നോവൽ
തെറം ‐ 3


പി വി ഷാജികുമാർ
Published on Nov 15, 2025, 12:39 PM | 8 min read
ഉജ്ജിറയിലെ കടലിൽ അബ്ബക്ക നാബിയയെ നോക്കിച്ചിരിച്ചത് പോലെ മുത്തലിയിലും കുട്ടിക്കാലംമുതൽ അബ്ബക്ക കൂടെയുണ്ടായിരുന്നു. അതിന് സാക്ഷിയായതും ഉജ്ജിറയിലെ കടൽ തന്നെ.
ഒരിക്കലൊരു ഉച്ചവെയിലിന്റെ ഉഷ്ണത്തിൽ ഉജ്ജിറയിലെ കടലോരം ചേര്‍ന്ന് തുള്ളിത്തുള്ളി നടന്ന ഒമ്പത് വയസ്സുകാരനായ മുത്തലി ചീരുമ്പ ദേവസ്ഥാനത്തിലെ ആൽമരത്തിന് കീഴിലിരിക്കുകയായിരുന്ന കാലം ഊറ്റിയെടുത്ത നാണിയെന്ന വൃദ്ധയ്‌ക്ക് മുന്നിൽപെട്ടു. തുളുവിൽ താളത്തിലൊരു പാട്ടും പാടിക്കൊണ്ട് മുണ്ടപ്പായ മെടയുകയായിരുന്നു അവർ. ഉണങ്ങിയ മുണ്ടയുടെ മണം ചുറ്റിലും പടര്‍ന്നിരുന്നു. പൊട്ടുവെയിൽ കാറ്റിന്റെ കൈയും പിടിച്ച് ആലിലകള്‍ക്കിടയിലൂടെ അവരുടെ ഉടലിൽ ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
ദാഹത്താൽ കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മുത്തലി. ഇരുന്നതിന് ഇടതുവശത്തുള്ള ചിരട്ടയിൽ നാണി ഒഴിച്ചുവെച്ചത് വെള്ളമാണെന്ന് അവന്‍ വിചാരിച്ചു. ഒന്നും നോക്കാതെ ചിരട്ടയെടുത്ത് അവൻ വായിലേക്ക് കമിഴ്‌ത്തി. തീ വീണത് പോലെ അവന്റെ തൊണ്ട പൊള്ളി. തൊണ്ടയിൽ ഞെക്കിപ്പിടിച്ച് അവൻ ദേവസ്ഥാനത്തെ വെളിച്ചപ്പാടിനെ പോലെ നിര്‍ക്കനെ തുള്ളി.
‘‘വെഷമാണെടാ ചെക്കാ...!’’
അവനെ നോക്കിക്കൊണ്ട് ചപ്പ് തിന്ന് കറുത്ത് പോയ പല്ല് കാട്ടി നാണി ഒച്ചത്തിൽ ചിരിച്ചു. മിണ്ടാൻ അവന്റെ നാവിനായില്ല. സാരമില്ലെന്ന് അവന്റെ തലയിലൊന്ന് തട്ടി അവർ സഞ്ചിയിൽ വെച്ച കുപ്പിയെടുത്തു. വിഷം ചിരട്ടയിൽ നിറച്ചൊഴിച്ച് പല്ലില്‍ വെച്ചിരുന്ന ചപ്പെടുത്ത് പുറത്തേക്ക് കളഞ്ഞ് അവർ ഒറ്റവലിക്ക് കുടിച്ചു. അവരുടെ തൊണ്ട പൊള്ളാത്തതിൽ മുത്തലിയുടെ കണ്ണ് തള്ളി. പായ നിവര്‍ത്തിവെച്ച് അവർ നാല് വശങ്ങളും പിരിക്കവെ മുത്തലിക്ക് തലയുടെ അന്തവും കുന്തവും നഷ്ടമായി. ചീരുമ്പ ദേവസ്ഥാനത്തെ ആലിലകൾ കാറ്റിൽ ഇളകുന്നതുപോലെ അവൻ ആട്ടം തുടങ്ങി.
‘ചീരുമ്പ ദേവസ്ഥാനവും കടലും നാണിയും ഇപ്പോൾ തല കുത്തനെയാണ് നില്‍ക്കുന്നത്..!'
മുത്തലി മനസ്സിലാക്കി.
ആ നേരത്ത് നാണി പാടിക്കൊണ്ടിരുന്ന തുളുപ്പാട്ട് അവന്റെ ചെവിയിൽ കയറിനിന്നു.
