28നകം നടപടികൾ പൂർത്തിയാക്കാൻ തിടുക്കംകൂട്ടി കലക്ടർമാർ , ചെറിയ പിഴവുപോലും വോട്ടവകാശം ഇല്ലാതാക്കിയേക്കാം
print edition ‘ബിഎൽഒ ആപ്പ്’ കുട്ടികൾക്കും ലോഗിൻ ചെയ്യാം ; വോട്ടർമാരുടെ സ്വകാര്യതയ്‌ക്ക് ഒരുവിലയുമില്ലേ

തിരുവനന്തപുരം
എസ്‌ഐആർ നടത്തിപ്പിൽ കമീഷന്റെ ആസൂത്രണത്തിലുണ്ടായ ഗുരുതര പാളിച്ചകൾ പുറത്തേക്ക്. അതീവ രഹസ്യ സ്വഭാവമുള്ള ‘ബിഎൽഒ ആപ്പി'ന്റെ ലോഗിൻ ഐഡി വിദ്യാർഥികൾക്കും റവന്യൂ ഉദ്യോഗസ്ഥർക്കുംകൂടി തുറന്നുകൊടുക്കാനുള്ള തീരുമാനമാണ് ഇപ്പോൾ വിവാദമാകുന്നത്. ബിഎൽഒമാർക്ക് താങ്ങാൻ കഴിയാത്തത്ര ജോലിഭാരം വന്നതോടെയാണ് വോട്ടർമാരുടെ സ്വകാര്യത മാനിക്കാതെ പുതിയ നടപടിയിലേക്ക് നീങ്ങിയത്. ഇത് കമീഷന്റെ ഡാറ്റാ സുരക്ഷയെവരെ ബാധിക്കുമെന്നാണ് വിദഗ്‌ദർ പറയുന്നത്. കൂടാതെ പരിശീലനം നേടാത്തവർ ഡിജിറ്റൈസേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന പിഴവ് നിരവധിപ്പേരുടെ വോട്ടവകാശം ഇല്ലാതാക്കുമെന്നും പറയുന്നു. എന്നാൽ, ഇതൊന്നും കമീഷൻ മുഖവിലയ്‌ക്കെടുക്കുന്നില്ല.
ഡിസംബർ നാല് വരെ സമയം അനുവദിച്ചിരുന്ന പുനഃപരിശോധനാ പ്രവർത്തനം 28-നകം പൂർത്തിയാക്കാനാണ് കലക്ടർമാർ നിർദേശിക്കുന്നത്. എന്യുമറേഷൻ ഫോം പൂരിപ്പിക്കാനും നിലവിലെ പട്ടികയുമായി മാപ്പിങ് നടത്താനും സംശയമുള്ളവർക്ക് ഉപകാരപ്പെട്ടിരുന്ന ഫെസിലിറ്റേഷൻ ക്യാമ്പുകൾ 28വരെ മാത്രമേ ഉണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്. വോട്ടർ വിവരങ്ങളുടെ സുരക്ഷിതത്വം ബലികഴിച്ച് കമീഷൻ നടത്തുന്ന നീക്കം കടുത്ത വിമർശത്തിനിടയാക്കും.
അധ്യയനത്തെ ബാധിക്കരുത്
വിദ്യാർഥികളെ തെരഞ്ഞെടുപ്പ് ജോലിക്ക് ഉപയോഗിക്കരുത് : വി ശിവൻകുട്ടി
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായുള്ള ജോലികൾക്കായി എൻഎസ്എസ്, എൻസിസി വളന്റിയർമാരായ വിദ്യാർഥികളെ നിയോഗിക്കുന്നത് കുട്ടികളുടെ പഠനം തടസപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണതോതിൽ നടക്കുന്ന സമയമാണിത്. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ളവ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. ഇതിനിടയിൽ, 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസിൽനിന്ന് മാറ്റിനിർത്തി എസ്‌ഐആർ വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി ബിഎൽഒമാരായി പൊതുവിദ്യാഭ്യാസ വകുപ്പിലെ 5,623 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 2938 അധ്യാപകരും 2104 അനധ്യാപകരും 581 ഇതരജീവനക്കാരും ഉൾപ്പെടുന്നു.
ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
എസ്‌ഐആറിൽ വിവരശേഖരണത്തിനും ഡിജിറ്റെസേഷനും സ്കൂൾ വിദ്യാർഥികളെ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വിദ്യാർഥികൾ സ്വയം സന്നദ്ധരാകുകയാണെന്നും മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള അവസരമാണിതെന്നുമാണ് രത്തൻ യു കേൽക്കർ പറയുന്നത്. വളന്റിയർമാർ ഫോം വിതരണം, ഫോം പൂരിപ്പിക്കൽ, ഡിജിറ്റൈസേഷൻ സമയത്ത് ബിഎൽഒമാരെ പിന്തുണയ്ക്കൽ എന്നിവയിൽ കുട്ടികൾ സഹായിക്കുന്നുണ്ട്. സന്നദ്ധതയും സമയവുമുള്ളവരെ മാത്രമേ ഇതിൽ ഉൾപ്പെടുത്തുന്നുള്ളൂ. എസ്‌ഐആറിൽ ബിഎൽഒ-മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇതെന്നുമാണ് ന്യായീകരണം.
വിദ്യാര്‍ഥികളെ ഫെസിലിറ്റേറ്റർ ആക്കരുത്: കെഎസ്ടിഎ
എസ്ഐആര്‍ പ്രവര്‍ത്തനത്തിന് ഫെസിലിറ്റേറ്റര്‍മാരായി വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി. എസ്ഐആര്‍ അനാവശ്യ തിടുക്കത്തോടെ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ജോലിഭാരം ലഘൂകരിക്കാനെന്ന പേരില്‍ ഹയര്‍സെക്കന്‍ററി ക്ലാസുകളിലെ എൻഎസ്‌എസ് വളന്റിയര്‍മാരായ വിദ്യാര്‍ഥികളെ ചുമതല ഏല്‍പ്പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. അക്കാദമിക പ്രവര്‍ത്തനങ്ങളും ക്രിസ്തുമസ് പരീക്ഷയും ഒപ്പം പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കലോത്സവങ്ങളും നടക്കുന്ന ഘട്ടമാണിത്. കുട്ടികളെ എസ്‌ഐആർ ഫെസിലിറ്റേറ്റർമാരാക്കുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളെ അസ്വസ്ഥ പ്രവര്‍ത്തനങ്ങൾക്ക് ഇരയാക്കുന്നതിനെതിരെ ശക്തമായ പോരാട്ടംനടത്തുമെന്ന് ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും പ്രസിഡന്റ് ഡി സുധീഷും പറഞ്ഞു.









0 comments