വഖഫ് : വർഗീയ അജൻഡ തിരിച്ചറിയണം

ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചുനിർത്തി അധികാരം ശാശ്വതമായി നിലനിർത്താനാഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടെ വേദപുസ്‌തകമാണ് ആർഎസ്‌എസിന്റെ രണ്ടാം സർസംഘ്‌ചാലക് ഗോൾവാൾക്കറുടെ വിചാരധാര. അതിൽ ഇന്ത്യൻ ജനതയിൽ 15 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളെയും ജനസംഖ്യയിൽ മൂന്നാമതുള്ള ക്രൈസ്‌തവരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ ത്യാഗോജ്വലമായ പങ്കുവഹിച്ച കമ്യൂണിസ്റ്റുകാരെയും പൗരാവകാശങ്ങൾക്കുപോലും അവകാശം പാടില്ലാത്ത ആഭ്യന്തരഭീഷണികളായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മുസ്ലിങ്ങളും ക്രൈസ്‌തവരും ഇന്ത്യയിൽ കഴിയണമെങ്കിൽ ഭരണഘടനാപരമായ തുല്യാവകാശങ്ങളില്ലാതെ അടിമകളെപ്പോലെ കഴിഞ്ഞുകൊള്ളണമെന്നാണ് പറഞ്ഞുവച്ചിട്ടുള്ളത്. ഈ വർഗീയ രാഷ്ട്രീയ നിലപാടനുസരിച്ച് പ്രവർത്തിക്കുന്ന ബിജെപി ഭരണമുള്ളിടത്തെല്ലാം–- സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും–- ഈ വിഭജനനയങ്ങളാണ് നടപ്പാക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വഖഫ് ഭേദഗതി ബിൽ.
മുസ്ലിങ്ങളോട് ശത്രുതാപരമായ വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ), മുത്തലാഖ് നിയമം തുടങ്ങിയവ നേരത്തേ ലോക്‌സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ കടുത്ത പ്രതിഷേധം വകവയ്‌ക്കാതെ കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. മൂന്ന് മുസ്ലിം ഭൂരിപക്ഷ അയൽരാജ്യങ്ങളിൽനിന്നുള്ള ഇതര മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് സിഎഎ. ഈ അയൽരാജ്യങ്ങളിൽ ചില മുസ്ലിം വിഭാഗങ്ങൾതന്നെ വിശ്വാസത്തിന്റെ പേരിൽ പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ടെങ്കിലും അവർക്ക് പൗരത്വം നൽകില്ല. ഈ രാജ്യങ്ങളിലെ അവിശ്വാസികളും മതവിമർശകരുമായ മുസ്ലിങ്ങൾക്കും പരിഗണനയില്ല. അതുപോലെ തലാഖ് നിയമത്തിലും വിവേചനം പ്രകടമാണ്. വിവാഹം ഒഴിയുന്ന മറ്റ് മതസ്ഥർക്ക് ഇല്ലാത്ത ജയിൽശിക്ഷയടക്കം മുസ്ലിം പുരുഷന്മാർക്ക് വിധിക്കും. ജമ്മു കശ്‌മീരിന് ചരിത്രപരമായി അനുവദിച്ചിരുന്ന പ്രത്യേക പദവി 2019ൽ റദ്ദാക്കിയതും ദുഷ്ടലാക്കോടെയായിരുന്നു. മറ്റു ചില സംസ്ഥാനങ്ങൾക്ക് ഭൂവുടമസ്ഥതയുടെ കാര്യത്തിലടക്കം ഇപ്പോഴും പ്രത്യേക പദവിയുണ്ട്.