ആ പാട്ടിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയായിരുന്നു.
‘രാജാവിന്റെ വിജയഭേരികളുടെ കഥകളും പടവെട്ടിയെത്തുന്ന രാജകുമാരനെ പരിണയിക്കാൻ കാത്തുനില്‍ക്കുന്ന രാജകുമാരിയുടെ കഥകളും കേട്ടാണ് അബ്ബക്ക വളര്‍ന്നത്. ഏതോ ഒരു രാജവംശത്തിലെ അധികാരരൂപനായ ആണിന്റെ ഇഷ്ടങ്ങളെ അനുസരിക്കലാവും തന്റെയും വിധിയെന്ന് കഥകൾ അവളെ പഠിപ്പിച്ചു. എന്നാൽ മധുരപ്പതിനേഴിന്റെ സ്‌നേഹാലസ്യത്തിൽ മുന്നോട്ട് പോകവെ അവളുടെ കഥയ്‌ക്ക് രണ്ടാംഭാഗമുണ്ടായി.
അമ്മാവൻ തിരുമലരായൻ ചൗതരാജവംശക്കാരിയായ അവളെ തുളുനാടിന്റെ കിരീടാവകാശിയാക്കി.
‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കണോ..!' എന്ന അന്തപ്പുരപരിഹാസങ്ങളില്‍ നിന്ന് കഥയിലെ രാജകുമാരിയായി മാറരുതെന്ന തീരുമാനം അവളിലുണ്ടായി.
തീപ്പന്തമായിരുന്നു ആ നാടിന്റെ അടയാളം.
തുളുനാടിനെ ജ്വലിപ്പിച്ച് നിര്‍ത്തുമെന്ന് അവൾ ഉറപ്പിച്ചു.
യുദ്ധതന്ത്രവും രാജ്യതന്ത്രവും അമ്മാവന്‍ അവളെ പഠിപ്പിച്ചു.
ബൈന്ദൂരിലെ രാജാവായിരുന്ന ലക്ഷ്മപ്പ ബംഗാര അരസയെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുമ്പോള്‍ തിരുമലരായൻ പറഞ്ഞു.
‘‘നീയാണ് തുളുനാടിന്റെ തിലകം. ആരിലും അടിയറവാകരുത്...''
തിരുമലരായൻ പറയാതെ തന്നെ അതവള്‍ക്ക് അറിയാമായിരുന്നു. രാജകുമാരിമാരുടെ പഴങ്കഥകൾ അങ്ങനെ അവള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നു. അതിന്റെ ഇച്ഛാഭംഗവും അരിശവും അരസയ്‌ക്ക് ആവോളമുണ്ടായിരുന്നു. തുളുനാടിന്റെ വിസ്‌തൃതിയും സമ്പത്തും കണ്ട് അയാൾ ഉള്ളിലുള്ളത് ഉള്ളില്‍ തന്നെയൊതുക്കി. ഏതൊരു അധികാരമോഹിയെയും പോലെ അയാളും അവസരത്തിനായി കാത്തിരുന്നു.
ഗോവ കീഴടക്കി പറങ്കികൾ തുളുനാടിന്റെ തുറമുഖമായ ഉള്ളാളിലെത്തിയ കാലം അബ്ബക്കയുടെ കഥയുടെ മൂന്നാംഭാഗം തുടങ്ങുന്നു.
ക്രിസ്‌ത്യന്‍ മതത്തിലേക്ക് മാര്‍ക്കം കൂടാനും തങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനും അധികാരിയായ അല്‍വിറോ അബ്ബക്കയോട് ആവശ്യപ്പെട്ടു.
രണ്ടിനും അബ്ബക്ക തയ്യാറായില്ല.
യുദ്ധമുണ്ടായി.
അബ്ബക്ക തോല്‍ക്കുമെന്ന് അരസ സന്തോഷിച്ചു.
ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരും അറബികളും അബ്ബക്കയ്‌ക്കൊപ്പം നിന്നു, പറങ്കികൾ തിരിഞ്ഞോടി.
അബ്ബക്കയെ വിട്ട് അരസ പറങ്കികള്‍ക്ക് സ്വന്തം രാജ്യത്തില്‍ കപ്പം കൊടുത്തു
രാജകുമാരിയുടെ കഥയോര്‍ത്ത് അബ്ബക്ക അരസയോട് സഹതപിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
പറങ്കികള്‍ വീണ്ടും വന്നു. അവര്‍ക്കൊപ്പം അരസയുടെ സൈന്യവുമുണ്ടായിരുന്നു.
