വികസനവഴികൾക്ക് വേഗംകൂട്ടാൻ തുരങ്കപാതയും

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നത് വെറും പരസ്യവാചകം മാത്രമെന്ന് 2016ൽ പരിഹസിച്ചവരുണ്ട്. തെരഞ്ഞെടുപ്പുസ്റ്റണ്ട് എന്ന് ആക്ഷേപിച്ചവരും ധാരാളം. എന്നാല്‍, പാറശാലമുതല്‍ കാസര്‍കോടുവരെ വിവിധ മേഖലകളില്‍ നിര്‍മാണത്തിലിരിക്കുന്നതും തീര്‍ന്നതുമായ വികസനപദ്ധതികള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും മറച്ചുവയ്ക്കാന്‍പറ്റാത്തവ. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഈ നാട് എങ്ങനെ മാറുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് അവ ഓരോന്നും. എണ്ണിയെണ്ണി പറയാന്‍ സാധിക്കുന്ന പദ്ധതികളാണ് എല്ലാ മേഖലയിലും നടപ്പാക്കിയത്. 2021ൽ 900 വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി, തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. അവയില്‍ ഭൂരിഭാഗവും നടപ്പാക്കിക്കഴിഞ്ഞു. അതില്‍ ഏറെ പ്രധാനപ്പെട്ട പദ്ധതിക്കാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ തുടക്കമിട്ടത്.
വർഷങ്ങൾ നീണ്ട പരിശ്രമം. ഏറെ വിവാദങ്ങളുണ്ടായി. പഠനങ്ങൾ, അന്വേഷണ റിപ്പോർട്ടുകൾ; എല്ലാമായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം വയനാട് തുരങ്കപാത എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാവുകയാണ്. കോഴിക്കോട്, വയനാട് ജില്ലകള്‍ക്കുമാത്രമല്ല സംസ്ഥാനത്തിന്റെ വികസനത്തിനാകെ പൊന്‍തൂവലായി മാറും വയനാട് തുരങ്കപാത. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുനീക്കത്തിനും സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരത്തിനും മലയോരമേഖലയിലെ കാര്‍ഷികവിളകളുടെ ഉല്‍പ്പാദന–വിതരണത്തിനും വ്യവസായമുന്നേറ്റത്തിനും മലബാറിന്റെ സമഗ്രവികസനത്തിനും വലിയ കുതിപ്പേകാന്‍ പദ്ധതി സഹായിക്കും.
ഈ വികസനം നാട് എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് നിര്‍മാണോദ്ഘാടനച്ചടങ്ങിൽ സംസാരിച്ച താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ വാക്കുകൾ. നിശ്ചയദാർഢ്യമുള്ള സർക്കാരും അതോടൊപ്പം അതിന് നേതൃത്വം നൽകാൻ അതിലേറെ നിശ്ചയദാർഢ്യവും വികസനകാഴ്ചപ്പാടുമുള്ള മുഖ്യമന്ത്രിയും ഉള്ളതുകൊണ്ടുമാത്രമാണ് ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഒരു നാട് ഒന്നാകെ ഇതിന് കടപ്പെട്ടിരിക്കുന്നു.നാടും ജനങ്ങളും ആഗ്രഹിക്കുന്ന പദ്ധതികൾ യാഥാർഥ്യമാക്കുക എന്നതുതന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തുടര്‍ഭരണം അതിന് വേഗംകൂട്ടി.
