അടവുനയത്താൽ അട്ടിമറി

സി കെ നാരായണനും പാർവതി ഭായും
ടി കെ നാരായണൻ
Published on Nov 26, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
ബളാലിലും വെസ്‌റ്റ് എളേരിയിലും കോൺഗ്രസിന്റെ ഭരണക്കുത്തക തകർത്ത പഞ്ചായത്ത് പോരാട്ടത്തിന്റെ കഥപറയുകയാണ് മുതിർന്ന സിപിഐ എം നേതാവ് സി കെ നാരായണനും ഭാര്യ പാർവതി ഭായും. 1979ലെ വാശിയേറിയ തെരഞ്ഞെടുപ്പിൽ പഞ്ചായത്തംഗങ്ങളായ നാരായണനും ഭാര്യ പാർവതി ഭായും പറയാൻ നിരവധി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ കഥകളുണ്ട്. 18 വർഷത്തെ വെസ്‌റ്റ് എളേരിയിലെ കോൺഗ്രസ് ഭരണ കുത്തക തകർത്ത കഥ സികെ നാരായണൻ പറയുന്പോൾ സപിഐ എമ്മിനെ പ്രതിനിധീകരിച്ച തന്റെ ഒറ്റയാൾബലത്തിൽ ബളാൽ പഞ്ചായത്തിലെ കോൺഗ്രസ് ഭരണം അട്ടിമറിച്ച കഥയാണ് പാർവതിഭായ് ഓർത്തെടുക്കുന്നത്. സിപിഐ നേതാവ് പരേതനായ എൻ എം മാണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വെസ്‌റ്റ് എളേരി പഞ്ചായത്ത് 16 വർഷം ഭരിച്ചത്. ബളാലിൽ പരേതനായ ബി എം കുഞ്ഞിരാമൻ നായരുടെ നേതൃത്വ ത്തിലുള്ള ഭരണസമിതിയും. രണ്ടിടത്തെയും ഭരണക്കുത്തക തകർക്കാൻ സിപിഐ എം-, പിഎസ്‌പി പാർടികൾ യോജിച്ചു. വെസ്റ്റ് എളേരിൽ ഒമ്പതുവാർഡിൽ സിപിഐ എം സഖ്യത്തിന് ആറുസീറ്റ് ലഭിച്ചു. കോൺഗ്രസ് സഖ്യത്തിന് മൂന്നുസീറ്റും. കെ കുഞ്ഞമ്പു പ്രസിഡന്റായി സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തി. ബളാലിൽ ജയം കോൺഗ്രസ് ആവർത്തിച്ചെങ്കിലും സിപിഐ എം പാനലിൽ ചുള്ളി വനിതാ സംവരണ വാർഡിൽനിന്ന് ജയിച്ച് പാർവതിഭായി ബളാലിലെ ആദ്യവനിതാ പഞ്ചായത്തംഗമായി. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായതോടെ സിപിഐ എം അടവുനയം പ്രയോഗിച്ചു. പാർവതിഭായുടെ ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിൽ കേരളാ കോൺഗ്രസ് നേതാവ് പി എം മൈക്കിൾ പ്രസിഡന്റായി. ഇതോടെ ബളാലിൽ ആദ്യമായി കോൺഗ്രസ് ഇതര പ്രസിഡന്റ് അധികാരത്തിലെത്തി 1980ൽ ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതോടെ പഞ്ചായത്തംഗത്വം രാജിവച്ചു. 1981 മെയ് 17ന് സി കെ നാരായണനുമായി നടന്ന ജാതിരഹിത വിവാഹം മറ്റൊരു വിപ്ലവമായി. ഇത്തവണ വെസ്‌റ്റ് എളേരി പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന കാര്യത്തിൽ ഇവർക്ക് എതിരഭിപ്രായമില്ല








0 comments