ചിരപരിചിത വഴിയിൽ സന്തോഷമധുരം

ജില്ലാ പഞ്ചായത്ത് സിവിൽ സ്‌റ്റേഷൻ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷാഫി സന്തോഷ് നഗർ കുഞ്ഞിക്കാനത്തെ റഹ്മാനിയ ബേക്കറിയിലെ തൊഴിലാളികൾക്കൊപ്പം
കെ വി രഞ്ജിത്
Published on Nov 26, 2025, 02:30 AM | 1 min read
കാസർകോട്
അപ്പത്തരങ്ങൾ ഏറെയുണ്ട് ചെങ്കള സന്തോഷ് നഗർ കുഞ്ഞിക്കാനത്തെ റഹ്മാനിയ ബേക്കറിയിൽ. പലഹാരങ്ങൾ വാങ്ങാനെത്തിയവർ നിറയെ ബേക്കറിയിലുണ്ട്. അതിനിടയിലാണ് ജില്ലാ പഞ്ചായത്ത് സിവിൽ സ്‌റ്റേഷൻ ഡിവിഷൻ സ്ഥാനാർഥി ഷാഫി സന്തോഷ് നഗറെത്തിയത്. കയറിയയുടൻ കണ്ടത് ഹക്കീമിനെ. ‘‘നീയാണല്ലേ സ്ഥാനാർഥി. പലപ്പോഴും ഇവിടെ ജയിച്ചവരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാറില്ല. നീ നമ്മളെ ചെക്കനല്ലേ. ഉറപ്പിച്ചോ അട്ടിമറിയാ, അട്ടിമറി’’– കൈപിടിച്ച് കുലുക്കിക്കൊണ്ട് ഹക്കിം പറഞ്ഞപ്പോൾ ബേക്കറിയാകെ സന്തോഷ മധുരം നിറഞ്ഞു. ‘അതെ സത്യമാ പറഞ്ഞത് ജില്ലാ പഞ്ചായത്ത് എത്ര വൈവിധ്യമാർന്ന പരിപാടികളാണ് നടത്തിയത്. എന്നാലിവിടെ നിന്ന് ജയിച്ചയാൾ എന്തെങ്കിലും പദ്ധതികൾ ഇവിടെയെത്തിച്ചോ എന്ന് സംശയമാണ്’– ബേക്കറിയിൽ അച്ചപ്പം വാങ്ങാനെത്തിയ അബ്ദുറഹ്മാന്റെ അച്ചട്ടായ മറുപടിയിൽ തെളിഞ്ഞു ഡിവിഷന്റെ അവസ്ഥ. പുഞ്ചിരിക്കുന്ന മുഖവുമായി ഷാഫി വീടുകൾ കയറുന്പോൾ എല്ലാവരും പറയുന്നത് മാറ്റമുണ്ടാകുമെന്നുതന്നെ. മ്മക്ക് വോട്ടുചെയ്യില്ലേ എന്ന ചോദ്യത്തിന് ഉറപ്പല്ലേയെന്ന് ചെങ്കള പഞ്ചായത്ത് 21–ാം വാർഡ് പടിഞ്ഞാറെമൂലെയിലെ മജീദിന്റെ വീട്ടുകാരുടെ ഒരുമിച്ചുള്ള മറുപടി. മറ്റുപഞ്ചായത്തുകൾ വൈവിധ്യമാർന്ന വികസന പ്രവർത്തനം നടത്തുന്പോൾ ചെങ്കളയിൽ തനതായ വികസനമൊന്നും നടക്കുന്നില്ലെന്നും ഇതിന് മറുപടിയുണ്ടാകുമെന്ന് സ്ഥാനാർഥിയെ കാണാനെത്തിയ മിദ്‌ലാജ് പറഞ്ഞു. നാട്ടുകാരനും സുപരിചിതനുമായ ഷാഫി സന്തോഷ് നഗറിനെ വരവേൽക്കുന്പോൾ പ്രതീക്ഷയാണെല്ലാവർക്കും. ചെങ്കള പഞ്ചായത്തിൽ 21–ാം വാർഡിലായിരുന്നു ചൊവ്വാഴ്‌ച ഉച്ചക്കുശേഷമുള്ള പര്യടനം. ഐഎൻഎൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ഷാഫി ജീവകാരുണ്യപ്രവർത്തകനും ഡിവിഷനിലെങ്ങും പരിചിതവലയമുള്ളയാളുമാണ്. നാലാംമൈൽ റഹ്മത്ത് നഗറിലാണ് താമസം. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ എരിയാൽ, ചൂരി, രാംദാസ് നഗർ, ഉളിയത്തടുക്ക, സിവിൽസ്‌റ്റേഷൻ എന്നീ ഡിവിഷനുകൾ ചേർന്നതാണ് സിവിൽ സ്‌റ്റേഷൻ ഡിവിഷൻ. സിവിൽ സ്‌റ്റേഷൻ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സുലൈമാൻ കുഞ്ഞിക്കാനവും ഷാഫിയോടൊപ്പമുണ്ടായിരുന്നു.








0 comments