സംഘപരിവാർ അജൻഡയുമായി യുജിസി

ugc sanghaparivar agenda
വെബ് ഡെസ്ക്

Published on Aug 25, 2025, 12:00 AM | 2 min read


രാജ്യത്തെ പാഠ്യപദ്ധതികളിൽ ശാസ്ത്രീയ മനോഭാവത്തിനുപകരം ഊഹാപോഹങ്ങളും അന്ധവിശ്വാസങ്ങളും ചരിത്ര യാഥാർഥ്യങ്ങൾക്കുപകരം അസംബന്ധങ്ങളും അസത്യങ്ങളും നിറയുന്നു. അപരിഷ്കൃതവും പ്രാകൃതവുമായ കാലത്തേക്ക് വിദ്യാഭ്യാസത്തെ കൂട്ടിക്കൊണ്ടുപോകുകയാണ് എൻഡിഎ സർക്കാർ. കൊമേഴ്സ് വിദ്യാർഥികൾക്ക് പഠിക്കാൻ രാമരാജ്യ സങ്കൽപ്പം. രസതന്ത്ര വിദ്യാർഥികൾ വേദങ്ങളിലെ രസതന്ത്ര ജ്ഞാനം പഠിക്കണം. ഭാരതീയ പാനീയങ്ങളായ കഞ്ഞിയുടെയും കള്ളിന്റെയും ‘രസതന്ത്രം' പഠിക്കണം. ആണവ സ്പെക്ട്രവും കുണ്ഡലിനീ സങ്കൽപ്പവും തമ്മിലുള്ള താരതമ്യം പഠിക്കണം. നാലുവർഷ ബിരുദപഠനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കുവേണ്ടി യുജിസി തയ്യാറാക്കിയ പാഠ്യപദ്ധതി അനുസരിച്ച് വേദവ്യാസനും മനുവും നാരദനും കൗടില്യനുമാണ് ഭാരതീയ ചിന്തകർ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് മാപ്പുപറഞ്ഞ് സ്വന്തം തടി കാത്ത വിനായക് ദാമോദർ സവർക്കർ ദേശീയപ്രസ്ഥാന നായകൻ. ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ദീൻദയാൽ ഉപാധ്യായ ദേശീയവാദി. അയോഗ്യർക്ക് ആരാധ്യപദവികൾ കൽപ്പിച്ചു നൽകുന്ന യുജിസി ഒഴിവാക്കലുകളിലും ശ്രദ്ധ ചെലുത്തി. ജവാഹർലാൽ നെഹ്റു പുതിയ പാഠ്യപദ്ധതിയിൽ വെറുമൊരു സോഷ്യലിസ്റ്റാണ്. കേരളീയ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വിത്തുപാകിയ സാമൂഹ്യ പരിഷ്കർത്താവ് ശ്രീനാരായണ ഗുരു ആത്മീയാചാര്യൻ മാത്രം. കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ തെളിയുന്നത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം മാത്രവും.


ശാസ്ത്രീയവും സമഗ്രവും കാലോചിതവും ആയിരിക്കേണ്ട പാഠ്യപദ്ധതിയെ അശാസ്ത്രീയവും ശിഥിലവും പൗരാണികവുമാക്കി സംഘപരിവാർ പ്രത്യയശാസ്ത്രം പുതുതലമുറയിലേക്ക് ഒളിച്ചു കടത്താൻ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഏജൻസി കൂട്ടുനിൽക്കുന്നു. അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ട് ആസൂത്രിതമായാണ് ഈ നീക്കം. മാനവിക മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും ചരിത്രബോധവും അന്വേഷണ തൃഷ്ണയുമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ പര്യാപ്തമാകേണ്ടതാണ് പാഠ്യപദ്ധതികൾ. എന്നാൽ, എൻഡിഎ സർക്കാരിന്റെ വിദ്യാഭ്യാസനയം വിഭാഗീയ ചിന്താഗതിയും അന്ധവിശ്വാസങ്ങളും ചരിത്ര വിരുദ്ധതയും അടിമത്ത മനോഭാവവും വിദ്യാർഥികളിൽ സൃഷ്ടിക്കാനുതകുന്ന പാഠ്യപദ്ധതികൾ പടച്ചുവിടുന്നു. ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപ്പമല്ല വേദം പഠിച്ച ചണ്ഡാളനെ വധിച്ച് ‘നീതി ' നടപ്പാക്കിയ രാമന്റെ രാജ്യമാണ് സംഘപരിവാർ സങ്കൽപ്പത്തിലുള്ളത്. ആ രാമരാജ്യ സങ്കൽപ്പമാണ് സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് പഥ്യമായിട്ടുള്ളത്. അതാണ് പാഠ്യപദ്ധതിയിലൂടെ പുതുതലമുറയിലേക്ക് കുത്തിവയ്‌ക്കുന്നത്.


നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ലോകമെങ്ങും ശാസ്ത്രപഠനം മുന്നോട്ടു പോകുന്നത്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പൗരാണിക സങ്കൽപ്പങ്ങളെ അതിനു പകരം പ്രതിഷ്ഠിക്കുകയെന്നാൽ കാലത്തെ പിറകോട്ടു നയിക്കുകയെന്നാണർഥം. താത്വികഗണിതത്തിൽ പ്രാചീന ഇന്ത്യയിലുണ്ടായ ചില നിരീക്ഷണങ്ങളെയും നിഗമനങ്ങളെയും മറ്റും ആധാരമാക്കി വേദഗണിതം എന്നും മറ്റും പേരിട്ട് ഗണിതശാസ്ത്രത്തിൽ ‘ഭാരതമാഹാത്മ്യം' ഉറപ്പിക്കാനുള്ള ശ്രമം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ തുടങ്ങിവച്ചിരുന്നു. കോലം, രംഗോലി, ക്ഷേത്ര വാസ്തുവിദ്യ എന്നിവയ്ക്ക് ഗണിതശാസ്ത്ര അടിത്തറ ചാർത്തിക്കൊടുക്കുന്നതിനായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അതിന്റെ ഭാഗമായാണ്. യുക്തിസഹമായ ചിന്താപദ്ധതിക്ക് അടിത്തറയിട്ട സോക്രട്ടീസിന്റെയും അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും മറ്റും സ്ഥാനത്ത് വ്യാസനെയും മനുവിനെയും നാരദനെയും മറ്റും ചിന്തകരായി പ്രതിഷ്ഠിക്കുമ്പോൾ നഷ്ടപ്പെടുന്നത് യുക്തിസഹമായ ചിന്ത മാത്രമല്ല വിശാലമായ ചിന്താഗതി കൂടിയാണ്.


‘എല്ലാം ഭാരതീയർക്ക് അറിയാമായിരുന്നു’ എന്നൊരു മിഥ്യാഭിമാനം വളർത്തി വ്യാജമായൊരു രാഷ്ട്രസങ്കൽപ്പം സൃഷ്ടിച്ചെടുക്കാനാണ് സംഘപരിവാർ പ്രത്യയശാസ്ത്രം നിരന്തരം ശ്രമിക്കുന്നത്. പൗരാണികതയും പാരമ്പര്യവുമൊക്കെ പഠന വിധേയമാക്കേണ്ടതു തന്നെ. പക്ഷേ, അത് ഹിന്ദുത്വവാദത്തിന്റെ വഴിയിലൂടെ ആകാൻ പാടില്ല. ശുദ്ധമായ അക്കാദമിക് താൽപ്പര്യത്തോടെ അവയൊക്കെയും പഠന വിഷയമാക്കുന്നതിനെ ആരും എതിർക്കുകയുമില്ല. എന്നാൽ അന്ധവിശ്വാസങ്ങളും ഊഹാപോഹങ്ങളും അസത്യങ്ങളും അർധസത്യങ്ങളും പ്രാമാണിക പാഠങ്ങളെന്ന നിലയിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ വിവേകമതികൾക്ക് അതിനെ എതിർക്കാതിരിക്കാനാകില്ല. ഒപ്പം വേദപാരമ്പര്യത്തിനൊപ്പം നിഷ്ഠുരമായ ജാതിവിവേചനത്തിന്റെ പാരമ്പര്യവും ഇന്ത്യക്കുണ്ട് എന്നത് മറക്കാനുമാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Home