സ്ഥാനാർഥി ആരായാലും 
എൽദോസിന്റെ പാട്ട്‌ റെഡി

parady song
avatar
ജോഷി അറയ്‌ക്കൽ

Published on Nov 26, 2025, 02:40 AM | 1 min read


കോതമംഗലം

തദ്ദേശ തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ പാരഡിഗാന രചനയുടെ തിരക്കിലാണ് കവിയും ഗാനരചയിതാവുമായ എൽദോസ് പുന്നേക്കാട്. മുപ്പത് വർഷമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പാരഡി ഗാനരചന, ഓട്ടൻതുള്ളൽ രചന, ഡിജിറ്റൽ അനൗൺസ്മെന്റ്‌, പ്രചാരണ ഡോക്യുമെന്ററി നിർമാണം എന്നിവയിൽ സജീവമാണ് എൽദോസ്. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ഗാനങ്ങൾ എഴുതിയത് എൽദോസാണ്. സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏത് പാട്ട്‌ വേണമെന്നും അറിയിച്ചാൽ ആനുകാലിക, പ്രാദേശിക വിഷയങ്ങൾ കോർത്തിണക്കി മിനിറ്റുകൾക്കകം പാട്ട് റെഡി.


നോട്ട് നിരോധന കാലത്ത് സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോർത്തിണക്കി എൽദോസ് എഴുതിയ കവിത വലിയ സ്വീകാര്യത നേടിയിരുന്നു. കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനുവേണ്ടി ബോധവൽക്കരണ ഗാനങ്ങളും രചിച്ചു. കോതമംഗലത്തിന്റെ ചരിത്രം ‘നാൾവഴികൾ’ എന്ന പേരിലും കീരംപാറ ഗ്രാമത്തിന്റെ ചരിത്രം‘തത്തകളുടെ നാട്' എന്ന പേരിലും ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്‌. മുന്നൂറോളം കവിതകളും നാനൂറിൽപ്പരം പാരഡിഗാനങ്ങളും എഴുതിയിട്ടുണ്ട്. "ആരതി പ്രണയിക്കുകയാണ്: എന്ന ചെറുകഥയ്‌ക്ക് സേവനയുടെ പുരസ്‌കാരവും ഗാനരചനയ്‌ക്ക് പുരോഗമന കലാസാഹിത്യസംഘത്തിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home