2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുരങ്കപാത നിശ്ചയിച്ചതുപോലെ നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ 10 മീറ്റർ വീതിയിലാണ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് തുടങ്ങി കള്ളാടിവഴി വയനാട്ടിലെ മേപ്പാടിയിലെത്തുന്ന പാത. എട്ടു കിലോമീറ്ററാണ് തുരങ്കപാതയുടെ നീളം. ഒരു പാറ ഒന്നാകെ തുരന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. തുരങ്കത്തിനുള്ളില്‍ രണ്ടു ട്യൂബുകളിലായി ഇരുവശത്തേക്കുമായി നാലുവരിപ്പാത. 300 മീറ്റർ ദൂരം ഇടവിട്ട് രണ്ടുവശത്തേക്കും പോകാവുന്ന വഴികൾ. ഏറ്റവും ആധുനികമായ സുരക്ഷാക്രമീകരണം. എത്രയോ തലമുറകള്‍ സ്വപ്നം കണ്ടിരുന്നവ.
ദുരിതങ്ങളും ദുരന്തങ്ങളും ഏറെ അനുഭവിച്ച വയനാടൻ ജനതയ്ക്ക് അവിടെയെല്ലാം കൈത്താങ്ങായി കൂടെനിൽക്കാൻ ഒരു സർക്കാരുണ്ടെന്നത് ഇന്ന് ആ നാട് തിരിച്ചറിയുന്ന നിമിഷങ്ങള്‍കൂടിയാണിത്. മുണ്ടക്കൈ ദുരന്തം വയനാടിനെ ആകെ ഉലച്ചു. അവിടെയും ഈ സംസ്ഥാനമൊന്നാകെ സർക്കാരിനോടൊപ്പം കൈകോർത്ത് ആ ജനതയെ ചേർത്തുനിർത്തി. പുനരധിവാസ പദ്ധതികൾ അതിവേഗം യാഥാർഥ്യമാകുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് സംസ്ഥാനം ഇവ ഓരോന്നും നടപ്പാക്കുന്നത് എന്നതാണ് ഇടതുപക്ഷ സർക്കാരിനെ വേറിട്ടുനിർത്തുന്നത്.
എന്നാല്‍, സംസ്ഥാനത്തെ ഏതുവിധത്തിലും പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈ ദുരന്തസമയത്തും വയനാടന്‍ ജനത കേന്ദ്രസര്‍ക്കാരിന്റെ പൊയ്മുഖം കണ്ടു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അന്ന് ഈ നാട് വീണ്ടും തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നതോടൊപ്പം സംസ്ഥാന സർക്കാരിന് അർഹമായ വിഹിതം നൽകാതെ സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. റെയില്‍വേ വികസനത്തിനും പൊതു ഗതാഗതസംവിധാനത്തിന്റെ മുന്നേറ്റത്തിനും ആരോഗ്യമേഖലയ്ക്കുമെല്ലാം തടസ്സംനില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
ശബരി റെയിൽപ്പാതയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നൽകിയെന്ന് പറയുമ്പോഴും ഒട്ടേറെ തടസ്സവാദങ്ങൾ ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. വയനാട് തുരങ്കപാതപോലെ വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ശബരി റെയിൽ പദ്ധതിയും. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുൻകൈയെടുത്താണ് പദ്ധതി വീണ്ടും ട്രാക്കിലേക്ക് എത്തിച്ചത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രവർത്തനത്തിന് തടസ്സമാകുന്ന നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വികസനം നടക്കരുതെന്ന വാശിപോലെ. ഇതിന് സഹായകമാകുന്ന നിലപാടുകളാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷവും സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കൊന്നും സംസ്ഥാന സര്‍ക്കാരിന്റെ വികസന നയങ്ങളെ പിറകോട്ടടിപ്പിക്കാന്‍ സാധിക്കില്ല. സംസ്ഥാനത്തിന്റെ ഉത്തമതാൽപ്പര്യങ്ങൾക്ക് ഏതു മുന്നണിയാണ് നിലകൊള്ളുന്നതെന്ന് ജനങ്ങൾ ഇതിലൂടെ തിരിച്ചറിയും. ആ തിരിച്ചറിവ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർച്ചയായ മൂന്നാംഭരണത്തിലേക്ക് നയിക്കും. അത് കേരളത്തെ മാതൃകാസംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും.









0 comments