മംഗലാപുരം കീഴടക്കി അവര്‍ ഉള്ളാളിലെത്തി. പെട്ടെന്നുണ്ടായ പറങ്കിപ്പടയോട്ടത്തില്‍ അബ്ബക്ക പതറി. അവൾ പള്ളിയില്‍ അഭയം തേടി. അന്ന് രാത്രി വീര്യമൊട്ടും ചോരാതെ സൈനികരുമായി ചേര്‍ന്ന് അബ്ബക്ക തിരിച്ചടിച്ചു. പറങ്കികളുടെ സേനാത്തലവൻ പൈക്‌സിയോട്ടോ കൊല്ലപ്പെട്ടു. നൂറോളം പടയാളികള്‍ തുളുനാടിന്റെ തടവുകാരായി. ഉള്ളാളും മംഗലാപുരവും ഉപേക്ഷിക്കാന്‍ പറങ്കികള്‍ നിര്‍ബന്ധിതരായി.
മൂന്നാം വരവില്‍ പറങ്കികള്‍ കൂടുതല്‍ ശക്തരായിരുന്നു.
അബ്ബക്കയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സാമൂതിരിയുടെ സേനാത്തലവന്‍ കുട്ടിപോക്കര്‍ മരക്കാര്‍ തുളുനാടിനായി യുദ്ധം നയിച്ചു. അബ്ബക്കയുടെ പട ജയത്തിലെത്തിയതാണ്, മരക്കാരെ പറങ്കികള്‍ ചതിയില്‍ പിടിച്ചു.
മരക്കാര്‍ കൊല്ലപ്പെട്ടതോടെ അബ്ബക്ക സൈന്യത്തെ നയിച്ചു. കൂടെക്കൂടാത്ത കെട്ടിയവന്റെ കൂട്ടുകാര്‍ അവളോട് ചതി ചെയ്‌തു. അബ്ബക്കയെ പറങ്കികള്‍ വളഞ്ഞു. ഗൂഢമായ ചിരിയോടെ അവരെയൊന്ന് നോക്കിക്കൊണ്ട് അബ്ബക്ക കത്തി കഴുത്തില്‍ വെച്ചു. ഇരമ്പിയാര്‍ക്കുന്ന ഉള്ളാളിലെ കടലിനെ സാക്ഷിയാക്കി സ്വയം കഴുത്തറുക്കുമ്പോള്‍ അവൾ പറഞ്ഞു:
‘സെയ്‌തെന്തലാ ധൈര്യോട് സെയ്യ്.
ഭയോപ്പുനക്കുളു ദല മാള്‍പ്പുജേര്‍...'*
പുളിയിലകള്‍ കാറ്റില്‍ ഇളകിയാടുന്ന സ്വരത്തില്‍ നാണി അബ്ബക്കയുടെ കഥ പാടവെ മുത്തലിയുടെ മനസ്സില്‍ എല്ലാം ദൃശ്യങ്ങളായി പതിഞ്ഞു.
രാജാവിന്റെയും രാജകുമാരിയുടെയും കഥ കേള്‍ക്കുന്ന അബ്ബക്ക.
തുളുനാടിന്റെ റാണിയാവുന്ന അബ്ബക്ക.
വിവാഹിതയാവുന്ന അബ്ബക്ക.
സ്‌നേഹത്താല്‍ മുറിവേല്‍ക്കപ്പെടുന്ന അബ്ബക്ക.
യുദ്ധത്തില്‍ ജയിക്കുന്ന അബ്ബക്ക.
ചതിക്കപ്പെടുന്ന അബ്ബക്ക.
അബ്ബക്ക കഴുത്തില്‍ കത്തിവെക്കുന്ന നേരത്ത് മുത്തലി കണ്ണുകള്‍ തുറന്നു. അവന്‍ ഉജ്ജിറ കടപ്പുറത്ത് മണലില്‍ ചെരിഞ്ഞുകിടക്കുകയായിരുന്നു. തിരകള്‍ അവനെ നനച്ചിരുന്നു.
