മോദി സർക്കാരിന്റെ ധിക്കാരത്തിനേറ്റ തിരിച്ചടി

രജിസ്‌ട്രേഷൻമൂലമോ കോടതി ഉത്തരവായ ഉപയോഗത്തിലൂടെയോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്ന സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ് മോദി സർക്കാരിന്റെ ധിക്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ്. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വഖഫ് ബോർഡിലും കേന്ദ്ര വഖഫ് കൗൺസിലിലും എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഫലത്തിൽ നിയമം താൽക്കാലികമായി മരവിപ്പിച്ചതിനു സമാനമാണ്.
പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ കൊണ്ടുവന്ന് രാജ്യത്ത് നടപ്പാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടിന് തൽക്കാലത്തേക്കെങ്കിലും തടയിട്ടിരിക്കുകയാണ് ഉന്നതനീതിപീഠം. വഖഫ് ഭൂമിയെക്കുറിച്ച് കലക്ടർമാർക്ക് അന്വേഷണം നടത്താൻ അധികാരം നൽകുന്ന നിയമഭേദഗതി വ്യവസ്ഥയും കോടതി മരവിപ്പിച്ചു. വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുമ്പോൾത്തന്നെ അത് വഖഫ് ഭൂമി അല്ലാതായി മാറുന്നെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. കേന്ദ്ര സർക്കാർ ഉപയോഗത്തിലുള്ള വഖഫ് സ്വത്തുക്കൾ, വഖഫ് കൗൺസിലിലെയും ബോർഡുകളിലെയും അമുസ്ലിങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് കോടതിവിധിയിലൂടെ വ്യക്തമായി.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് അവരെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ഹിന്ദുത്വ ശക്തികൾ ആസൂത്രിതമായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായിരുന്നു വഖഫ് ഭേദഗതിനിയമം. ആർട്ടിക്കിൾ 26 പ്രകാരം ഇന്ത്യയിലെ ഓരോ മതവിഭാഗത്തിനും ദാനത്തിലൂടെ ലഭിക്കുന്നതടക്കമുള്ള സ്വത്തുക്കൾ ഉണ്ടാക്കാനും സ്വന്തം സമുദായ സ്വത്തുക്കളുടെ മേൽനോട്ടം നിയന്ത്രിക്കാനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. വഖഫ് നിയമത്തിലെ ഭേദഗതികളോടെ വഖഫ് സ്വത്തുക്കൾക്ക് ലഭിച്ചിരുന്ന സംരക്ഷണവും സ്വയംഭരണവുമാണ് മോദി സർക്കാർ പരിമിതപ്പെടുത്തിയത്.
പ്രതിപക്ഷം പാർലമെന്റിലും പുറത്തും ഉയർത്തിയ എതിർശബ്ദങ്ങളെ അസഹിഷ്ണുതയോടെയും സ്വേച്ഛാധിപത്യപരവുമായാണ് സർക്കാർ സമീപിച്ചത്. ‘‘ആര് എതിർത്താലും വഖഫ് ബിൽ നിയമമാകും. അത് അനുസരിക്കേണ്ടിയും വരും” എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ഉയർത്തിയ വെല്ലുവിളി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചും കലാപങ്ങൾ സൃഷ്ടിച്ചും സമൂഹത്തെ വിഭജിക്കാനുള്ള നീക്കമായിരുന്നു നിയമഭേദഗതിയിലൂടെ ലക്ഷ്യമിട്ടത്. നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിലെ പോരായ്മകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തുടർച്ചയായി പ്രചാരണം നടത്തി സമൂഹത്തെ കൂടുതൽ ധ്രുവീകരിക്കാനുള്ള ശ്രമത്തിനുശേഷമാണ് നിയമം കൊണ്ടുവന്നത്. വഖഫ് ഭൂമി കേസിൽപ്പെട്ട എറണാകുളത്തെ മുനമ്പം നിവാസികളെ സഹായിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന പ്രചാരണം കേന്ദ്രമന്ത്രിമാർപോലും നടത്തി. ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാതെയാണ് പാർലമെന്റിൽ ബിൽ പാസാക്കിയത്. നിയമം മുസ്ലിം ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വത്വത്തെതന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ ഘട്ടത്തിലാണ് സിപിഐ എം ഉൾപ്പെടെയുള്ള പാർടികളും മുസ്ലിം സംഘടനകളും നിയമത്തെ കോടതിയിൽ ചോദ്യം ചെയ്‌തത്.
വഖഫ് ഭേദഗതി നിയമം ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 25നെയും 26നെയും നിയമം ലംഘിക്കുന്നു. പാർലമെന്റിലെ നിയമനിർമാണത്തിൽ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടായിരുന്നു തിരക്കിട്ട് ബിൽ കൊണ്ടുവന്ന് പാസാക്കിയത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകളുടെ പല വിധികളും ലംഘിച്ചു. വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതും കലക്ടർമാർക്ക് ഉത്തരവാദിത്വങ്ങൾ കൈമാറുന്നതും അടിസ്ഥാനപരമായി മതസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഇത് ആർട്ടിക്കിൾ 26 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം കവർന്നെടുക്കുകയാണ്. ബോർഡുകളും കൗൺസിലും സർക്കാർ നിയന്ത്രണത്തിലുള്ള വെറും ഏജൻസികളായി മാറും. വഖഫിനെ ഒരു വിശ്വാസാധിഷ്ഠിത സമൂഹ സ്ഥാപനത്തിൽനിന്ന് അകറ്റി ഒരു ഉദ്യോഗസ്ഥ–റിയൽ എസ്റ്റേറ്റ് സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു. നിയമം പ്രാബല്യത്തിൽ വന്ന ഉടൻതന്നെ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താക്കി മാറ്റാനും നീക്കം തുടങ്ങി. പലയിടത്തും കലക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത് സാമുദായിക കലാപത്തിലേക്കും വഴിവച്ചു. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതി ആർഎസ്‌എസ് നേതൃത്വത്തിൽ നടപ്പാക്കുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. എല്ലാ മതങ്ങളിലെയും എല്ലാ പൗരന്മാർക്കും തുല്യ പദവി ലഭിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ഇല്ലാതാക്കുന്ന മോദി സർക്കാരിന്റെ നിലപാടുകൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്‌മ നേടിയ വിജയമായി സുപ്രീംകോടതിവിധിയെ വിലയിരുത്താം.









0 comments