ദേശാടനപക്ഷികൾക്ക് വിരുന്നൊരുക്കി ചെരണ്ടത്തൂർ

ചെരണ്ടത്തൂരിലെത്തിയ അപൂർവയിനം പക്ഷികൾ
വടകര കേരള ബേഡേഴ്‌സ് നേതൃത്വത്തിൽ മണിയൂർ ചെരണ്ടത്തൂർ വയലിൽ നടത്തിയ പക്ഷി നിരീക്ഷണത്തിൽ അഞ്ച് ദേശാടനപക്ഷികളെ കണ്ടെത്തി. സംസ്ഥാനത്ത് രണ്ടാമത്തെ തവണ എത്തിച്ചേർന്ന ചെന്തലയൻ എരണ്ട എന്ന് അറിയപ്പെടുന്ന കോമൺ പൊച്ചാർഡാണ് കൂട്ടത്തിൽ പ്രധാനി. ഇതിനുപുറമെ വെള്ളക്കണ്ണി എരണ്ട (ഫെരുജിനസ് ഡക്ക്), കുടുമ താറാവ് (ടഫ്ടഡ് ഡക്ക്), ഗഡ്വാൾ എരണ്ട (ഗഡ്വാൾ), കോരിച്ചുണ്ടൻ എരണ്ട (നോർത്തേൺ ഷോവലർ) എന്നിവയെയാണ് കണ്ടെത്തിയത്. ദേശാടനപക്ഷികളുടെ വരവ് ചെരണ്ടത്തൂർപോലെയുള്ള തണ്ണീർത്തടങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പക്ഷിനിരീക്ഷണ ഡാറ്റാ ബേസ് ഇ-ബേർഡ് വിവരങ്ങൾ പ്രകാരം ഇതിൽ മിക്കതും ജില്ലയിൽ ആദ്യമാണ് എത്തുന്നത്. വടക്ക് കിഴക്കൻ യൂറോപ്പിൽ പ്രജനനം നടത്തുന്ന പൊച്ചാർഡ്, തെക്ക് കിഴക്കൻ യൂറോപ്പിൽ പ്രജനനം നടത്തുന്ന ടഫ്ടഡ് ഡക്ക്, ചൈനമുതൽ ആഫ്രിക്കവരെ പ്രജനനം നടത്തുന്ന ഫെരുജിനസ് ഡക്ക് എന്നീ താറാവുകൾ അപൂർവമായേ കേരളത്തിൽ എത്താറുള്ളൂ. കേരള ബേഡേഴ്‌സ് ക്ലബ്ബിന്റെ മെമ്പർമാരായ ഫായിസ്, മുഹമ്മദ് റാഫി, രഞ്ജിത്ത്, നിഷാദ് ഇഷാൽ, രതീഷ്, ആദിത്യൻ, മെഹഫൂസ്, ഗോകുൽ ദീപക് എന്നിവരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്നത്.









0 comments