായില്ല.
നിക്ഷേപമെത്തിക്കാനെന്ന പേരിൽ അന്ന് യുഡിഎഫ് സംഘടിപ്പിച്ച എമേർജിങ് കേരള പ്രഹസന്നമാവുന്നതിനും കേരളം സാക്ഷ്യംവഹിച്ചു. ഒരുരൂപയുടെ നിക്ഷേപമെത്തിക്കാൻ പോലും സാധിച്ചില്ല. യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ പുതിയ വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി പരസ്യമായി പറഞ്ഞു. വി എസ് സർക്കാർ വ്യവസായ സംരംഭങ്ങൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയെന്നും ഉമ്മൻചാണ്ടി സർക്കാരിൽ അത്തരമൊരു അന്തരീക്ഷം കാണുന്നില്ലെന്നും എ കെ ആന്റണി തുറന്നടിച്ചിരുന്നു.

ബദലുയർത്തി കേരളം ; മിന്നിത്തിളങ്ങി പൊതുമേഖല
പൊതുമേഖലയെ കൈയൊഴിയുന്ന സമീപനം കേന്ദ്ര സർക്കാർ സ്വീകരിച്ചപ്പോൾ ബദലുയർത്തിയത് കേരളമാണ്. കേന്ദ്രം വിൽപ്പനയ്‌ക്ക് വച്ച സ്ഥാപനങ്ങൾ ഏറ്റെടുത്തു. കോട്ടയത്തെ എച്ച്എൻഎലും കാസർകോട് കെൽ -ഇഎംഎല്ലും ഏറ്റെടുത്തു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27. പ്രവർത്തന ലാഭം 27.30 കോടി. വിറ്റുവരവ് 2440.14 കോടി. കെഎംഎംഎൽ, കെൽട്രോൺ, കെഎസ്ഐ ഇ, ടെൽക്ക്, എസ്ഐഎഫ്എൽ, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, തുടങ്ങിയ 27 പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്.











0 comments