നീലക്കുപ്പായത്തിൽ ചെറിയ പയ്യനായി വന്നു; ക്യാപ്ടനായും ഞങ്ങളുടെ ചേട്ടനായും മടങ്ങുന്നു; എല്ലാത്തിനും നന്ദി സഞ്ജു; കുറിപ്പുമായി രാജസ്ഥാൻ റോയൽസ്

ചെന്നൈ: ടീം വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയ സഞ്ജു സാംസണിനുള്ള വൈകാരിക യാത്രാ കുറിപ്പുമായി രാജസ്ഥാൻ റോയൽസ്. നീണ്ട കാലം താരമായും ക്യാപ്ടനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ചാണ് സോഷ്യൽ മീഡിയ പോസ്റ്റ്. ഞങ്ങളും രാജസ്ഥാൻ റോയൽസിൽ നിന്നും പടിയിറങ്ങുന്നുവെന്ന് നിരവധി ആരാധകരാണ് മലയാളത്തിൽ കമന്റുമായി എത്തിയത്.
2021ലാണ് സഞ്‌ജു രാജസ്ഥാന്റെ ക്യാപ്‌റ്റനാകുന്നത്. 67 കളിയിൽ നയിച്ചപ്പോൾ 33 വീതം ജയവും തോൽവിയുമാണ്. 2024ൽ 531 റണ്ണടിച്ചു. 18 കോടി രൂപയ്‌ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ പരിക്കായതിനാൽ മുഴുവൻ മത്സരങ്ങളിലും ഇറങ്ങാനായില്ല. 11 വർഷം രാജസ്ഥാന്റെ കുപ്പായമിട്ടു. 2013 മുതൽ 2015 വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 2018 മുതലും. 149 കളിയിൽ 4027 റണ്ണടിച്ചു. രണ്ട് സെഞ്ചുറിയുമുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ്.
രാജസ്ഥാൻ റോയൽവിട്ട് ടീമിലെത്തുന്ന മലയാളിതാരം സഞ്ജു സാംസണിന്റെ വരവ് ചെന്നൈ സൂപ്പർ കിങ്‌സും ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. 'ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ സ്വന്തം മടയിലേക്ക്’ എന്ന കുറിപ്പോടെ സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയും സഞ്ജുവുമുള്ള എഐ വിഡിയോയും പോസ്റ്ററുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഐപിഎൽ ലേലം ഡിസംബർ 16ന്
ഐപിഎൽ ക്രിക്കറ്റ് താരലേലം ഡിസംബർ 16ന് അബുദാബിയിൽ നടക്കും. വേദി നേരത്തെ നിശ്ചയിച്ചെങ്കിലും തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇന്ത്യക്ക് പുറത്തായിരുന്നു ലേലം.








0 comments