അവന്‍ തലയുയര്‍ത്തി ചുറ്റിലും നോക്കി. അവിടെ നാണിയോ നാണിയുടെ പാട്ടോ ഒന്നുമുണ്ടായിരുന്നില്ല. ദൂരങ്ങള്‍ക്കപ്പുറത്തായി ചീരുമ്പ ദേവസ്ഥാനത്ത് നിന്ന് ശംഖുവിളി മുഴങ്ങുന്നത് അവന്‍ കേട്ടു. ഇരുട്ട് കടലിലും കരയിലും പരന്നുതുടങ്ങിയിരുന്നു.
കടലും കരയും ഭയപ്പെടുത്തുന്ന നിശ്ശബ്ദതയിലാണ്ടത് പൊടുന്നെനെ. പേടിയോടെ അവന്‍ തിരകളില്‍നിന്ന് ശരീരമുയര്‍ത്തി. നിശ്ശബ്ദത മുറിച്ച് കടലില്‍ കുതിരകളുടെ പടയോട്ടവും വാളേന്തിയ മനുഷ്യരുടെ ആക്രോശവും പടരുന്നതായി അവന് തോന്നി. അതിനെല്ലാം മുകളില്‍ ധൈര്യമേറിയ ഒരു സ്‌ത്രീശബ്ദം അവന്റെ ചെവിയില്‍ അലച്ചു.
‘‘സെയ്‌തെന്തലാ ധൈര്യോട് സെയ്യ്.
ഭയോപ്പുനക്കുളു ദല മാള്‍പ്പുജേര്‍...''
കടലില്‍നിന്ന് ചൂട്ടേറുണ്ടായി. അലറിക്കരഞ്ഞുകൊണ്ട് മുത്തലി
വീട്ടിലേക്കോടി. വിറയലും പനിയുമായി അന്ന് കിടന്ന മുത്തലി പിന്നെയേഴുന്നേറ്റത് നാലാം നാളില്‍! ഉറക്കപ്പിച്ചില്‍ അവന്‍ നാണിയുടെ പാട്ട് ആവർത്തിച്ച് പാടി.
ആ പാട്ട് മുത്തലിയൊരിക്കലും മറന്നില്ല. ഏത് പാതിരാത്രിയില്‍ വിളിച്ചുചോദിച്ചാലും അവനത് പാടുമായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫുട്ബോൾ രാത്രിയിൽ ആശുപത്രിയിലെ വെന്റിലേറ്ററിന്റെ അസ്ഥി കോച്ചുന്ന തണുപ്പില്‍ മരണത്തിന്റെ ആഴക്കടലില്‍ മുങ്ങിപ്പോകവെ അവന്‍ പാട്ടിലെ വരികള്‍ മന്ത്രിച്ചു.
‘സെയ്‌തെന്തലാ ധൈര്യോട് സെയ്യ്.
ഭയോപ്പുനക്കുളു ദല മാള്‍പ്പുജേര്‍...’
ആ നേരത്ത് ഉജ്ജിറയിലെ കടലില്‍നിന്ന് അബ്ബക്ക നീന്തിവരികയും അവന്റെ ശിരസ്സില്‍ സ്‌പര്‍ശിക്കുകയും കാറ്റിനേക്കാള്‍ മൃദുവായി അവനോട് ഇങ്ങനെ പറയുകയുമുണ്ടായി:
‘‘വെഷമാണെടാ ചെക്കാ... വെഷമമായിപ്പോയല്ലോടാ ചെക്കാ...'
ഭ്രമണം
നാബിയ അബ്ബക്കയെ കണ്ട രാത്രിയില്‍ ബാർബോസ വിചാരങ്ങളുടെ നടുക്കടലിലായിരുന്നു. കബ്രോളില്‍നിന്ന് കേട്ട കഥകള്‍ നാബിയക്കെന്ന പോലെ ബാര്‍ബോസയ്‌ക്കും പിടിച്ചില്ല. അത്തരമൊരു ജീവിതമോ അത്തരമൊരു പ്രവൃത്തിയോ ആയിരുന്നില്ല അയാള്‍ ആഗ്രഹിച്ചത്. അയാള്‍ക്ക് ലോകം കാണണമായിരുന്നു. ജീവിതം കാണണമായിരുന്നു. സ്വജീവിതത്തില്‍ ക്രൂരതയുടെ കണക്കുകള്‍ എഴുതിച്ചേര്‍ക്കാന്‍ അയാള്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അതിനായുള്ള കെണിയൊരുങ്ങിക്കഴിഞ്ഞുവെന്ന് കബ്രോളിന്റെ പറച്ചലില്‍നിന്ന് അയാള്‍ക്ക് മനസ്സിലായി. ആയിഷയെ കൊന്നെറിഞ്ഞ കടലും ആയിഷയോട് അനുതാപം കാണിച്ച സൈനികന്റെ വിധിയും അയാള്‍ക്ക് മുന്നിലെത്തിയ ഉത്തരമായിരുന്നു.
