പടന്നയിൽ കൈപ്പത്തിയും ഏണിയും നേർക്കുനേർ


സ്വന്തം ലേഖകൻ
Published on Nov 26, 2025, 02:30 AM | 1 min read
പടന്ന
പടന്ന പഞ്ചായത്തിൽ കൈപ്പത്തിയും ഏണി അടയാളവും നേർക്കുനേർ. രണ്ടാം വാർഡായ പടന്ന കാലിക്കടവിലാണ് യുഡിഎഫ് കക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും നേർക്കുനേർ ഏറ്റുമുട്ടുന്നത്. കെ നീലിമ കൈപ്പത്തി ചിഹ്നത്തിലും പി ആയിഷ ഏണി ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം മുതൽ യുഡിഎഫിൽ പൊട്ടിത്തെറിയായിരുന്നു. കോൺഗ്രസും ലീഗും യൂത്ത് ലീഗും വിവിധ തട്ടുകളിലായി ഏറ്റുമുട്ടി. ലീഗിന് സ്വാധീനമുള്ള മേഖലയിൽ കോൺഗ്രസിന് സീറ്റ് നൽകിയതിനെ തുടർന്ന് യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. പ്രമാണിമാരായ ഒരു പറ്റം നേതാക്കളാണ് ലീഗ് ഭരിക്കുന്നതെന്നും പറഞ്ഞ് യൂത്ത് ലീഗ്, നേതാക്കളെ ലീഗ് ഓഫീസിൽ പൂട്ടിയിട്ടിരുന്നു. ലീഗ് നേതാക്കൾ കോൺഗ്രസിന് സീറ്റുകൾ വിട്ട് നൽകിയതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. പല വാർഡുകളിലും കോൺഗ്രസിനെതിര ലീഗ് വിമതർ പത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഇത് പിൻവലിച്ചെങ്കിലും രണ്ടാം വാർഡിലെ ലീഗ് സ്ഥാനാർഥി പി ആയിഷ പിൻവലിച്ചിരുന്നില്ല. ഇപ്പോൾ സ്ഥാനാർഥികൾക്ക് ചിഹ്നം കൂടി അനുവദിച്ച തോടെയാണ് നേർക്ക് നേർ പോരാട്ടമായത്. കൂടാതെ ഇവർക്കെതിരെ സ്വതന്ത്ര വിമത സ്ഥാനാർഥി സൈനബയും മത്സര രംഗത്തുണ്ട്. ഇതിനിടയിൽ ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് പറഞ്ഞ് പടന്ന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ സജീവൻ പ്രസിഡന്റ് സ്ഥാനവും കോൺസ് പ്രാഥമികാംഗത്വം രാജിവക്കുകയുംചെയ്‌തു.








0 comments