തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; നേതാക്കളുടെ കൂട്ടരാജി

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ തൃശൂരിൽ കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ,
തൃശൂർ കോർപറേഷനിലെ കുരിച്ചിറ ഡിവിഷൻ കൗൺസിലറായിരുന്ന നിമ്മി റപ്പായി, മുൻകൗൺസിലർ ജോർജ് ചാണ്ടി, കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ ഷോമി ഫ്രാൻസിസ്, എന്നിവരാണ് ശനിയാഴ്ച രാജിവച്ചത്.
യു.ഡി.എഫിന്റെ തൃശൂർ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനവും രവി ജോസ് രാജിവച്ചു. മുൻ എംഎൽഎ ജോസ് താണിക്കലിന്റെ മകനാണ്. കോർപറേഷൻ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് രാജിക്ക് കാരണം. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നിമ്മി റപ്പായി എൻസിപിയിൽ ചേരും. തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റായ ജോർജ് ചാണ്ടി മിഷൻ ക്വാർട്ടേഴ്സിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഷോമി ഫ്രാൻസിസ് കുരിയച്ചിറ ഡിവിഷനിൽ സ്വതന്ത്രനായി മൽസരിക്കും. 15 വർഷമായി ഡിവിഷനിൽ ഇല്ലാത്ത കെ മുരളീധരന്റെ വിശ്വസ്തൻ കൂടിയായ സജീവൻ കുരിയച്ചിറയ്ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഷോമി രാജിവെച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ കോൺഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു. മഹിളാ കോൺഗ്രസ് നേതാവും വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജ്യോതി ശശി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയും രാജിവെച്ചു.









0 comments