മത്സരചിത്രം തെളിഞ്ഞു, ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്; അന്തിമ കണക്ക് ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമപട്ടിക തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. 75632 സ്ഥാനാർഥികളാണ് ആകെ മത്സരരംഗത്തുള്ളത്. 39604 സ്ത്രീകളും 36027 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും സ്ഥാനാർഥികളാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്.
ഇത്തവണ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്നത്, 8378 പേർ. 1967 സ്ഥാനാർഥികൾ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ്.

തിങ്കളാഴ്‌ചയാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം അവസാനിച്ചത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും.









0 comments