ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും കോൺഗ്രസ്-ജമാഅത്തെ ഇസ്ലാമി സഖ്യം; സീറ്റുകൾ വിട്ടുനൽകി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ശക്തിപ്പെടുത്തി കോൺഗ്രസ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടി യുഡിഎഫ് പിന്തുണയോടെ ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും വിവിധ സീറ്റുകളിൽ മത്സരിക്കും.
ഈരാറ്റുപേട്ട നഗരസഭയിലെ നടയ്ക്കൽ ഡിവിഷനിലും മാതാക്കൽ ഡിവിഷനിലും യുഡിഎഫിനുവേണ്ടി വെൽഫെയർ പാർടി സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. വെൽഫെയർ പാർടിയുടെ ഔദ്യോഗികചിഹ്നമായ ഗ്യാസ് കുറ്റിയാണ് ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം. കഴിഞ്ഞ തവണ മാതാക്കൽ, ടൗൺ വാർഡുകളിലാണ് വെൽഫയർ യുഡിഎഫ് സ്വതന്ത്രർ എന്ന നിലയിൽ മത്സരിച്ച് വിജയിച്ചത്. ഇത്തവണ ടൗൺ ജനറൽ സീറ്റ് ആയതിനാൽ മുസ്ലിംലീഗ് ഏറ്റെടുത്ത് പകരം പുതിയതായി രൂപീകരിച്ച നടയ്ക്കൽ വെൽഫയറിന് നൽകുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലാണ് വെൽഫെയർ പാർടിക്ക് കോൺഗ്രസ് സീറ്റ് വിട്ടുനൽകിയത്. ഇവിടെ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എന്ന നിലയിലാണ് ജമാഅത്തെ ഇസ്ലാമി നേതാവ് മത്സരിക്കുന്നത്. സീറ്റ് വിട്ടുനൽകിയ കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് നജീബിന്റെ ഭാര്യ വിമതയായി മത്സരിക്കുന്നുണ്ട്.
വെൽഫെയർ പാർടിയുമായി സംസ്ഥാനത്താകെ ബന്ധം ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി വെൽഫെയർ പാർടിയെ യുഡിഎഫിലെടുത്ത് സീറ്റ് നൽകുമെന്നാണ് സൂചന.








0 comments