എന്ത് ചെയ്യണമെന്നും എന്ത് ആയിരിക്കരുതെന്നും...
അന്ന് രാത്രി അയാള്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിലാവ് നോക്കി ഉറക്കമില്ലാതെ കിടന്നു. ചെയ്യാന്‍ പോകുന്ന തെറ്റുകളിലുള്ള കുറ്റബോധം അയാളെ ഉറക്കിയില്ല എന്ന് പറയുന്നതാവും ശരി. കടലിന്റെ ഉള്‍ക്കനത്തില്‍നിന്ന് കനമുള്ള ഒരു നിലവിളി അയാളുടെ ചെവിയില്‍ അലച്ചു. അത് തന്റെ തോന്നലാണെന്ന് അറിയാമെങ്കിലും ആ നിലവിളി ആയിഷയുടേതാണെന്നുറപ്പിച്ച് അതു കേള്‍ക്കാനെന്നോണം അയാള്‍ കടലിലേക്ക് തല നീട്ടിക്കിടന്നു.
‘നോഹയുടെ പെട്ടകം' ഉജ്ജിറയിലെത്തുമ്പോള്‍ മഞ്ഞ് മഴ പോലെ പെയ്യുന്നുണ്ടായിരുന്നു. കാട് കടലിലേക്ക് തല കുത്തിനില്‍ക്കുന്ന കടപ്പുറമായിരുന്നു ഉജ്ജിറ. കടല്‍പ്പക്ഷികള്‍ കപ്പലിന്റെ വരവ് കണ്ട് ആകാശത്തേക്ക് ഭയത്തിന്റെ ചിറകടിച്ചു.
കബ്രോളും ബാര്‍ബോസയും അനുയായികളും ഉജ്ജിറയില്‍ നിന്നിറങ്ങി, ആദ്യം ചെന്നുകണ്ടത് രാജാവായ കുലകേസരിയെ. എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടനായിരുന്നു കുലകേസരി. കട്ടുകൊണ്ടുപോവാന്‍ ഒരു നല്ല കോണകം പോലുമില്ലാത്ത വിധം ദരിദ്രമായിരുന്നു അയാളുടെ നാട്. എന്തുകൊണ്ടാണ് നാടിങ്ങനെ കോലം കെട്ടു കിടക്കുന്നതെന്ന് അടുത്തുകണ്ട നേരങ്ങളില്‍ അയാളുടെ ഭാവത്തില്‍നിന്നും അയാളുടെ പ്രവൃത്തികളില്‍നിന്നും ബാര്‍ബോസയ്‌ക്ക് മനസ്സിലായി.
മുലക്കച്ചയില്ലാതെ സ്‌ത്രീകള്‍ നടക്കുന്നത് കണ്ടപ്പോള്‍ ആഗ്രഹം മൂത്ത് രണ്ട് പെണ്ണുങ്ങളെ കബ്രോള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. അവിടെയുണ്ടായ ഏഴ് ദിവസങ്ങളിലും കബ്രോള്‍ പെണ്ണുങ്ങളെ പിടിക്കുകയും അയാളുടെ ആസക്തി തീര്‍ക്കുകയുമുണ്ടായി. കുലകേസരിയുടെ അതിഥികളാണെന്ന് അറിഞ്ഞതുകൊണ്ട് എതിര്‍ത്താല്‍ താഴെ വീണുപോകുന്ന തലയോര്‍ത്ത് എതിര്‍പ്പുകളടക്കി പെണ്ണുങ്ങള്‍ നിറകണ്ണുകളോടെ തങ്ങളുടെ വിധിയെ പഴിച്ചു.
