ശിവപ്രിയയുടെ മരണം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ലെന്ന് വിവരം

തിരുവനന്തപുരം: കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണ കമീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു. ശിവപ്രിയക്ക് അണുബാധയേറ്റത് ആശുപത്രിയിൽനിന്നല്ലെന്നാണ് റിപ്പോർട്ടെന്നാണ് വിവരം.
ഒക്ടോബർ 18ന് മൈക്രോബയോളജി വിഭാഗം നടത്തിയ പരിശോധനയിൽ ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും അണുവിമുക്തമാണെന്ന് സർട്ടിഫൈ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചത് കമീഷൻ അംഗീകരിച്ചു.
സ്റ്റഫെലോകോകസ് എന്ന ബാക്ടീരിയമൂലമുള്ള അണുബാധയാണ് ഏറ്റിട്ടുള്ളത്. ഇത് ആശുപത്രിക്ക് പുറത്തുനിന്നാണെന്ന നിഗമനത്തിലാണ് കമീഷൻ എത്തിച്ചേർന്നിട്ടുള്ളത്.പ്രസവശേഷം ഡിസ്ചാർജ് ചെയ്ത ശിവപ്രിയയെ രണ്ടുദിവസത്തിനു ശേഷം പനിയും വയറിളക്കവുംമൂലം ആശുപത്രിയിലെത്തിക്കുകയും അണുബാധ സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് മരിച്ചത്.
ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീത മേനോൻ അധ്യക്ഷയായുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.








0 comments