ദാവൂദുമായി ബന്ധമുള്ളവരുടെ ലഹരി പാര്‍ടികള്‍; ബോളിവുഡ് താരങ്ങൾ സംശയനിഴലിൽ

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘങ്ങളുമായി പ്രശസ്ത ബോളിവുഡ് താരങ്ങൾക്കടക്കം പങ്കുണ്ടെന്ന് റിപ്പോർട്ട്. ആന്റി നർക്കോട്ടിക്സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ബോളിവുഡ് താരങ്ങൾ പലരും ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുടെ ലഹരിപാർടിയിൽ പങ്കെടുത്തതായി പറയുന്നത്. ബോളിവുഡ് നടിമാരായ ശ്രദ്ധ കപൂർ, നോറ ഫത്തേഹി, നടനും ശ്രദ്ധയുടെ സഹോദരനുമായ സിദ്ധാന്ത് കപൂർ, സംവിധായകരായ അബ്ബാസ്- മുസ്താൻ, റാപ്പർ ലോക, ബാബ സിദ്ദിഖിയുടെ മകനും മുൻ എംഎൽഎയുമായ സീഷൻ സിദ്ദിഖി, ഇൻഫ്ലുവൻസർ ഒറി എന്നിവരാണ് സംശയനിഴലിലുള്ളത്.
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മയക്കുമരുന്ന് തലവൻ സലിം ഡോള നടത്തുന്ന പ്രധാന മയക്കുമരുന്ന് സംഘത്തെ മുംബൈ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബോളിവുഡ് താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പേര് പുറത്തുവന്നത്. സലിം ഡോളയുടെ മകൻ താഹേർ ഡോളയെയാണ് പിടികൂടിയത്. ഇയാളാണ് താരങ്ങളുടെ പേരുകൾ പുറത്തുപറഞ്ഞത്. യുഎഇയിൽ നിന്ന് മുമ്പ് താഹേറിനെ നാടുകടത്തിയിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി ദാവൂദുമായി ബന്ധമുള്ളവർ നടത്തിയ പാർടിയിൽ ഇവർ പങ്കെടുത്തതായാണ് വിവരം. താഹേർ ഈ പാർടികൾ പലതും നടത്തുകയും ഇവിടങ്ങളിലേത്ത് ലഹരി വസ്തുക്കൾ സപ്ലൈ ചെയ്തതായും പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ പാർക്കറും ഈ പാർടികളിൽ പങ്കെടുത്തിരുന്നു.
സലിം ദോലയുടെ അടുത്ത സഹായി മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖാണ് മുംബൈയിലും ദുബായിലും നടന്ന പാർടികൾ സംഘടിപ്പിച്ചത്. വ്യാഴാഴ്ച എസ്പ്ലനേഡ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് ഇവർ പാർടികളിൽ പങ്കെടുത്തതായി പറയുന്നത്. എന്നാൽ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആവശ്യമെങ്കിൽ സെലിബ്രിറ്റികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ദുബായിൽ നിന്നാണ് സലിം ഡോള സിൻഡിക്കേറ്റ് നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എട്ടോളം സംസ്ഥാനങ്ങളിലേക്ക് മെഫെഡ്രോൺ വിതരണം ചെയ്യുകയും വലിയ അളവിൽ വിദേശത്തേക്ക് കടത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എം-ക്യാറ്റ്, മ്യാവ് മ്യാവ്, ഐസ് എന്നീ പേരുകളിലാണ് പാർടികളിൽ മെഫഡ്രോണിനെ അറിയപ്പെട്ടിരുന്നത്.
സിൻഡിക്കേറ്റിനെതിരെ ഇഡിയും മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മുംബൈ ക്രൈം ബ്രാഞ്ചായിരിക്കും അഭിനേതാക്കളെയും സംവിധായകരെയും ചോദ്യം ചെയ്യുക എന്നും വിവരമുണ്ട്.









0 comments