കുലകേസരി കുടിക്കാന്‍ കൊടുത്ത വെള്ളനിറത്തിലുള്ള വെള്ളം മാത്രമാണ് ആ നാടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ബാര്‍ബോസയുടെ മനസ്സില്‍ മരിക്കുംവരെ മായാതെ നിന്നത്. കൈയും കാലുമില്ലാത്ത മനുഷ്യനെ പോലെ നീണ്ടുകിടക്കുന്ന ഒരു മരത്തില്‍ കയറി, അതിന്റെ തലയില്‍ കത്തികൊണ്ട് എന്തൊക്കെയോ ചെയ്‌ത് മണ്ണിന്റെ പാത്രത്തില്‍ നിറയെ വെളുത്ത വെള്ളവുമായി കോണകം മാത്രമുടുത്ത ഒരാള്‍ ഇറങ്ങിവന്നു. മരത്തിന്റെ പേര് ചോദിച്ചപ്പോള്‍ ‘തെങ്ങ്' എന്നൊരാള്‍ പറഞ്ഞു. അതില്‍നിന്ന് വന്ന വെള്ളത്തിന്റെ പേര് ‘കള്ള്' എന്നാണെന്ന് ബാര്‍ബോസ മനസ്സിലാക്കി.
രണ്ട് കവിള്‍ കള്ള് കുടിച്ചപ്പോള്‍ ലോകത്തോട് മുഴുവന്‍ അയാള്‍ക്ക് സ്‌നേഹം തോന്നി. അയാള്‍ പാത്രത്തിലെ കള്ള് മുഴുവന്‍ കുടിച്ച് ഫാഡോയെന്ന സ്വന്തം നാട്ടിലെ പാട്ട് ഒച്ചത്തില്‍ പാടി.
‘‘ഓ ഫാഡോ നാസ്‌ക്വീയും ഡിയാ
ക്വാണ്ടോ ഓ വെന്റോ മല് ബുലിയ
ഈയോ സിയോ ഓ മാര്‍ പ്രോലോങ്ങോവാ
നാ അമുരാദ ഡും വേലേരിയോ
നോ പിയാറ്റോ ഡി ഉം മാരിന്‍ഹെയിരോ
ക്വിയേ എസ്റ്റാന്റോ ട്രിസ്‌റ്റേ കാന്റാവാ
ക്വിയേ എസ്റ്റാന്റോ ട്രിസ്‌റ്റേ കാന്റാവാ...''
ചിത്രീകരണം: കെ പി മുരളീധരൻ
അതുകേട്ടിട്ട് അർഥമൊന്നും മനസ്സിലായില്ലെങ്കിലും കള്ള് കുടിക്കാന്‍ കൂടിയവര്‍ ബാര്‍ബോസ തുള്ളുന്നതിന് അനുസരിച്ച് അരക്കെട്ട് കുലുക്കിക്കൊണ്ട് തുള്ളി. അതിലൊരാള്‍ ബാര്‍ബോസ പാടിയ താളത്തില്‍ പുതിയൊരു പാട്ട് ഉണ്ടാക്കുകയുമുണ്ടായി. ‘നായിന്റാ മോനേ...' എന്നതില്‍ തുടങ്ങി ‘നിന്റെ അമ്മേടെ...' എന്നതില്‍ അവസാനിക്കുന്ന തെറികള്‍ മാത്രം നിറഞ്ഞ പാട്ടായിരുന്നു അത്. ആ പാട്ട് ബാര്‍ബോസയ്‌ക്ക് വല്ലാതെ ഇഷ്ടപ്പെടുകയും അയാളത് കാണാതെ പഠിക്കുകയുമുണ്ടായി. അയാള്‍ പാടുന്നത് കേട്ട് ആളുകള്‍ വയറ് വേദനിക്കുന്നത് വരെ ചിരിച്ചു. അതോടെ ബാര്‍ബോസ അവര്‍ക്ക് അവരില്‍ ഒരാളായി.
ആടിയും പാടിയും അവശനായി തേങ്ങ വീഴുമോയെന്ന പേടിയില്‍ തെങ്ങിന്റെ കീഴില്‍ കുണ്ടിയുറപ്പിക്കാതെ ചാരിയിരുന്ന ബാര്‍ബോസയോട് തെങ്ങ് ചതിക്കില്ലെന്ന് കോടോത്തെ രൈരുനായര്‍ എന്ന ജന്മി അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞു. ആശ്വാസത്തോടെ രൈരുനായര്‍ക്ക് ഹസ്‌തദാനം നല്‍കി അയാള്‍ തെങ്ങിലേക്ക് ലഹരിയുടെ തല ചായ്ച്ചു. ഹസ്‌തദാനത്തില്‍ ഹര്‍ഷപുളകിതനായ രൈരുനായര്‍ തെങ്ങിന്റെ കഥ അയാള്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‌തു. അതിങ്ങനെയായിരുന്നു.