ഈ സാഹചര്യത്തിലാണ് വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ബിജെപി സർക്കാരിന്റെ വർഗീയതാൽപ്പര്യം തിരിച്ചറിയേണ്ടത്. മുസ്ലിങ്ങൾ മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്‌തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. വഖഫ് ഭൂമി വിൽക്കാനോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കില്ല. വഖഫ് ബോർഡുകൾക്കാണ് ഈ ഭൂമി കൈകാര്യം ചെയ്യാൻ അവകാശം. ഇതിന്റെ മേൽനോട്ടത്തിന് മുതവല്ലി എന്ന പേരിൽ പരിപാലകനെ നിയമിക്കുകയാണ് ചെയ്യുക. വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുന്നതും മുസ്ലിങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വഖഫായി നൽകിയ വസ്‌തുവിന്റെ കാര്യത്തിൽ നിർണായക അധികാരങ്ങൾ സർക്കാരിന് നൽകുന്നതുമാണ് പാർലമെന്റ് പാസാക്കിയ ബിൽ. ലഭിച്ച വസ്‌തു വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന 1995ലെ നിയമത്തിലെ 40–-ാം വകുപ്പ് ഒഴിവാക്കിയതും ബോർഡിന്റെ സിഇഒ മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയതുമെല്ലാം ബിജെപി സർക്കാരിന്റെ സ്ഥാപിത താൽപ്പര്യം വ്യക്തമാക്കുന്നുണ്ട്.
2024 ആഗസ്‌തിൽ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിടാൻ അന്ന് കേന്ദ്ര സർക്കാർ നിർബന്ധിതമായെങ്കിലും സമിതിയിലെ ഭരണപക്ഷ അംഗങ്ങളുടെ നിർദേശങ്ങൾ മാത്രമാണ് അന്തിമബില്ലിൽ ഉൾപ്പെടുത്തിയത്. ഇത് അവതരിപ്പിച്ച ന്യൂനപക്ഷമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ നടത്തിയ പരാമർശം സർക്കാർതന്നെ ഇതര മതസ്ഥരിൽ മുസ്ലിം വിദ്വേഷവും ഭീതിയും പരത്തുന്നതിന് തെളിവാണ്. 2014ൽ ഭരണമാറ്റം ഉണ്ടായിരുന്നില്ലെങ്കിൽ പാർലമെന്റുപോലും വഖഫ് സ്വത്തായി മാറ്റുമായിരുന്നെന്ന അപലപനീയമായ പ്രസ്‌താവനയാണ് റിജിജു നടത്തിയത്.
ഘടകകക്ഷികളായ ടിഡിപി, ജെഡിയു, എൽജെപി എന്നിവയുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് സംഘപരിവാറിന്റെ വർഗീയ അജൻഡയനുസരിച്ചുള്ള ബിൽ പാസാക്കാൻ സാധിച്ചത്. ആർഎസ്‌എസിന്റെ ശത്രുപട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള ക്രൈസ്‌തവരെ പ്രതിനിധാനം ചെയ്യുന്ന ചില സംഘടനകളും സർക്കാരിന്റെ മുസ്ലിംവിരുദ്ധ പ്രചാരണത്തിൽ കുടുങ്ങി ബില്ലിനെ അനുകൂലിക്കുന്നത് ആത്മഹത്യാപരമാണ്. ബിജെപിക്ക് ശക്തിയും അധികാരവുമുള്ള സംസ്ഥാനങ്ങളിൽ കടുത്ത പീഡനങ്ങൾക്കും അടിച്ചമർത്തലിനും ഇരയാകുന്ന ക്രൈസ്‌തവ സഹോദരങ്ങളെയെങ്കിലും സഭാനേതൃത്വങ്ങൾ ഓർക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ജബൽപുരിൽ സംഘപരിവാർ ക്രിമിനലുകൾ വൈദികരെയടക്കം ഭീകരമായി ആക്രമിച്ചത്. ലോക്‌സഭയിലെ ചർച്ചയിൽ സിപിഐ എം കക്ഷിനേതാവ് കെ രാധാകൃഷ്‌ണൻ ഓർമിപ്പിച്ച ജർമൻ ദൈവശാസ്‌ത്രജ്ഞൻ മാർട്ടിൻ നിമൊള്ളറുടെ കവിത മറക്കാതിരിക്കാം. അവർ ആരെയും തേടിവരും.









0 comments