‘‘വര്‍ഷങ്ങള്‍ക്ക് മുമ്പ് കടപ്പുറത്ത് ഒരു മുക്കുവന്‍ പാര്‍ത്തിരുന്നു. മുക്കുവനായിട്ടും മീന്‍ പിടിക്കാന്‍ അയാള്‍ക്ക് കഴിവില്ലായിരുന്നു. ആളുകള്‍ അയാളെ എന്നും പരിഹസിക്കും. മുക്കുവന് വിഷമമായി. എങ്ങനെയെങ്കിലും മീന്‍ പിടിക്കണമെന്ന വാശിയില്‍ മുക്കുവന്‍ കാട്ടിലെ ഒരു മാന്ത്രികന്റെ അടുത്തുപോയി. ചില മന്ത്രങ്ങളൊക്കെ പഠിച്ച് അയാള്‍ നാട്ടിലേക്ക് തിരിച്ചുവന്നു.
ആരുമില്ലാത്ത ഒരു നേരത്ത് മുക്കുവന്‍ കടല്‍ക്കരയില്‍ വന്നു. മന്ത്രവാദി പഠിപ്പിച്ച മന്ത്രവാദത്താല്‍ സ്വന്തം തല ശരീരത്തുനിന്ന് അയാള്‍ വേര്‍പെടുത്തി. ആരും കാണാത്തൊരിടത്ത് തല ഒളിപ്പിച്ച് അയാള്‍ കടലിലേക്ക് ഒറ്റച്ചാട്ടം!
തലയില്ലാതെ നീന്തിവരുന്ന മനുഷ്യനെക്കണ്ട് മീനുകള്‍ക്ക് ആകെ അത്ഭുതമായി.
അങ്ങനെയൊന്ന് അവര്‍ മുമ്പ് കണ്ടിട്ടില്ലല്ലോ..!
മീനുകളെല്ലാം അയാളെ പൊതിഞ്ഞു. കുഞ്ഞുമീനുകള്‍ അയാളുടെ കഴുത്തിലെ ദ്വാരത്തിലൂടെ ശരീരത്തിലേക്ക് കയറി.
ഈ തക്കം നോക്കി മുക്കുവന്‍ വേഗം നീന്തി കരയിലെത്തി. ശരീരത്തിനുള്ളില്‍ കടന്ന മീനുകളെയെല്ലാം പുറത്തേക്കിട്ടിട്ട് വെച്ചയിടത്തുനിന്ന് തല എടുക്കുകയും പഴയതുപോലെ കഴുത്തില്‍ വെച്ചടയ്‌ക്കുകയും ചെയ്‌തു. അതിന് ശേഷം മത്സ്യങ്ങളെയും കൊണ്ട് അയാള്‍ നാട്ടിലെത്തി. നാട്ടുകാര്‍ക്ക് അത്ഭുതമായി.
‘സ്വന്തമായി ഒരു വലപോലുമില്ലാത്തവനാ... ഇവനെങ്ങനെ ഇത്രയും മീനിനെ പിടിച്ചു!'
അവര്‍ രഹസ്യമറിയാന്‍ കുറേ ശ്രമിച്ചു.
മുക്കുവന്‍ ഒന്നും വെളിപ്പെടുത്തിയില്ല.

ഒരു ദിവസം മുക്കുവന്‍ മീന്‍ പിടിക്കാന്‍ പോകവെ ഒരു കുട്ടി അയാളറിയാതെ പിന്തുടര്‍ന്നു. കടപ്പുറത്തെത്തിയ അയാള്‍ പതിവുപോലെ തല എടുത്തുമാറ്റിയശേഷം കടലിലേക്ക് തുള്ളി. കുട്ടി അത്ഭുതപ്പെട്ടുപോയി. അവന്‍ ഉടന്‍തന്നെ മുക്കുവന്റെ തലയുമെടുത്ത് നാട്ടിലേക്കോടി. മുക്കുവന്റെ തലയ്‌ക്ക് നല്ല കനമായിരുന്നു, കുറച്ച് ദൂരം ഓടിയപ്പോള്‍ തന്നെ അവന്‍ തളര്‍ന്നു. വേറെ വഴിയില്ലാതെ മുക്കുവന്റെ തല കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കുട്ടി നാട്ടിലേക്ക് പാഞ്ഞു. മീനുകളെയുംകൊണ്ട് കരയിലെത്തിയ മുക്കുവന്‍ തന്റെ തല എല്ലായിടത്തും നോക്കി. കുറേനേരം അന്വേഷിച്ചിട്ടും കാണാതെയായപ്പോള്‍ അയാള്‍ കടലിലേക്ക് ചാടി, ഒരു മീനായി മാറി. അപ്പോഴേക്കും നാട്ടുകാരുമായി കുട്ടി കുറ്റിക്കാട്ടിലെത്തിയിരുന്നു. എന്നാല്‍ മുക്കുവന്റെ തല കുറ്റിക്കാട്ടില്‍ കിടന്ന് മുളച്ച്, ഒറ്റത്തടിയുള്ള ഒരു മരമായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ ഫലങ്ങള്‍ക്കെല്ലാം മനുഷ്യന്റെ മുഖം പോലെ കണ്ണും വായുമുണ്ടായി! അതാണ് തെങ്ങ്..!’’
രൈരുനായരുടെ കഥ കേട്ട് തേങ്ങ ചിരവുന്ന ഒച്ചയില്‍ ബാര്‍ബോസ കുറേനേരം ചിരിക്കുകയും തെങ്ങിനെ മനുഷ്യനെന്ന പോലെ കെട്ടിപ്പിടിക്കുകയുമുണ്ടായി. മലബാറിലെ ജീവിതത്തെക്കുറിച്ച് ബാര്‍ബോസ എഴുതിയതില്‍ കള്ളിന്റെ നാടിനൊപ്പം കള്ളിന്റെയും അനുഭവം ഉണ്ടായിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
‘Passing by the two places mentioned above, we come upon a great and very beautiful river, which flows into the sea. Near the coast, towards the south, lies a large town called Mangalor, inhabited by both Moors and Heathens of the aforesaid kingdom of Narsinga. Many ships load cargoes of black rice here, which is better and more wholesome than white rice, and can be obtained at a low price. Cargoes of this rice are also carried by many Moorish ships to Adem, along with pepper — which this region begins to produce, though only in small quantities. This pepper is considered superior to any other kind and is transported by the Malabaris in small boats. The river itself is pleasant and beautiful, lined with groves of coconut palms and surrounded by dense populations of Heathens and Moors. There are elegant buildings and many large, wealthy places of worship belonging to the Heathens, which generate significant revenue. Numerous mosques can also be found here, where they worship their Macometto (Muhammad). Hre is a special tree here, known as Cocos nucifera, commonly called Thengu. It is remarkable, as it yields a drink called Kallu, which is delicious and refreshing. Drinking it brings me great joy.'
ആദ്യമായി കള്ള് കുടിച്ച രാത്രിയില്‍ സന്തോഷംകൊണ്ട് ഇരിക്കാന്‍ കഴിയാതെ കിടക്കാനൊരുങ്ങവെ കറുപ്പിന്റെ പെട്ടിയില്‍ ഉറക്കം കിട്ടാതെ വട്ടം കറങ്ങിക്കളിക്കുന്ന നാബിയയെ ബാര്‍ബോസ കാണുകയും സ്‌നേഹം തോന്നി ‘നീ ഈ കള്ളന്മാരുടെ നാട് കണ്ടിട്ട് വാ...' എന്ന് കള്ളിനെ ഉദ്ദേശിച്ച്, ഒരു തുള്ളി അതിന്റെ നാവില്‍ തൊട്ടനുഗ്രഹിച്ച് കപ്പലില്‍ നിന്നിറക്കുകയും ചെയ്‌തു. നാബിയ കടപ്പുറത്തേക്ക് നടക്കുന്നതും നോക്കിക്കൊണ്ട് അയാള്‍ കുടിയന്മാരുടെ പാട്ട് ഓര്‍മയില്‍നിന്ന് ഉച്ചരിക്കാന്‍ ശ്രമിച്ചു. ഒന്നും കൃത്യമായി കിട്ടിയില്ലെങ്കിലും ‘ഞാനൊരു വളിയന്‍... വെറും വേട്ടാവളിയാന്‍...' എന്ന വരികള്‍ മാത്രം അയാളുടെ മനസ്സില്‍ വന്നു. കണ്ണ് ചിമ്മുന്നത് വരെ അയാള്‍ തൊണ്ട പൊട്ടുന്ന ഒച്ചത്തില്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു:
‘ഞാനൊരു വളിയന്‍... വെറും വേട്ടാവളിയാന്‍...'.(തുടരും)
* മരിച്ചാലും ധീരതയോടെ മരിക്കുക. പേടിക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല...









0 comments